Economy

പുനർനിര്‍മാണം: കേരളത്തിന് 1% വരെ സെസ് ഏര്‍പ്പെടുത്താം

Dhanam News Desk

സംസ്ഥാനത്തിന്റെ പ്രളയനാന്തര പുനർനിർമാണത്തിന് ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം വരെ സെസ് (calamity cess) ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ മന്ത്രിതല സമിതി കേരളത്തിന് അനുമതി നൽകി. രണ്ട് വർഷത്തേക്കാണ് സെസ് ഈടാക്കുക.

ഏതെല്ലാം ഉല്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തേണ്ടതെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് മന്ത്രിതലസ‌മിതി അധ്യക്ഷൻ സുശീൽകുമാർ മോദി പറഞ്ഞു.

മന്ത്രിതല സമിതിയുടെ ശുപാർശ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചാൽ, ദുരിതാശ്വാസ സെസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജനുവരി 10 നാണ് ജിഎസ്ടി കൗൺസിൽ യോഗം ചേരുക.

സെസ് ഏർപ്പെടുത്താതെ പകരം നികുതി വർധിപ്പിച്ചാൽ കേരളത്തിനു കേന്ദ്രം നൽകുന്ന ജിഎ‌സ്ടി നഷ്ട‌പരിഹാരം അതിനനുസരിച്ച് കുറയുമായിരുന്നു. അതിനാലാണ് സെസ് ഏർപ്പെടുത്താൻ കേരളം അനുമതി തേടിയത്. എന്നാൽ സെസ് വിലക്കയറ്റത്തിനു കാരണമാകില്ലെന്നു തോമസ് ഐസക്ക് വ്യക്തമാക്കി.

കേരളത്തിന് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ രാജ്യാന്തര വായ്പയുമെടുക്കാം. വായ്പ പരിധി തുടങ്ങിയ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിക്കണം.

ജിഎസ്ടി റിട്ടേൺ

കേന്ദ്ര ധന സഹമന്ത്രി ശിവ്പ്രതാപ് ശുക്ല നേതൃത്വം നൽകുന്ന മറ്റൊരു പാനൽ ജിഎസ്ടി റിട്ടേൺ സംബന്ധിച്ച പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

കോംപോസിഷൻ സ്കീമിന് കീഴിലുള്ളവർക്ക് വർഷത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ നൽകിയാൽ മതി. പക്ഷെ നികുതി മൂന്ന് മാസം കൂടുമ്പോൾ നൽകണം. 50 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള സേവന മേഖലയിലെ ബിസിനസുകളെയും കോംപോസിഷൻ സ്കീമിലേക്ക് കൊണ്ടുവരാനും സമിതി ശുപാർശ ചെയ്യുന്നുണ്ട്. നിലവിൽ ഉല്പന്ന നിർമാതാക്കൾ, വ്യാപാരികൾ, റസ്റ്റോറന്റുകൾ എന്നിവർക്കു മാത്രമേ കോംപോസിഷൻ സ്കീം ഉള്ളൂ.

സേവന ദാതാക്കൾക്ക് 5 ശതമാനം ജിഎസ്ടി നൽകേണ്ടതായി വരും. ചരക്കു സേവന നികുതി ചുമത്തുന്നതിനുള്ള വരുമാന പരിധി 20 ലക്ഷം രൂപയിൽ നിന്ന് ഉയർത്തണമെന്നും സുശീൽ മോദി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT