canva and chatgpt
Economy

സ്വര്‍ണത്തിന് ചൊവ്വാഴ്ചക്കുതിപ്പ്! 840 രൂപയുടെ വര്‍ധന, ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?

യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്ന് നടത്തുന്ന പ്രഭാഷണവും ജൂലൈ 24ന് യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനവുമാണ് ഇനി വിപണി കാത്തിരിക്കുന്നത്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9,285 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 74,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,615 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു

അതേസമയം, ലാഭമെടുപ്പിനെ തുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം.സി.എക്‌സ്) ഇന്ന് സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴോട്ടാണ്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെയാണ് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് സജീവമായത്. എന്നാല്‍ യു.എസ് തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകാതെ തുടരുന്നത് സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിറുത്തിയിട്ടുണ്ട്. യു.എസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാര്‍ സ്വര്‍ണവില വീണ്ടും ഉയര്‍ത്തുമെന്ന ചര്‍ച്ചകളും വിപണിയില്‍ സജീവമാണ്. യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്ന് നടത്തുന്ന പ്രഭാഷണവും ജൂലൈ 24ന് യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനവുമാണ് ഇനി വിപണി കാത്തിരിക്കുന്നത്.

ജെറോം പവലും ഗവര്‍ണര്‍ മൈക്കല്‍ ബോമാനും നടത്തുന്ന പ്രഭാഷണത്തിലൂടെ അമേരിക്കന്‍ പലിശ നിരക്കിലെ മാറ്റത്തെ സംബന്ധിച്ചുള്ള സൂചന ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കും. എന്നാല്‍ അടുത്ത കാലത്തൊന്നും സ്വര്‍ണവിലയിലെ ചാഞ്ചാട്ടം കുറയാനുള്ള സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74,280 രൂപയാണ് വിലയെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍, നികുതി എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,387 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും വിലയിലും മാറ്റമുണ്ടാകും. വിവാഹ സീസണ്‍ അടുത്തിരിക്കെ കല്യാണ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT