canva
Economy

പ്രതിഫലത്തില്‍ താരങ്ങളുടെ കടുംപിടുത്തം, വരുമാന വഴികള്‍ അടഞ്ഞ് നിര്‍മാതാക്കള്‍; ഈ വര്‍ഷം മലയാള സിനിമ ശുഷ്‌കിക്കും

2018-2022 കാലഘട്ടത്തില്‍ 1,117 സിനിമകളാണ് ഷൂട്ട് ചെയ്തത്. തീയറ്റര്‍ റിലീസായത് വെറും 441 ചിത്രങ്ങളും

Lijo MG

ഒരുവശത്ത് ബോക്‌സോഫീസ് റെക്കോഡുകള്‍, മറുവശത്ത് തലകുത്തി വീഴുന്ന ചിത്രങ്ങളുടെ വന്‍നിര. മലയാള സിനിമയെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ 2025? താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടിയതു മുതല്‍ നിര്‍മാണ ചെലവ് ഇരട്ടിയായതും ഉള്‍പ്പെടെ പ്രതിസന്ധികളുടെ നടുവിലാണ് സിനിമാലോകം. മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള സാധ്യതകള്‍ മങ്ങിത്തുടങ്ങിയതോടെ 2025ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞേക്കും.

അഭിനേതാക്കള്‍ പ്രതിഫലം കൂട്ടിയതിനൊപ്പം മറ്റ് വരുമാന സ്രോതസുകള്‍ ഏറെക്കുറെ നിലച്ചത് സിനിമ മേഖലയ്ക്ക് തിരിച്ചടിയായെന്ന് നിര്‍മാതാവും സംവിധായകനുമായ പോളി വടക്കന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ റെക്കോഡ് തുകയ്ക്ക് സിനിമകള്‍ എടുത്തിരുന്ന സമയത്താണ് അഭിനേതാക്കളും പ്രതിഫലം വര്‍ധിപ്പിച്ചത്. ഒ.ടി.ടി വരുമാനം നാമമാത്രമായെങ്കിലും പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയാറാകാത്തത് മലയാളം സിനിമ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് പോളി വടക്കന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഷൂട്ടിംഗ് കഴിഞ്ഞാല്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കൊന്നും താരങ്ങളുടെ സഹകരണം ഉണ്ടാകുന്നില്ലെന്ന പരാതി നിര്‍മാതാക്കള്‍ക്കുണ്ട്. സിനിമ വിജയിക്കേണ്ടത് അഭിനേതാക്കളുടെ കൂടെ ഉത്തരവാദിത്വമാണെന്ന് അവര്‍ മനസിലാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

നിര്‍മാതാക്കള്‍ പിന്‍വാങ്ങുന്നു

പുതുതായി വരുന്ന നിര്‍മാതാക്കളിലേറെയും വിദേശ മലയാളികളാണ്. സിനിമയോടുള്ള താല്പര്യത്തിന്റെ പുറത്താണ് പലരും പണംമുടക്കുന്നത്. എന്നാല്‍ മുടക്കുമുതല്‍ പോലും ഭൂരിഭാഗത്തിനും തിരിച്ചു കിട്ടാറില്ല. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്ന അഭിനേതാവ് സംവിധാനം ചെയ്ത ഒരു ചിത്രം കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ ചിത്രം ഒരു വര്‍ഷമായിട്ടും റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

10 കോടി രൂപയിലധികമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ലോക കേരള സഭയിലെ പ്രതിനിധികളിലൊരാളാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍. സിനിമ തീയറ്ററില്‍ ഓടാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാനായിരുന്നു നീക്കം. ഇതും പക്ഷേ വിജയത്തിലെത്തിയില്ല. തീയറ്ററില്‍ റിലീസ് ചെയ്ത് ഇനിയും പണം കളയാനില്ലെന്ന നിലപാടിലാണ് നിര്‍മാതാവ്. ഒട്ടുമിക്ക സിനിമകളുടെ അവസ്ഥ ഇത്തരത്തിലാണ്.

സിനിമയിലേക്ക് എത്തിപ്പെടുന്ന നിര്‍മാതാക്കളിലേറെയും തെറ്റായ ഉപദേശം സ്വീകരിച്ചാണ് എത്തുന്നതെന്ന് പ്രമുഖ നിര്‍മാതാക്കളിലൊരാള്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. പണം നഷ്ടമാകുമെന്ന തിരിച്ചറിവില്‍ തന്നെ ഈ രംഗത്തേക്ക് വരുന്നവരും ഉണ്ട്. ഇതിലേറെയും വിദേശ മലയാളികളാണ്. സംവിധായകര്‍ക്കായി നിര്‍മാതാക്കളെ ക്യാന്‍വാസ് ചെയ്യുന്ന സംഘങ്ങളും സിനിമയില്‍ സജീവമാണ്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞവര്‍ഷം 207, 2023ല്‍ 222

കോവിഡിനുശേഷം മലയാള സിനിമയില്‍ ഒരു കുത്തൊഴുക്കായിരുന്നു. 2023ല്‍ പുറത്തിറങ്ങിയത് 222 ചിത്രങ്ങളാണ്. പാതിവഴിയില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച സിനിമകളുടെ എണ്ണം 40ന് മുകളില്‍ വരും. 2024ല്‍ സിനിമകളുടെ എണ്ണം 207ലേക്ക് കുറഞ്ഞു. ഇതില്‍ വെറും 22 സിനിമകള്‍ മാത്രമാണ് നിര്‍മാതാവിന് എന്തെങ്കിലും നേട്ടം നല്‍കിയത്. ബാക്കിയുള്ള ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ മൂക്കുകുത്തി വീണു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് 2018-2022 കാലഘട്ടത്തില്‍ 1,117 സിനിമകളാണ് ഷൂട്ട് ചെയ്തത്. തീയറ്റര്‍ റിലീസായത് വെറും 441 ചിത്രങ്ങളും. ഇതില്‍ തന്നെ ലാഭം നേടിയ ചിത്രങ്ങളുടെ എണ്ണം 50 മാത്രം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT