Economy

ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ഇതാണ്; പട്ടികയില്‍ ഈ ഇന്ത്യന്‍ വിമാനത്താവളവും

ആഗോളതലത്തില്‍ യാത്രക്കാരുടെ മൊത്തം എണ്ണം 27 ശതമാനം വര്‍ധിച്ചു

Dhanam News Desk

ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ട് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ). എ.സി.ഐയുടെ പുതിയ റാങ്കിംഗ് പ്രകാരം യു.എസിലെ അറ്റ്ലാന്റയിയിലുള്ള ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം (ATL). 2023ല്‍ 10.4 കോടി യാത്രക്കാരാണ് ഈ വിമാനത്തവളത്തിലൂടെ സഞ്ചരിച്ചത്.

ഇന്ത്യയില്‍ നിന്ന്

ലോകത്തില്‍ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ വിമാനത്താവളം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (DEL). 2023ല്‍ 7.2 കോടി യാത്രക്കാരുമായാണ് ഈ വിമാനത്താവളം പട്ടികയില്‍ 10-ാം സ്ഥാനത്തെത്തിയത്. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2022ല്‍ പട്ടികയില്‍ 9-ാം സ്ഥാനത്തും 2021ല്‍ 13-ാം സ്ഥാനത്തുമാണുണ്ടായിരുന്നത്.

മറ്റ് വിമാനത്താവളങ്ങള്‍

പട്ടികയില്‍ 8.7 കോടി യാത്രക്കാരുമായി യു.എ.ഇയിലെ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (DXB) രണ്ടാം സ്ഥാനത്ത്. അതേസമയം 2023ല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ ഉണ്ടായിരുന്നത് ഇവിടെയാണ്. നിലവില്‍, യു.എ.ഇയിലെ മോശം കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (DFW) 8.17 കോടി യാത്രക്കാരോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ഹീത്രൂ എയര്‍പോര്‍ട്ട് (LHR), ടോക്കിയോ ഹനേഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (HND), ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DEN), ഇസ്താംബുള്‍ എയര്‍പോര്‍ട്ട് (IST), ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (LAX), ഷിക്കാഗോയിലെ ഒ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ORD) എന്നിവയാണ് പട്ടികയില്‍ യഥാക്രമം 4 മുതല്‍ 9-ാം സ്ഥാനം വരെ കരസ്ഥമാക്കിയ വിമാനത്താവളങ്ങള്‍.

യാത്രക്കാരുടെ എണ്ണം കൂടി

ആഗോളതലത്തില്‍ യാത്രക്കാരുടെ മൊത്തം എണ്ണം 27 ശതമാനം വര്‍ധിച്ചു. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ 2023ല്‍ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 10 ലക്ഷം കോടി ഡോളര്‍ നിക്ഷേപിച്ചു. ഇത് ആഗോള ജി.ഡി.പിയുടെ 9.1 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT