സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 11,715 രൂപയിലെത്തി. പവന് 1,680 രൂപ വര്‍ധിച്ച് 93,720 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്കയില്‍ നാളുകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചതോടെ യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതാണ് വില ഇത്രയും കൂടാന്‍ കാരണം. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും കൂടിയ സ്വര്‍ണവില.
ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപ വര്‍ധിച്ച് 9,635 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,505 രൂപയും 9 കാരറ്റിന് 4,845 രൂപയുമാണ് വില. വെള്ളി വിലയിലും കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 7 രൂപ വര്‍ധിച്ച് 172 രൂപയാണ് വില.
ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണ പ്രതിസന്ധി അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സെനറ്റ് തീരുമാനിച്ചത്. ഏറെ വൈകിയ യു.എസിലെ തൊഴില്‍, സാമ്പത്തിക കണക്കുകളും അധികം വൈകാതെ പുറത്തുവരും. ഇക്കൊല്ലം ഒരു തവണ കൂടി പലിശ നിരക്ക് കുറക്കാനുള്ള സൂചനകള്‍ ഈ കണക്കുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതോടെ ഡോളറിന്റെ വിനിമയ നിരക്ക് ഗണ്യമായി കുറഞ്ഞു. ഫെഡ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടി കുതിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
കഴിഞ്ഞ മാസം സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരുന്നു. എന്നാല്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതോടെ വില കൂപ്പുകുത്തി. ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിക്ക് ആശ്വാസമാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2.43 ശതമാനം ഉയര്‍ന്ന് 4,209 ഡോളറെന്ന നിലയിലാണ് സ്വര്‍ണവില. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ മാസവും ചൈനീസ് കേന്ദ്രബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും വില വര്‍ധിക്കാന്‍ ഇടയാക്കിയെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള വില വീണ്ടും ഒരുലക്ഷം രൂപ കടന്നു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,01,411 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine