Canva
Economy

പഴയ കടം, പുതിയ കെണി; സംസ്ഥാന ഖജനാവിനെ വിറപ്പിച്ച് ₹48,733 കോടിയുടെ മുൻകാല ബാധ്യതകൾ; ബജറ്റിന് ഭീഷണി?

21,690 കോടി രൂപയുടെ ബാധ്യതകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ (2026-27) തന്നെ അടിയന്തരമായി കൊടുത്തുതീർക്കേണ്ടവയാണ്. സംസ്ഥാനത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങളെ എത്രത്തോളം ആഴത്തിൽ ഇത് ബാധിക്കുമെന്നതും ആശങ്കയോടെ ഉറ്റുനോക്കുന്നു

Pintu Prakash

മുൻകാലങ്ങളിൽ നിയമപരമായി നൽകേണ്ടിയിരുന്നതും എന്നാൽ വിതരണം ചെയ്യാതെ മാറ്റിവെച്ചതുമായ 48,733 കോടി രൂപയുടെ വൻ സാമ്പത്തിക ബാധ്യത, പുതിയതായി അധികാരം ഏറ്റെടുത്ത യു.ഡി.എഫ് സർക്കാരിന് നേരിടേണ്ടി വരുമെന്ന് ധവളപത്രത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള മൊത്തം മുൻകാല കുടിശിക, കേരളത്തിന്റെ മൊത്തം വാർഷിക അറ്റ കടമെടുപ്പ് പരിധിയോളം വലുതാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇതിൽ 21,690 കോടി രൂപയുടെ ബാധ്യതകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ (2026-27) തന്നെ അടിയന്തരമായി കൊടുത്തുതീർക്കേണ്ടവയാണ്. സംസ്ഥാനത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങളെ എത്രത്തോളം ആഴത്തിൽ ഇത് ബാധിക്കുമെന്നതും ആശങ്കയോടെ ഉറ്റുനോക്കുന്നു.

കുടിശിക: വിശദമായ കണക്കുകൾ

ജീവനക്കാരുടെ ആനുകൂല്യങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ, പൊതുമരാമത്ത് കരാറുകാരുടെ പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി കിടക്കുന്ന കുടിശികകൾ താഴെ പറയുന്ന പ്രകാരമാണ്.

വിഭാ​ഗംതുക
ഡി.എ കുടിശിക — സംസ്ഥാന ജീവനക്കാരും അധ്യാപകരും₹21,670 കോടി
ഡി.ആർ കുടിശിക — പെൻഷൻകാർ₹14,387 കോടി
ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം (ബാങ്കുകളും കരാറുകാരും)₹3,431 കോടി
സപ്ലൈകോ കുടിശിക₹2,893 കോടി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ക്ലെയിമുകൾ ₹2,017 കോടി
യു.ജി.സി ഡി.എ കുടിശിക (യൂണിവേഴ്സിറ്റി/കോളേജ് ജീവനക്കാർ) ₹1,500 കോടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു (2025-26) ₹1,982 കോടി
കെ.എം.എസ്.സി.എൽ ₹476 കോടി
പട്ടികജാതി/പട്ടികവർഗ്ഗ സ്കോളർഷിപ്പ് കുടിശിക ₹377 കോടി
ആകെ ₹48,733 കോടി

മറഞ്ഞിരിക്കുന്ന സാമ്പത്തിക—സാമൂഹിക അപകട സൂചനകൾ

ലഭ്യമായ വിവരങ്ങൾ പ്രകാരം, കൊടുത്തുതീർക്കാനുള്ള ഈ മുൻകാല കുടിശികകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ മാത്രമല്ല, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിയമപരമായി നൽകേണ്ട ഡി.എ/ഡി.ആർ ആനുകൂല്യങ്ങൾ യഥാസമയം നൽകാതിരുന്നതിലൂടെ കഴിഞ്ഞ കാലങ്ങളിൽ താത്കാലികമായി ചെലവുകൾ ചുരുക്കിക്കാണിക്കാനുള്ള ഒരു പ്രവണത തിരിച്ചറിയാനാകും.

ഇതിന്റെയൊക്കെ അനന്തരഫലമെന്നോണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ 2,017 കോടി രൂപയുടെ കുടിശിക കാരണം സാധാരണക്കാരായ രോഗികൾക്ക് ലഭിക്കേണ്ട ആരോഗ്യ സംരക്ഷണ ഫണ്ട് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അർഹമായ ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും പറയാം. അതുപോലെ ഭരണഘടനാപരമായി ഉറപ്പുനൽകിയിട്ടുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപയുടെ കുടിശിക വരുത്തിയത്, ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സമായിട്ടുണ്ട്. ഇത് ‌സാമൂഹിക നീതിയുടെ നിഷേധമായി വ്യാഖ്യാനിച്ചാലും തെറ്റുപറയാനാകില്ല.

അതേസമയം 2026 മെയ് 16-ന് ട്രഷറിയില്‍ ഉണ്ടായിരുന്ന നീക്കിബാക്കി 2,212 കോടി രൂപ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി മാത്രം പ്രതിമാസം ഏകദേശം 11,000 കോടി രൂപ ചെലവാകുമെന്നാണ് 2026-27 ബജറ്റിലെ കണക്ക്. ഈ പതിവു ചെലവുകളും കൂടിയാകുമ്പോൾ സർക്കാരിന് മേലുള്ള സാമ്പത്തിക ഭാരത്തിന്റെ കാഠിന്യം ഏറുകയാണ്.

ദീർഘകാല പ്രത്യാഘാതങ്ങൾ

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ഡിഎ കുടിശിക നൽകുമ്പോഴുള്ള വലിയ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ഈ കുടിശികകൾ തീർക്കാൻ സർക്കാർ ഒരു പ്രത്യേക സെറ്റിൽമെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത 4 വർഷങ്ങളിലായി 8 തുല്യ ഗഡുക്കളായിട്ടായിരിക്കും ഈ തുക സർക്കാർ ജീവനക്കാർക്ക് വിതരണം ചെയ്യുക. ഇതിനർത്ഥം മുൻ സർക്കാർ വരുത്തിവെച്ച ഈ കനത്ത സാമ്പത്തിക ബാധ്യതയുടെ നിഴൽ 2030 വരെ സംസ്ഥാന ഖജനാവിനെ വിടാതെ പിന്തുടരുമെന്നാണ്. ഇത് വരും വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന സമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നതാണ് പുതിയ സർക്കാരിനേയും കേരളത്തിന്റെ ഭാവിയേയും തുറിച്ചുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT