കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണം. ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയിലെത്തി. പവന് 1,000 രൂപ കുറഞ്ഞ് 74,040 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 75,040 രൂപയായിരുന്നു സ്വര്‍ണത്തിന്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3,810 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 125 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്.
റെക്കോര്‍ഡ് വില രേഖപ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് സജീവമായതാണ് വില കുറയാനുള്ള പ്രധാന കാരണായി പറയുന്നത്. ഇതിനൊപ്പം യു.എസ് തീരുവ യുദ്ധത്തിന് അയവുണ്ടാകുമെന്ന സൂചനകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നത് സ്വര്‍ണ വില വര്‍ധിക്കാനുള്ള അനുകൂല ഘടകമാണ്. ഡോളര്‍ ഇന്‍ഡെക്‌സ് രണ്ടാഴ്ച്ചത്തെ കുറഞ്ഞ നിരക്കായ 97.11ലേക്ക് താഴ്ന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ അനായാസമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം യു.എസും ജപ്പാനും തമ്മില്‍ വ്യാപാര കരാറിലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായി 15 ശതമാനം താരിഫ് നിശ്ചയിച്ചുകൊണ്ടുള്ള കരാറില്‍ ഉടന്‍ ഒപ്പിടുമെന്നും വാര്‍ത്തകള്‍ പറയുന്നു. കരാറിലെത്താന്‍ ഇന്ത്യയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുമായി അദ്ദേഹം സ്വതന്ത്ര്യ വ്യാപാര കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ക്കിടയിലും നിക്ഷേപകര്‍ കാത്തിരിക്കുന്നത് യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ പലിശ തീരുമാനത്തിനാണ്. അടുത്ത ആഴ്ച പുറത്തുവരുന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയവും സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
തീരുവ വിഷയത്തിലെ അവസാന തീയതി അടുക്കുന്നതും പ്രധാന കേന്ദ്രബാങ്കുകള്‍ പലിശ നിരക്കും കണക്കിലെടുത്ത് കുറച്ച് കാലത്തേക്ക് കൂടി സ്വര്‍ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. സ്വര്‍ണത്തില്‍ ലാഭമെടുപ്പ് തുടരുന്നത് ഡിമാന്‍ഡ് കുറക്കാനും സ്വര്‍ണവില ഇനിയും കുറയാനും സാധ്യതയുണ്ടെന്നും ചില വിദഗ്ധര്‍ പറയുന്നു. വില വര്‍ധിക്കാന്‍ വിപണിക്ക് പുതിയ സംഭവവികാസങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine