image credit : canva canva
Economy

രാവിലെ കുറച്ചത് ഉച്ചക്ക് കൂട്ടി! സ്വര്‍ണത്തിന് ഇതെന്ത് പറ്റി? 'സമ്മര്‍ദ്ദ വാദങ്ങളെ' തകര്‍ത്തെറിഞ്ഞ് സ്വര്‍ണക്കുതിപ്പ്

ഗാസ കരാര്‍ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നഷ്ടമാക്കിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

Dhanam News Desk

സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ വൈകുന്നേരം വര്‍ധന. രാവിലെ ഗ്രാമിന് 170 രൂപ കുറഞ്ഞെങ്കില്‍ വൈകുന്നേരം 130 രൂപ വര്‍ധിച്ചു. ഗ്രാമിന് 11,340 രൂപയിലാണ് ഇനിയുള്ള വ്യാപാരം. പവന്‍ വില 1,040 രൂപ വര്‍ധിച്ച് 90,720 രൂപയായി. രാവിലെ പവന് 89,680 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9,325 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,275 രൂപയും 9 കാരറ്റിന് 4,670 രൂപയുമാണ് വില. വെള്ളി വിലയിലും കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 167 രൂപയായി. രാവിലെ വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 162 രൂപയിലെത്തിയിരുന്നു.

കുതിപ്പിന് കാരണം

ഹമാസ്-ഇസ്രയേല്‍ വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയും ലാഭമെടുക്കല്‍ വര്‍ധിച്ചതുമാണ് രാവിലെ സ്വര്‍ണ വില ഇടിയാന്‍ കാരണം. ഔണ്‍സിന് 4,000 ഡോളറിന് മുകളില്‍ ഉയര്‍ന്ന സ്വര്‍ണം സമ്മര്‍ദ്ദത്തിലേക്ക് മാറുമെന്നും വില ഇനിയും കുറയുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഗാസ കരാര്‍ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നഷ്ടമാക്കിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്കും ഇതിനിടയില്‍ കുറഞ്ഞു. യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന സൂചനകള്‍, യു.എസ് ഷട്ട് ഡൗണ്‍, യൂറോപ്പിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയും സ്വര്‍ണത്തിന് അനുകൂലമാണ്. സ്വര്‍ണത്തിലെ നിക്ഷേപവും ഇതോടെ വര്‍ധിച്ചു. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വില 36 ഡോളറിന്റെ വര്‍ധനയോടെ 3,997 ഡോളറിലാണ് നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് സൂചനകള്‍.

ആഭരണം വാങ്ങാന്‍

വൈകുന്നേരത്തിന് ശേഷം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 97,167 രൂപയെങ്കിലും നല്‍കേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത തുകയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT