Economy

കെ ഹോംസ് 'വിപ്ലവം' സൃഷ്ടിക്കുമോ? സീനിയര്‍ സംരംഭകത്വം ക്ലിക്കായാല്‍ ഒരു വെടിക്ക് രണ്ടുപക്ഷി!

രണ്ട് രീതിയില്‍ ഈ പദ്ധതി ഗുണം ചെയ്യും. ആദ്യത്തേത് വീട്ടുടമസ്ഥര്‍ക്ക് വലിയ റിസ്‌ക്കില്ലാതെ വരുമാന മാര്‍ഗം തുറന്നുകിട്ടുന്നുവെന്നതാണ്

Lijo MG

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ രണ്ട് പ്രധാന പ്രഖ്യാപനങ്ങളാണ് കെ ഹോംസും മുതിര്‍ന്ന പൗരന്മാരുടെ സംരംഭകത്വ പ്രോത്സാഹന പദ്ധതിയും. പ്രായമാകുന്ന സമൂഹവും നാടുവിടുന്ന യുവത്വവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന മലയാളനാട്ടില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളിലേക്ക് കടക്കാന്‍ ധനമന്ത്രി ശ്രമിച്ചുവെന്നത് ശ്രദ്ധേയമാണ്.

ആള്‍താമസമില്ലാതെ കേരളത്തില്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം ലക്ഷത്തിനു മുകളിലാണെന്ന കണക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കെ ഹോംസ് പോലെയുള്ള ആശയങ്ങളുടെ പ്രസക്തിയേറുകയാണ്.

കെ ഹോംസ് ചലനമുണ്ടാക്കുമോ?

ടൂറിസം കേന്ദ്രങ്ങളോട് അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകളെ ഉള്‍പ്പെടുത്തി പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് ബാലഗോപാല്‍ ലക്ഷ്യംവയ്ക്കുന്നത്. കുമരകം, മൂന്നാര്‍, കൊച്ചി മുസരീസ് മേഖല എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടത്തിപ്പിനായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള രീതിയാണിത്.

ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളില്‍ ടൂറിസ്റ്റുകള്‍ക്ക് ചെറിയ ബജറ്റില്‍ താമസസൗകര്യമൊരുക്കും. രണ്ട് രീതിയില്‍ ഈ പദ്ധതി ഗുണം ചെയ്യും. ആദ്യത്തേത് വീട്ടുടമസ്ഥര്‍ക്ക് വലിയ റിസ്‌ക്കില്ലാതെ വരുമാന മാര്‍ഗം തുറന്നുകിട്ടുന്നുവെന്നതാണ്. അതിനേക്കാളുപരി വീടും പരിസരവും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും. പൂട്ടിക്കിടക്കുന്ന വീടുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് തടയാം.

രണ്ടാമത്തെ നേട്ടം കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ടാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തോന്നിയ നിരക്കിലാണ് മുറിവാടക ഈടാക്കുന്നത്. കൂടുതല്‍ ലഭ്യത ഉണ്ടാകുന്നതോടെ മുറിവാടക അടക്കം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ടൂറിസം രംഗത്തെ അനാവശ്യ പ്രവണതകള്‍ തടയാനും ഇതുവഴി സാധിക്കും.

മുതിര്‍ന്ന സംരംഭകര്‍

പ്രായമായവരുടെ എണ്ണം ഉയരുന്ന ഘട്ടത്തിലാണ് കേരളം ഇപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി മുതിര്‍ന്നവരെ സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഇറക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 40 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനമാണ് കേരളം. ഇതില്‍ ആറുലക്ഷത്തിലധികം പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പെന്‍ഷന്‍ വാങ്ങുന്നവരാണെന്നാണ് കണക്ക്.

ഇത്തരം മുതിര്‍ന്ന പൗരന്മാരെ സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ പ്രോത്സാഹനം നല്‍കുന്നത് അവരുടെ മാനസിക ശാരീരിക ഉന്നതിയ്ക്ക് ഗുണകരമാണ്. മാത്രമല്ല, വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം ഇറങ്ങുന്നതിനും ചെറുകിട മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും സാധിക്കും. എന്നിരുന്നാല്‍ തന്നെയും ഏതുരീതിയില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയവും പരാജയവും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT