രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവിലയാണിത്. ഈ മാസം 17നും സമാന വില രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളറും കടന്ന് കുതിച്ചതോടെയാണ് മാറ്റം.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,800 രൂപയും 9 കാരറ്റിന് 5,030 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 180 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ഒക്ടോബറിലും ഡിസംബറിലും യു.എസ് ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിക്കും. വിലയും ഉയരാനുള്ള സാഹചര്യമുണ്ടാകും. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസ് ഉപഭോക്തൃ വിലസൂചികയും സ്വര്‍ണവില വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നാണ് കരുതുന്നത്. അതിനിടെ യു.എസിലെ ഷട്ട്ഡൗണ്‍ 20 ദിവസങ്ങള്‍ പിന്നിട്ടു. തുടര്‍ച്ചയായ പത്താം തവണയും ചെലവിടല്‍ ബില്‍ പാസാക്കാന്‍ യു.എസ് സെനറ്റിന് കഴിഞ്ഞിട്ടില്ല. ഷട്ട്ഡൗണിന് പരിഹാരമില്ലാതെ തുടരുന്നത് പല കണക്കുകളും പുറത്തുവരാന്‍ വൈകിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പും പ്രകടമാണ്. കഴിഞ്ഞ ദിവസം ഔണ്‍സിന് 4,381 ഡോളര്‍ വരെ എത്തിയ സ്വര്‍ണം നിലവില്‍ 4,343 ഡോളറെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ വാങ്ങാന്‍ ഇതുപോര. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,350 രൂപയെങ്കിലുമാകും. ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് വിലയിലും കാര്യമായ മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine