Economy

രാജ്യത്ത് ടോൾ ബൂത്തുകൾ ഒഴിവാക്കുന്നു; ഇനി ടോൾ പിരിവ് ജി പി എസ് വഴി

ഓരോ വാഹനവും ടോള്‍ ഗേറ്റ് കടന്നു പോകുമ്പോള്‍ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ തുക ഈടാക്കുന്ന രീതി ഇന്ത്യയിലും നടപ്പാകും. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും ഇത്തരം ട്രാക്കിംഗ് സംവിധാനം ഉണ്ട്. പഴയ വാഹനങ്ങള്‍ക്ക് കൂടി ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തും. വിശദാംശങ്ങളറിയാം.

Ismail Meladi

ടോൾ ബൂത്തുകളിൽ വാഹനങ്ങൾ കെട്ടിക്കിടന്ന് ഇനിമുതൽ ഇന്ത്യയിൽ ട്രാഫിക് ജാം ഉണ്ടാവുകയില്ല. രണ്ടു വർഷത്തിനകം രാജ്യത്തെ ടോൾ ബൂത്ത് സംവിധാനം ഇല്ലാതാക്കും, പകരം ജി പി എസ് അടിസ്ഥാനത്തിലുള്ള ടെക്നോളജി ഉപയോഗിച്ച് ടോൾ പിരിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വെളിപ്പെടുത്തിയതാണിക്കാര്യം.

ഇതോടെ അഞ്ചു വർഷത്തിനകം ടോൾ പിരിവ് വഴിയുള്ള വരുമാനം 1,34,000 കോടി രൂപയായി വർദ്ധിക്കും. അടുത്ത വര്‍ഷം മാർച്ച് ആകുമ്പോഴേക്ക് തന്നെ ഇത് 34,000 കോടി രൂപയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂ ഡൽഹിയിൽ അസോചെം ഫൌണ്ടേഷൻ വീക്ക് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പല വിദേശ രാജ്യങ്ങളും ടോൾ പിരിക്കുന്നത് വാഹനങ്ങളിൽ പതിപ്പിച്ച ടോൾ ടാഗുകൾ വഴിയാണ്. ദുബായ് വര്‍ഷങ്ങളായി "സാലിക്" എന്ന പേരിൽ അറിയപ്പെടുന്ന ടോൾ ടാഗ് ഉപയോഗിക്കുന്നു. ആർ എഫ് ഐ ഡി ടെക്നോളജി ഉപയോഗിച്ചാണ് അവിടെ ഇത് പ്രവർത്തിക്കുന്നത്. ഓരോ തവണയും വാഹനം ടോൾ ഗേറ്റ് കടന്നു പോകുമ്പോൾ നിശ്ചിത തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ചാർജ് ചെയ്യും. അക്കൗണ്ടിൽ പണം തീരാറാവുമ്പോൾ എസ് എം എസ് വഴി ഉപഭോക്താവിനെ അറിയിക്കും. മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ ഓൺലൈനായി റീചാർജ് ചെയ്യാൻ കഴിയും.

ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം (ജി പി എസ്) അടിസ്ഥാനമാക്കിയ ടെക്നോളജി ആയിരിക്കും ഇന്ത്യയിൽ ഉപയോഗിക്കുക. ഓരോ വാഹനവും ടോൾ ഗേറ്റ് കടന്നു പോകുമ്പോൾ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ തുക ഈടാക്കും. ഇപ്പോൾ ഇറങ്ങുന്ന എല്ലാ കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും ഇത്തരം ട്രാക്കിംഗ് സംവിധാനം ഉണ്ട്. പഴയ വാഹനങ്ങൾക്ക് കൂടി ജി പി എസ് സംവിധാനം ഏർപ്പെടുത്താനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്,

ഫാസ്റ്റ് ടാഗുകൾ പലേടത്തും ഉണ്ടെങ്കിലും ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകാതെ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിന് ശമനം ഉണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ജി പി എസ് സംവിധാനം ഏർപ്പെടുത്തുന്നത് വാഹനങ്ങളുടെ സുരക്ഷക്കും ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം വാഹന ഉടമക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ തന്റെ ഡ്രൈവർ ഏതെല്ലാം ടോൾ ബൂത്ത് വഴി കടന്നു പോയെന്ന് മനസ്സിലാക്കാൻ പുതിയ സംവിധാനം സഹായിക്കും.

എന്നാൽ പുതിയ സംവിധാനം നടപ്പാക്കപ്പെടുമ്പോൾ ഉയർന്നു വന്നേക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്. സാധാരണയായി ടോൾ ബൂത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ആൾക്കാർക്ക് ഇപ്പോൾ ടോൾ പിരിവ് ഇളവുണ്ട്. അത് എങ്ങനെയാണ് ജി പി എസ് സംവിധാനം കൈകാര്യം ചെയ്യുക എന്നത് ഒരു പ്രശ്നമാണ്. ഇപ്പോൾ ഫാസ്റ്റ്‌ ടാഗ് അക്കൗണ്ട് തുറന്നാൽ അതിൽ ആദ്യം പണം നിക്ഷേപിക്കണം. പണം തീർന്നു പോയാൽ ടോൾ ബൂത്തിൽ പണം അടയ്ക്കലാണ് പതിവ്. ടോൾ ബൂത്ത് ഇല്ലാതാകുന്നതോടെ ജി പി എസ് സംവിധാനവുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ പണം തീർന്നുപോയാൽ എങ്ങനെയാവും ടോൾ പിരിക്കുക. ഇതൊക്കെ പരിഹരിച്ചു കൊണ്ടായിരിക്കും ഗവണ്മെന്റ് പുതിയ സംവിധാനം നടപ്പിൽ വരുത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടോൾ ബൂത്തുകൾ നിർത്തലാകുന്നതോടെ ജോലി നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും സർക്കാർ എന്തെങ്കിലും വഴി കണ്ടെത്തേണ്ടി വരും. അത് പോലെ, ടോൾ ഇളവുള്ള ആംബുലൻസ്, പട്ടാള വാഹനങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും ജി പി എസ് സംവിധാനത്തിൽ ഏർപ്പാട് ഉണ്ടാക്കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT