Canva/AdobeStocks
Economy

ലാഭമെടുക്കല്‍ തകൃതി, സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, 80 രൂപ കുറഞ്ഞു, ഇന്നത്തെ ആഭരണ വിലയിങ്ങനെ

ഓണക്കാലത്ത് മികച്ച വില്‍പ്പന പ്രതീക്ഷിച്ച സ്വര്‍ണ വ്യാപാരികള്‍ക്ക് ഉയര്‍ന്ന വില വലിയ തിരിച്ചടിയായി

Dhanam News Desk

റെക്കോഡ് തിരുത്തിയ ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,935 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 79,840 രൂപയുമായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 8,160 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,355 രൂപയും 9 കാരറ്റ് ഗ്രാമിന് 4,100 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 133 രൂപ.

അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതും ലാഭമെടുക്കല്‍ വര്‍ധിച്ചതുമാണ് സ്വര്‍ണവില താഴ്ത്തിയത്. ഡോളര്‍ സൂചിക 0.20 ശതമാനം വര്‍ധിച്ചതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് വിലയേറിയതാക്കി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. വിലയും താഴേക്കിറങ്ങി. യു.എസ് ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലെത്തിയിരുന്നു. യു.എസ് തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചത് പോലെ ഉയരാത്തതും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതും ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യതകള്‍ ഇരട്ടിയാക്കി. തൊഴില്‍ കണക്കുകളിലെ കുറവ് യു.എസില്‍ പുതിയ നിയമനങ്ങള്‍ ഇല്ലാത്തതിന്റെയും ബിസിനസുകളെ ബാധിച്ച മാന്ദ്യത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളും ഫെഡ് നിരക്ക് മാറ്റത്തെ സ്വാധീനിക്കും. അമേരിക്കന്‍ ബോണ്ടുകളുടെ മേലുള്ള പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകും. ഇത് സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതിനൊപ്പം താരിഫ് വിഷയത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതും വില വര്‍ധനവിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,840 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 86,400 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

ഓണക്കാലത്ത് മികച്ച വില്‍പ്പന പ്രതീക്ഷിച്ച സ്വര്‍ണ വ്യാപാരികള്‍ക്ക് ഉയര്‍ന്ന വില വലിയ തിരിച്ചടിയായിരുന്നു. ബോണസും ശമ്പളവുമെല്ലാം ലഭിക്കുന്ന മാസമായതിനാല്‍ മിക്കവരും ചെറിയ തോതിലെങ്കിലും സ്വര്‍ണം വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇക്കുറി റെക്കോഡ് വിലയായതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണം വാങ്ങുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിലെങ്കിലും മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Check the latest gold price today in Kerala. Find updated rates per gram and per sovereign, along with insights on trends in the bullion market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT