Economy

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് 82,000 കോടി രൂപ ഉയര്‍ന്നു; വര്‍ധനവ് മെറ്റയുടെ പാദ ഫലത്തിന് പിന്നാലെ

വരുമാന റിപ്പോര്‍ട്ടിന് ശേഷം മെറ്റയുടെ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നു

Dhanam News Desk

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി വ്യാഴാഴ്ച 82,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) അധികം വര്‍ധിച്ചു. മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റിന്റെ ആദ്യ പാദ വരുമാനം മികച്ച പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആസ്തി വര്‍ധന. 2023ലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനത്തില്‍ 3 ശതമാനം വര്‍ധനവോടെ 2865 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 2790 കോടി ഡോളറായിരുന്നു. പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ച 201 കോടിയില്‍ നിന്ന് 204 കോടിയായി.

നിര്‍മിത ബുദ്ധിയുടെ സഹായം

വരുമാന റിപ്പോര്‍ട്ടിന് ശേഷം മെറ്റയുടെ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നു. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 8730 കോടി ഡോളറായി ഉയരുകയും ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ അദ്ദേഹം 12-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഫെബ്രുവരി 2-ന് 1250 കോടി ഡോളറും ഒരു വര്‍ഷം മുമ്പ് 1100 കോടി ഡോളറുമാണ് മുമ്പ് സക്കര്‍ബര്‍ഗിന്റെ ഒരു ദിവസത്തെ ഏറ്റവും വലിയ ആസ്തി വര്‍ധനവ് രേഖപ്പെടുത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലേക്കുള്ള ട്രാഫിക് വര്‍ധിപ്പിക്കാനും പരസ്യ വില്‍പ്പനയില്‍ കൂടുതല്‍ വരുമാനം നേടാനും നിര്‍മിത ബുദ്ധി കമ്പനിയെ സഹായിക്കുന്നുണ്ടെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

പട്ടികയില്‍ ഇവരും

ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയിയില്‍ സക്കര്‍ബര്‍ഗിനെ കൂടാതെ വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് ജെഫ് ബെസോസ് (480 കോടി ഡോളര്‍), ഇലോണ്‍ മസ്‌ക് (420 കോടി ഡോളര്‍), ലാറി പേജ് (300 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (290 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT