Image : Canva and KN Balagopal FB 
Economy

കേരളം ഇന്ന് 4,866 കോടി കടമെടുക്കുന്നു; ഇനി പ്രതീക്ഷ സുപ്രീം കോടതിയുടെ ഇടക്കാല വിധിയില്‍

കോടതിയും കേന്ദ്രവും കനിഞ്ഞില്ലെങ്കില്‍ ഇനി ഈ വര്‍ഷം കേരളത്തിന് കൂടുതല്‍ കടമെടുക്കാനാവില്ല

Anilkumar Sharma

സാമ്പത്തിക ചെലവുകള്‍ക്കും വികസന പദ്ധതികള്‍ക്ക് തുക ഉറപ്പാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 4,866 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനം (E-Kuber) വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുക്കുന്നത്.

വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച 4,866 കോടി രൂപയാണ് കേരളം ഇന്ന് കടമെടുക്കുന്നത്. 10,000 കോടി രൂപയെങ്കിലും നടപ്പുവര്‍ഷത്തേക്കായി ഉടന്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഇതിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇടക്കാല വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

കേരളത്തിന് വേണ്ടത് 10,000 കോടി; കേന്ദ്രം പറയുന്നത് 5,000 കോടി

നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. നടപ്പുവര്‍ഷത്തെ ചെലവുകള്‍ക്കായി 10,000 കോടി രൂപയെങ്കിലും കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, നിബന്ധനകളോടെ 5,000 കോടി രൂപ അനുവദിക്കാമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രവും കോടതിയും കനിഞ്ഞില്ലെങ്കില്‍ നടപ്പുവര്‍ഷം ഇനി കൂടുതല്‍ കടമെടുക്കാന്‍ കഴിയില്ല. അതേസമയം, ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം (2024-25) ആരംഭിക്കുമെന്നതിനാല്‍, ആ വര്‍ഷത്തേക്ക് അനുവദിച്ച തുക കടമെടുക്കുന്നതില്‍ കേരളത്തിന് പ്രയാസങ്ങളുണ്ടാവില്ല.

ഇന്ന് നടക്കുന്നത് കടമെടുപ്പ് മഹാമഹം!

കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഇന്ന് 60,032.49 കോടി രൂപയാണ് കടമെടുക്കുന്നത്. ഒരുദിവസം സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഇത്രയും തുക കടമെടുക്കുന്നത് ആദ്യമാണ്. ഈ മാസം 19ന് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്നെടുത്ത 50,206 കോടി രൂപയാണ് നിലവിലെ റെക്കോഡ്.

ഇന്ന് ഏറ്റവുമധികം തുക കടമെടുക്കുന്നത് ഉത്തര്‍പ്രദേശാണ് (8,000 കോടി രൂപ). ഏറ്റവും കുറവ് കടം വാങ്ങുന്നത് മണിപ്പൂരും (100 കോടി രൂപ).

കേരളം-കേന്ദ്രം തര്‍ക്കം

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 3 ശതമാനം വരെ മാത്രമേ ഒരു സാമ്പത്തിക വര്‍ഷം കടമെടുക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ ചട്ടം. നടപ്പുവര്‍ഷം കേരളം പരമാവധി കടമെടുത്തുകഴിഞ്ഞു എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം എതിര്‍ക്കുന്നത്. കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, കേരളത്തിന്റെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് ഇളവ് അനുവദിക്കാനായിരുന്നു സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്. കേരളത്തിന് അധികമായി 13,608 കോടി രൂപ കടമെടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു. കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് കേരളം 10,000 കോടി ആവശ്യപ്പെട്ടതും 5,000 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT