gold investmrnt 
Economy

രാവിലെ കൂടിയത് ഉച്ചക്ക് കുറഞ്ഞു! ഒരു പവനില്‍ 1,600 രൂപയുടെ മാറ്റം, ഉച്ചക്ക് ശേഷമുള്ള സ്വര്‍ണവില ഇങ്ങനെ

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയും ആഗോളതലത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളും സ്വര്‍ണവില ഉയരാന്‍ അനുകൂല ഘടകങ്ങളാണ്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലെത്തി. 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും വര്‍ധിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണത്തിന്റെ ലാഭമെടുപ്പ് ശക്തമായതോടെ വില ഇടിയുകയായിരുന്നു.

കനം കുറഞ്ഞ സ്വര്‍ണാഭരണം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 155 രൂപ കുറഞ്ഞ് 9,850 രൂപയിലാണ് 18 കാരറ്റിന്റെ വ്യാപാരം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,680 രൂപയും 9 കാരറ്റ് 4,950 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 180 രൂപയില്‍ തന്നെയാണ് വ്യാപാരം.

എന്താണ് കാരണം

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം ഔണ്‍സിന് 4,381 ഡോളര്‍ വരെ എത്തിയിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. എന്നാല്‍ സ്വര്‍ണത്തില്‍ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിടുക്കം കാട്ടിയതോടെ വില കുത്തനെ ഇടിഞ്ഞു. രാവിലെ ഔണ്‍സിന് 4,340 എന്ന നിലയിലായിരുന്നു സ്വര്‍ണം. നിലവില്‍ 1.6 ശതമാനം നഷ്ടത്തില്‍ 4,273 ഡോളറെന്ന നിലയിലാണ് അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം. ഇതോടെ സംസ്ഥാനത്തും സ്വര്‍ണവില കുറയുകയായിരുന്നു.

എത്ര കുറയും

അതേസമയം, സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാകുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല. കുറച്ച് ആഴ്ചകളായുള്ള വാങ്ങലിന് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കുമ്പോഴുള്ള സാങ്കേതിക പരമായ തിരുത്തലാണ് ഇപ്പോള്‍ നടക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയും ആഗോളതലത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളും സ്വര്‍ണവില ഉയരാന്‍ അനുകൂല ഘടകങ്ങളാണെന്നും വിദഗ്ധര്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനുള്ള യു.എസ് പണപ്പെരുപ്പ കണക്കുകളും നിര്‍ണായകമാകും.

ആഭരണത്തിന് എത്രയാകും

ഉച്ചക്ക് ശേഷം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1,03,620 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താണിത്. 10 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ വില 1,08,550 രൂപയെങ്കിലുമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT