ആഗോള 'പ്രശസ്തി' നേടി കേരളത്തിലെ ഹർത്താലുകൾ. അങ്ങ് സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വരെ സംസ്ഥാനത്തെ ഹർത്താൽ ചർച്ചാ വിഷയമായി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സി.ഐ.ഐ.) കോട്ടക് മഹീന്ദ്ര ബാങ്കും സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് വിഷയം പൊങ്ങിവന്നത്. ലോകത്തിലെ വ്യവസായ-സാമ്പത്തിക മേഖലയിലെ പ്രമുഖർ ഇതിൽ പങ്കെടുത്തിരുന്നു.
വ്യവസായിയും സി.ഐ.ഐ. ഗൾഫ് കമ്മിറ്റി ചെയർമാനുമായ എം.എ. യൂസഫലി കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദമാക്കുന്നതിനിടയിലാണ് ഹർത്താലുകളെ സംബന്ധിക്കുന്ന ചോദ്യം ഉയർന്നത്. അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ കാരണം കേരളം നിക്ഷേപകരെ എങ്ങനെയാണ് ആകർഷിക്കുകയെന്നായിരുന്നു ചോദ്യം.
കേരളത്തിൽ ഹർത്താലുകൾ യാഥാർഥ്യമാണെന്നും ഇപ്പോൾ ഹർത്താലുകൾക്കെതിരെയുള്ള മനോഭാവമാണ് പൊതുസമൂഹത്തിനുള്ളതെന്നും യൂസഫലി വിശദീകരിച്ചു.
കേരളത്തിൽ നടന്നുവരുന്ന ഹർത്താൽ മൂലം ആഗോള നിക്ഷേപകർ സംസ്ഥാനത്തെത്താൻ വിമുഖത കാട്ടുമെന്നും ഇത് വിനോദസഞ്ചാര മേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ചർച്ചയിൽ പലരും ഉന്നയിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാകാൻ കേരളം നടപടികൾ എടുക്കുന്നുണ്ടെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നിക്ഷേപകർക്ക് അനുകൂലമാണെന്നും യൂസഫലി പറഞ്ഞു.
ഏറ്റവും മികച്ച മാനവവിഭവ ശേഷി ലഭ്യമായ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്ത്, സി.ഐ.ഐ. ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി (ഡി.ഐ.പി.പി.) സെക്രട്ടറി രമേഷ് അഭിഷേക് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine