Image : Canva 
Economy

ഗ്യാസ് സിലിണ്ടര്‍ വിലയില്‍ 51.5 രൂപയുടെ കുറവ്! ഓണക്കാലത്തും അടുക്കളയിലെത്താതെ ആശ്വാസം

1,587 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്റെ വില

Dhanam News Desk

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 51.50 രൂപ കുറയും. തുടര്‍ച്ചയായ ആറാമത്തെ മാസമാണ് 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറക്കുന്നത്. എന്നാല്‍ 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ ഇക്കുറിയും മാറ്റമില്ല.

ഇതോടെ ഡല്‍ഹിയിലെ വാണിജ്യ സിലിണ്ടറിന്റെ വില കഴിഞ്ഞ മാസത്തെ 1,631.50 രൂപയില്‍ നിന്നും 1,580 രൂപയായി. 1,587 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്റെ വില. അതേസമയം, രാജ്യത്തെ സിംഹഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടറിന്റെ വില ഏപ്രില്‍ എട്ടിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 100 രൂപ കുറച്ചതാണ് ഏറ്റവും ഒടുവിലത്തെ ഇളവ്. ഈ വര്‍ഷം ഏപ്രിലില്‍ 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 860 രൂപയാണ് ഇന്നത്തെ കൊച്ചിയിലെ വില.

ഹോട്ടലുകള്‍ക്ക് ആശ്വാസം

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് രാജ്യത്തെ ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകള്‍ക്കും വ്യവസായങ്ങള്‍ക്കും ആശ്വാസമാണ്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് എണ്ണക്കമ്പനികള്‍ പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നത്. പ്രാദേശിക നികുതികളും യാത്രാ ചെലവിന്റെയും അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലെയും വിലയിലും വ്യത്യാസമുണ്ടാകും.

കമ്പനികള്‍ക്ക് നല്‍കിയത് 30,000 കോടി

കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം എണ്ണക്കമ്പനികള്‍ക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ആഗോള സാഹചര്യങ്ങളിലും രാജ്യത്തെ പാചക വാതക വില പിടിച്ചുനിറുത്താന്‍ ഉദ്ദേശിച്ചാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 12 തവണകളായാണ് ഈ തുക കമ്പനികള്‍ക്ക് നല്‍കുക. ഇതിന് പുറമെ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം 12,000 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

Oil marketing companies reduced LPG commercial cylinder prices by ₹51.5 from today, giving relief to hotels, restaurants and businesses across India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT