ആഗോള വ്യാപാര രംഗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കയറ്റുമതി സജ്ജത വിലയിരുത്തുന്ന നിതി ആയോഗിന്റെ നാലാമത് Export Preparedness Index (EPI) 2024-ല്‍ കേരളം വീണ്ടും 'ചലഞ്ചര്‍' (Challenger) വിഭാഗത്തില്‍. കയറ്റുമതിയില്‍ വളര്‍ച്ചാ സാധ്യതയുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളിലെയും നയനിര്‍വഹണത്തിലെയും ഘടനാപരമായ കുറവുകള്‍ സംസ്ഥാനത്തെ പിന്നോട്ടടിക്കുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തി.
2022-23 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളെ അടിസ്ഥാനമാക്കി 70 സൂചികകള്‍ ഉപയോഗിച്ചാണ് EPI 2024 തയ്യാറാക്കിയിരിക്കുന്നത്. നയ-ഭരണസംവിധാനം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ-ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം, യഥാര്‍ത്ഥ കയറ്റുമതി പ്രകടനം തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തിയത്.
കയറ്റുമതിക്ക് അനുകൂലമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും സേവനമേഖലയുടെ ശക്തിയും സംസ്ഥാനത്തിനുണ്ടെങ്കിലും, ലോജിസ്റ്റിക്സ് ശൃംഖല, ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) ആഗോള മൂല്യശൃംഖലയില്‍ ഫലപ്രദമായി ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയില്‍ കേരളം ഇപ്പോഴും പിന്നിലാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഫലത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പ്രവണതകളില്‍ നിന്ന് മാറ്റമില്ല. 2022-ല്‍ പുറത്തിറങ്ങിയ മൂന്നാം പതിപ്പ് സൂചികയില്‍ കേരളം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന പട്ടികയില്‍ 19-ാം സ്ഥാനത്തായിരുന്നു.
മഹാരാഷ്ട്രയും തമിഴ്‌നാടും മുന്നില്‍
2024-ലെ സൂചികയില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും മുന്‍നിര സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഗുജറാത്ത് അടുത്ത സ്ഥാനത്തുമുണ്ട്. തുറമുഖ അധിഷ്ഠിത വികസനം, കയറ്റുമതി വൈവിധ്യം, ജില്ലാതല കയറ്റുമതി ആക്ഷന്‍ പ്ലാനുകള്‍ തുടങ്ങിയ മേഖലകളില്‍ ഈ സംസ്ഥാനങ്ങള്‍ കൈവരിച്ച മുന്നേറ്റം അവരെ മുന്നില്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. തീരദേശ സംസ്ഥാനമായിട്ടും, ഈ മേഖലകളില്‍ കേരളം സമാനമായ വേഗത കൈവരിച്ചിട്ടില്ല.
കേരളത്തിലെ കയറ്റുമതി സാഹചര്യങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളുടെ കുറവ്, ഉയര്‍ന്ന ലോജിസ്റ്റിക്സ് ചെലവ്, പരിമിതമായ ഉല്‍പ്പന്ന വൈവിധ്യം എന്നിവയാണ്. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കയര്‍, ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇപ്പോഴും സംസ്ഥാന കയറ്റുമതിയുടെ അടിസ്ഥാനശക്തി. എന്നാല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും വന്‍തോതിലുള്ള നിര്‍മ്മാണത്തിന്റെയും അഭാവം കയറ്റുമതി വളര്‍ച്ചയെ നിയന്ത്രിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
നയപരമായ മുന്നറിയിപ്പും സാധ്യതകളും
EPI 2024 ചൂണ്ടിക്കാട്ടിയ കുറവുകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം. കയറ്റുമതി വൈവിധ്യം വര്‍ധിപ്പിക്കുക, പുതിയ വിപണികളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക, കയറ്റുമതിക്കാര്‍ക്ക് സ്ഥാപനാത്മക പിന്തുണ വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള പ്രധാന മേഖലകള്‍.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി ശേഷി ഉയര്‍ത്തുകയാണ് Export Preparedness Index-ന്റെ ലക്ഷ്യം. കേരളത്തിന്, 'ചലഞ്ചര്‍' വിഭാഗത്തിലെ ഈ സ്ഥാനം ഒരേസമയം മുന്നറിയിപ്പും അവസരവുമാണ് - വ്യക്തമായ നയവും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകാതെ പോയാല്‍, മുന്‍നിര സംസ്ഥാനങ്ങളുമായുള്ള അകലം കൂടുതല്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശം കൂടിയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine