സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും റെക്കോഡില്‍. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,390 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 400 രൂപ വര്‍ധിച്ച് 91,120 രൂപയുമായി.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമന് 40 രൂപ വര്‍ധിച്ച് 9,365 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,285 രൂപയും 9 കാരറ്റ് 4,690 രൂപയിലുമാണ് വ്യാപാരം. ഇന്ന് വെള്ളി വിലയിലും കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 8 രൂപ വര്‍ധിച്ച് 175 രൂപയാണ് ഇന്നത്തെ വില.
ചൈനക്ക് മേല്‍ പുതിയ താരിഫ് ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് സ്വര്‍ണവില പിടിവിട്ട് കുതിക്കാനുള്ള കാരണം. രണ്ടാഴ്ചക്ക് ശേഷം ദക്ഷിണ കൊറിയയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഷീ ജിന്‍ പിംഗിനെ കാണേണ്ടതില്ലെന്നും ചൈനക്കെതിരെ കൂടുതല്‍ തീരുവ ചുമത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്താനുള്ള ഒരുക്കത്തിലാണ് യു.എസെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ പറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില പിടിവിട്ട് കുതിച്ചു. ട്രോയ് ഔണ്‍സിന് 4,017 ഡോളറെന്ന നിലയിലാണ് നിലവിലെ സ്വര്‍ണ വില. ഇന്നലെ 4,000 ഡോളറിന് താഴെ എത്തിയ ശേഷമാണ് തിരിച്ചുകയറ്റമെന്നതും ശ്രദ്ധേയം.
യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് വീണ്ടും ഇടിഞ്ഞതോടെ വിദേശ കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമായി. ഇതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുമെത്തി. അതേസമയം, ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധി, അമേരിക്കയിലെ ഷട്ട്ഡൗണ്‍ തുടങ്ങിയ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുമുണ്ട്. യു.എസ് ഫെഡ് റിസര്‍വ് ഒക്ടോബറിലും ഡിസംബറിലും 25 ബേസിസ് പോയിന്റ് വീതം പലിശ നിരക്ക് കുറക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നുണ്ട്.
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്ക് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,600 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine