Kഒരു പ്രാദേശിക സമ്പദ്ഘടനയെന്ന നിലയിലും ഒരു സംസ്ഥാനമെന്ന നിലയിലും ആറു പതിറ്റാണ്ടിലധികമുള്ള വളര്‍ച്ചാ ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ കേരളീയ സമ്പദ്ഘടനയുടെ വികാസത്തെ രണ്ട് സുപ്രധാന കാലഘട്ടങ്ങളായി തിരിക്കാം.
1956 മുതല്‍ 1990 വരെയുള്ള ആദ്യഘട്ടത്തില്‍ വിപണിയിലെ അധിക ഇടപെടല്‍, സാമ്പത്തിക ആസൂത്രണത്തിലൂടെയുള്ള വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ പൊതുനിക്ഷേപം, സാമൂഹ്യക്ഷേമ പദ്ധതികളുടെ വ്യാപനം എന്നീ സാമ്പത്തിക നയങ്ങളാണ് കേരളം പിന്തുടര്‍ന്നത്. 1991 മുതലുള്ള രണ്ടാം ഘട്ടത്തില്‍ സാമ്പത്തിക നയങ്ങളില്‍ സമഗ്രമായ മാറ്റമുണ്ടാകുകയും വിപണി അധിഷ്ഠിത ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുകയുമുണ്ടായി. കൂടാതെ വിദേശ മലയാളികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന ഭീമമായ പണവും കേരളീയ സമ്പദ്ഘടനയുടെ വളര്‍ച്ചക്കും വികാസത്തിനും വഴിയൊരുക്കി.
കേരളത്തിന്റെ രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കാള്‍ കൂടുതല്‍ വിപണി ഇടപെടലുകള്‍ക്കുള്ള നയങ്ങളാണ് 1990 വരെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഇവിടെ നടപ്പാക്കിയത്.
ആസൂത്രണത്തിലൂടെയും പൊതുനിക്ഷേപത്തിലൂടെയും സംസ്ഥാനം ഫണ്ട് ചെയ്ത് നടപ്പാക്കുന്ന സാമ്പത്തിക വികസന തന്ത്രമായിരുന്നു 1990 വരെ കേരളത്തില്‍ നടപ്പാക്കപ്പെട്ടത്. ചെറിയ തോതിലുള്ള പൊതുനിക്ഷേപത്തിലൂടെ കേരളത്തിന് അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും വികാസവും നേടാനാകുമെന്നായിരുന്നു അന്നത്തെ വിശ്വാസം. വിപണി ഇടപെടലിനും സാമൂഹ്യക്ഷേമത്തിനും അത് പ്രാമുഖ്യം കൊടുത്തപ്പോള്‍ സ്വകാര്യ നിക്ഷേപം, ഉല്‍പ്പാദനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാങ്കേതികവിദ്യാ വികസനം തുടങ്ങിയവയൊക്കെ അവഗണിക്കപ്പെട്ടു.
എതിര്‍പ്പ്, സമരം, പിന്നോട്ടടി...കാര്‍ഷിക വ്യവസായ സേവന മേഖലകളിലെ യന്ത്രവല്‍ക്കണത്തെ അക്കാലത്ത് തൊഴിലാളി വിരുദ്ധനയമായി ചിത്രീകരിക്കപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ കൂടുതലായി ആരംഭിച്ച് പൊതുമേഖലയിലൂടെ തൊഴിലവസരം നല്‍കുന്നതാണ് വികസനമെന്ന ചിന്താഗതി ശക്തിപ്പെട്ടു. കൂടാതെ 1980കളില്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തിന് എതിരെ ട്രേഡ് യൂണിയനുകള്‍ ശക്തമായ നിലപാടും സ്വീകരിച്ചു. 1991 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിപണി അധിഷ്ഠിത സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടതുപക്ഷം അനുകൂലിച്ചിരുന്നില്ല. 1990കളുടെ ആദ്യപകുതിയില്‍ ഇടതുപക്ഷം ഇതിനെതിരെ സമരം ചെയ്യുകയും അതിന്റെ രണ്ടാം പകുതിയില്‍ അധികാരത്തിലെത്തിയ അവര്‍ അവ നടപ്പാക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു.
സംസ്ഥാന സമ്പദ്ഘടനയില്‍ പ്രാഥമിക മേഖലയുടെ വിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലുണ്ടായ വലിയൊരു മാറ്റം. ഉദാരവല്‍ക്കരണ നയങ്ങള്‍ ചില നെഗറ്റീവ് ഇംപാക്ടും കേരളീയ സമ്പദ്ഘടനയിലുണ്ടാക്കിയിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി കാരണം റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വില ഇടിഞ്ഞുവെന്നതാണ് അതിലൊന്ന്. അടിസ്ഥാന സൗകര്യവികസന രംഗത്ത് പിപിപി മാതൃകയില്‍ സംസ്ഥാനത്ത് വന്‍തോതിലുള്ള നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നതാണ് മറ്റൊരു പോരായ്മ.
ഇത്തരം ഘടകങ്ങള്‍ ഒഴിച്ചാല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപം വര്‍ധിക്കുന്നതിനുള്ള അടിത്തറയൊരുക്കുകയും സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ദാരിദ്ര്യം കുറയ്ക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ ഉപഭോഗ തലങ്ങള്‍ ഉയര്‍ത്തുന്നതിനും നഗരവല്‍ക്കരണം വേഗത്തിലാക്കുന്നതിനും സമസ്ത മേഖലകളിലും സാങ്കേതിക മുന്നേറ്റം സാധ്യമാക്കുന്നതിനും സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനുമൊക്കെ ഉദാരവല്‍ക്കരണ നയങ്ങള്‍ ഇടയാക്കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
1956-1990 സമ്പദ്ഘടനയുടെ വളര്‍ച്ച, ഉദാരവല്‍ക്കരണത്തിന് മുന്‍പ്
സാമ്പത്തിക പിന്നോക്കാവസ്ഥ, വന്‍തോതിലുള്ള ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ് 1960കളില്‍ കേരളം നേരിട്ട രൂക്ഷമായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine