gold merchants Image courtesy : AdobeStocks
Economy

സ്വര്‍ണത്തിന് മനംമാറ്റം! ഇന്ന് വിലയില്‍ കുറവ്, യു.എസിലെ സൂചനകള്‍ പൊന്നിനെ പുതിയ ഉയരത്തിലെത്തിക്കുമെന്ന് വിദഗ്ധര്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന് കരുതപ്പെടുന്ന യു.എസ് ബോണ്ടുകളുടെ പലിശ കുറയുന്നതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ പവന് 92,600 രൂപയില്‍ നിന്നാണ് തിരിച്ചിറക്കം.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,370 രൂപയിലെത്തി. ഒരു പവന് 58,960 രൂപയാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,370 രൂപയിലും 9 കാരറ്റിന് 4,755 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 163 രൂപ.

വില പുതിയ ഉയരങ്ങളിലെത്തും

യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഇക്കൊല്ലം വീണ്ടും യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതും കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ഷട്ട്ഡൗണ്‍ അവസാനിച്ച ശേഷം പുറത്തുവരുന്ന തൊഴില്‍ കണക്കുകളില്‍ പലിശ നിരക്ക് കുറക്കുന്നതിനെ പിന്തുണക്കുന്ന സൂചകങ്ങള്‍ ഉണ്ടാകുമെന്നാണ് വിപണി കരുതുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനിന്ന യു.എസ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ തിങ്കളാഴ്ചയാണ് സെനറ്റ് തീരുമാനിച്ചത്.

ആഴ്ചകളോളം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ആയിരക്കണക്കിന് യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങി. ഇത് യു.എസ് സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ ദോഷമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് വിപണി. ഇതോടെ യു.എസ് ഫെഡ് പലിശ 25 ബേസിസ് പോയിന്റ് കുറക്കാന്‍ 68 ശതമാനം സാധ്യതയുണ്ടെന്നും വിപണി കരുതുന്നു. ചിലപ്പോള്‍ ഇത് 50 ബേസിസ് പോയിന്റ് ആയിരിക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന് കരുതപ്പെടുന്ന യു.എസ് ബോണ്ടുകളുടെ പലിശ കുറയുന്നതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ഇത് വിലയിലും കാര്യമായ മാറ്റമുണ്ടാക്കും.

ആഭരണവില

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് കുറഞ്ഞത് 99,599 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടുത്തിയ വിലയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി കുറയാനോ കൂടാനോ സാധ്യതയുണ്ട്. ഇത് വിലയിലും പ്രതിഫലിക്കുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT