വി.പി. സൈതലവി കോട്ടക്കല്‍, ബിഎല്‍എം സൊസൈറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  
Economy

അതിരുകള്‍ കടന്ന് സഹകരണം: മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ വളര്‍ച്ചയും വിശ്വാസത്തിന്റെ ഉത്തരവാദിത്തവും

2021-ല്‍ കേരളത്തില്‍ 23 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നത്, 2026-ഓടെ ആ എണ്ണം 100 കടന്നുവെന്ന കണക്ക് ഈ മേഖലയിലെ വളര്‍ച്ചയുടെ വേഗത വ്യക്തമാക്കുന്നു.

Dhanam News Desk

V.P. Saidalavi

ഒരു സാധാരണ മനുഷ്യന്റെ സാമ്പത്തിക ജീവിതത്തിലെ വലിയ സ്വപ്നങ്ങള്‍ പലപ്പോഴും ചെറിയ സമ്പാദ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ ചെറിയ സമ്പാദ്യങ്ങളിലാണ് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകള്‍ ഒളിഞ്ഞിരിക്കുന്നത്. ഒരു വീട്, മക്കളുടെ വിദ്യാഭ്യാസം വിവാഹം, ഒരു ചെറിയ സംരംഭം, വാര്‍ധക്യത്തിലെ സാമ്പത്തിക സുരക്ഷ, അപ്രതീക്ഷിതമായൊരു ജീവിത സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന കുറച്ചു നീക്കിയിരിപ്പ് ഇത്തരം സ്വപ്നങ്ങള്‍ ഏതൊരു മനുഷ്യനും ഉണ്ടാവും.

ആ സ്വപ്നങ്ങള്‍ക്ക് സാമ്പത്തിക അടിത്തറ നല്‍കുന്നതില്‍ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് ദീര്‍ഘമായൊരു ചരിത്രമുണ്ട്. ഒരാളുടെ ചെറിയ ശേഷികളെ പലരുടെയും കൂട്ടായ ശക്തിയാക്കി മാറ്റുക എന്നതാണ് സഹകരണത്തിന്റെ അടിസ്ഥാന ആശയം.

കാലം മാറിയതോടെ സഹകരണത്തിന്റെ പ്രവര്‍ത്തനപരിധിയും വികസിച്ചു. ഒരു ഗ്രാമത്തിന്റെയോ ഒരു ജില്ലയുടെയോ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിയിരുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് സംസ്ഥാനങ്ങളുടെ അതിരുകള്‍ കടന്ന് മുന്നേറുകയാണ്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഈ മാറ്റത്തിന്റെ ശ്രദ്ധേയമായ പ്രതിഫലനമാണ്. ഇത് കേവലം ഭൂമിശാസ്ത്രപരമായ വളര്‍ച്ചയല്ല.

വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും ജീവിത സാഹചര്യങ്ങളും ഉള്ളവര്‍ ഒരേ സഹകരണ സ്ഥാപനത്തിലെ അംഗങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ഒരു പ്രത്യേക സാമൂഹിക പ്രസക്തിയുണ്ട്. ജാതി, മതം, രാഷ്ട്രീയം, പ്രദേശം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കപ്പുറം സാമ്പത്തിക സഹകരണത്തിന്റെ പൊതുവായ ലക്ഷ്യത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാന്‍ കഴിയുന്ന വേദികളായി ഇവ മാറുന്നു.

വ്യത്യാസങ്ങളെ ഇല്ലാതാക്കുകയല്ല സഹകരണം ചെയ്യുന്നത്; വ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് വളരാനുള്ള അവസരമാണ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ നല്‍കുന്നത്.

വളര്‍ച്ചയ്‌ക്കൊപ്പം ഉത്തരവാദിത്വങ്ങളും

മേഖലയുടെ വളര്‍ച്ചയോടൊപ്പം ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നുണ്ട്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സമ്പാദ്യശീലം, അംഗകേന്ദ്രിതമായ സേവനം, വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖല, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്ത സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള അംഗങ്ങളെ ഒരു പൊതുലക്ഷ്യത്തില്‍ ബന്ധിപ്പിക്കാനാകുന്നുമുണ്ട്.

എന്നാല്‍ വളര്‍ച്ചയുടെ കണക്കുകള്‍ക്കൊപ്പം മറ്റൊരു കണക്കുകൂട്ടലും ആവശ്യമാണ്: വിശ്വാസത്തിന്റെ കണക്കുകൂട്ടല്‍. വളര്‍ച്ചക്കാവശ്യം ചിറകുകളാണെങ്കില്‍ വിശ്വാസത്തിന് വേണ്ടത് വേരുകള്‍ തന്നെയാണ്. ഒരു സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ കൂടുന്നു, അംഗസംഖ്യ വര്‍ധിക്കുന്നു, ആസ്തി വളരുന്നു എന്നത് തീര്‍ച്ചയായും ശ്രദ്ധേയമാണ്. എന്നാല്‍ ഇവ മാത്രം സാമ്പത്തിക ശക്തിയുടെ അന്തിമ മാനദണ്ഡങ്ങളല്ല. പ്രവര്‍ത്തന ചരിത്രം, സാമ്പത്തിക ആരോഗ്യം, ഭരണസംവിധാനം, നിയമാനുസൃത പ്രവര്‍ത്തനം, ഓഡിറ്റ്, സുതാര്യത, അംഗങ്ങളോടുള്ള ഉത്തരവാദിത്തം എന്നിവയാണ് ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ കരുത്ത് നിര്‍ണയിക്കുന്നത്.

നല്ല കറന്‍സി ഉള്ളിടത്ത് വ്യാജ കറന്‍സിയും ഉണ്ടാകും എന്നത് ഒരു ഓര്‍മപ്പെടുത്തലാണ്. ഒരു മേഖല മികച്ച സാധ്യതകളും വളര്‍ച്ചയും പ്രകടിപ്പിക്കുമ്പോള്‍ അതിലേക്ക് നല്ല സ്ഥാപനങ്ങള്‍ക്കൊപ്പം ചില വ്യാജന്മാരും കടന്നുവരാന്‍ സാധ്യതയുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ മേഖലയിലും ഈ യാഥാര്‍ഥ്യം മറക്കരുത്. ഇത് മേഖലയെ മുഴുവന്‍ സംശയത്തോടെ കാണാനുള്ള കാരണമല്ല. മറിച്ച്, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും, തെറ്റായ പ്രവര്‍ത്തനങ്ങളെ നേരത്തെ തിരിച്ചറിയാനും നിക്ഷേപകരിലും അംഗങ്ങളിലും ജാഗ്രത വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്.

ഒരു മോശം സ്ഥാപനത്തിന്റെ പരാജയം അതില്‍ പണം നിക്ഷേപിച്ചവരുടെ നഷ്ടത്തില്‍ മാത്രം അവസാനിക്കണമെന്നില്ല. അത് വര്‍ഷങ്ങളെടുത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ച മറ്റു സ്ഥാപനങ്ങള്‍ നേടിയെടുത്ത വിശ്വാസത്തെയും ബാധിച്ചേക്കാം. അതിനാല്‍ ഒരു സ്ഥാപനത്തിന്റെ വീഴ്ച മുഴുവന്‍ മേഖലയുടെയും വിശ്വാസ്യതയ്ക്ക് ആഘാതമാകാതിരിക്കാന്‍ സ്ഥാപനങ്ങളും നിക്ഷേപകരും ഒരുപോലെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം.

എണ്ണത്തില്‍ വന്‍ വര്‍ധന

2021-ല്‍ കേരളത്തില്‍ 23 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നത്, 2026-ഓടെ ആ എണ്ണം 100 കടന്നുവെന്ന കണക്ക് ഈ മേഖലയിലെ വളര്‍ച്ചയുടെ വേഗത വ്യക്തമാക്കുന്നു. ഇത് വലിയൊരു സാധ്യതയാണ്. അതേസമയം വലിയൊരു ഉത്തരവാദിത്തവുമാണ്. ഒരു സ്ഥാപനം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നത് മാത്രം അതിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അന്തിമ സാക്ഷ്യപത്രമല്ല. വലിയ ഓഫീസ്, നിരവധി ബ്രാഞ്ചുകള്‍, ആകര്‍ഷകമായ പരസ്യം, മനോഹരമായ ബ്രാന്‍ഡിംഗ് ഇവ വിശ്വാസം സൃഷ്ടിച്ചേക്കാം. പക്ഷേ ഒരു നിക്ഷേപകന്റെ ഏറ്റവും പ്രധാനപ്പെട്ട പരിഗണന സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തന ചരിത്രവും സാമ്പത്തിക ആരോഗ്യവും ആയിരിക്കണം.

നിക്ഷേപങ്ങള്‍ക്കായി ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തെ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാല നിക്ഷേപം പരിഗണിക്കുന്നവര്‍ ആദ്യം സ്ഥാപനത്തിന്റെ പ്രവര്‍ത്തന ചരിത്രം പരിശോധിക്കണം. സ്ഥാപനം എത്ര വര്‍ഷമായി പ്രവര്‍ത്തിക്കുന്നു? മുന്‍കാല നിക്ഷേപങ്ങളുടെ കാലാവധി തീര്‍ന്നപ്പോള്‍ എങ്ങനെ തിരിച്ചു നല്‍കി? നിക്ഷേപകരുടെ പണം സമയത്ത് തിരികെ നല്‍കിയിട്ടുണ്ടോ? ലാഭവിഹിതം കൃത്യമായി നല്‍കിയിട്ടുണ്ടോ? ഇവയെല്ലാം സ്ഥാപനത്തിന്റെ പ്രവര്‍ത്തന നിലവാരം വിലയിരുത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. പരസ്യത്തേക്കാള്‍ പ്രവര്‍ത്തന ചരിത്രത്തിന് പ്രാധാന്യം നല്‍കുക എന്നര്‍ത്ഥം.

അതുപോലെ തന്നെ ബ്രാഞ്ചുകളുടെ എണ്ണവും പരിഗണിക്കാം. എന്നാല്‍ എണ്ണം മാത്രം മതിയാകില്ല. ബ്രാഞ്ചുകള്‍ എത്രകാലമായി അവിടെ പ്രവര്‍ത്തിക്കുന്നു, അംഗങ്ങള്‍ക്ക് സേവനം എങ്ങനെയാണ് ലഭിക്കുന്നത്, സ്ഥാപനത്തിന് ആ പ്രദേശത്ത് എന്തുതരം വിശ്വാസ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളും പ്രസക്തമാണ്.

പ്രസ്തുത സംഘത്തിന്റെ ആസ്തികളുടെ വലുപ്പവും ഒരു പ്രധാന സൂചകമാണ്. പുതുതായി ആരംഭിച്ച സ്ഥാപനങ്ങളുടെ കാര്യത്തില്‍ നടത്തിപ്പുകാരുടെ പശ്ചാത്തലവും പ്രവര്‍ത്തന മികവും പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. അവരുടെ പരിചയം, ഭരണശേഷി, സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തന ചരിത്രം, സഹകരണ മേഖലയിലെ പരിചയം എന്നിവ സ്ഥാപനത്തിന്റെ ഭാവി വിലയിരുത്തുന്നതില്‍ സഹായിക്കും. പുതിയത് എന്നത് മോശമല്ല.

പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും പ്രൊഫഷണല്‍ മാനേജ്‌മെന്റും കൊണ്ടുവരുന്ന പുതിയ സ്ഥാപനങ്ങള്‍ക്കും വളരാനുള്ള അവസരം വേണം. എന്നാല്‍ ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമില്ലാത്തിടത്ത് മറ്റ് ലഭ്യമായ വിവരങ്ങളുടെ പരിശോധന കൂടുതല്‍ ഗൗരവത്തോടെ നടത്തണം.

പല ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ക്കും maturity എത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരാം. ചില പദ്ധതികളില്‍ ഇത് ഏകദേശം അഞ്ച് വര്‍ഷം വരെ നീളാം. അതിനാല്‍ അഞ്ച് വര്‍ഷമോ അതിലധികമോ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്ഥാപനത്തെ വിലയിരുത്തുമ്പോള്‍ മുന്‍കാല നിക്ഷേപങ്ങളുടെ maturity ചരിത്രം പരിശോധിക്കാന്‍ കൂടുതല്‍ അവസരമുണ്ട്. എത്ര നിക്ഷേപങ്ങള്‍ maturity യിലെത്തി? അവ എങ്ങനെ തിരിച്ചു നല്‍കി? നിക്ഷേപകര്‍ക്ക് പണം സമയത്ത് തിരികെ ലഭിച്ചോ? സ്ഥാപനത്തിന്റെ പ്രവര്‍ത്തന വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിക്കപ്പെട്ടു? ഇവയുടെ ഉത്തരങ്ങള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന സ്ഥിരത മനസിലാക്കാന്‍ സഹായിക്കും.

ഇവിടെ ഉദ്ദേശിക്കുന്നത് ''അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു സ്ഥാപനം സുരക്ഷിതമാണ്'' എന്ന നിഗമനമല്ല. മറിച്ച്, കാലം നല്‍കിയ പ്രവര്‍ത്തന ചരിത്രത്തെ വിലയിരുത്തുക എന്നതാണ്.

CRCS: മള്‍ട്ടി സ്റ്റേറ്റ് സഹകരണങ്ങളുടെ നിയമപരമായ മേല്‍നോട്ടം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മറ്റൊരു പ്രധാന പ്രത്യേകത അവ പ്രവര്‍ത്തിക്കുന്നത് വ്യക്തമായ കേന്ദ്ര നിയമചട്ടക്കൂടിനുള്ളിലാണ് എന്നതാണ്. Multi State Cooperative Societies Act, 2002 പ്രകാരമാണ് ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ഈ സംവിധാനത്തിന്റെ കേന്ദ്രത്തില്‍ Central Registrar of Cooperative Societies (CRCS) നിലകൊള്ളുന്നു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, നിയമപരമായ ഫയലിംഗുകള്‍, വാര്‍ഷിക റിട്ടേണുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, പരിശോധന, പരാതികള്‍, മറ്റ് statutory നടപടികള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ CRCSന് നിയമപരമായ ചുമതലകളുണ്ട്.

ബാങ്കിംഗ് മേഖലയിലെ RBI, securities market മേഖലയിലെ SEBI, ഇന്‍ഷുറന്‍സ് മേഖലയിലെ IRDAI എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരിചിതമായതുപോലെ, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിയമപരമായ രജിസ്‌ട്രേഷനും മേല്‍നോട്ടവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സംവിധാനമാണ് CRCS. അതിനാല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ നിയന്ത്രണമില്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളായി കാണുന്നത് ശരിയല്ല. അവയ്ക്ക് പ്രത്യേകമായ ഒരു കേന്ദ്ര നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള statutory സംവിധാനങ്ങളും നിലവിലുണ്ട്.

ഒരു സ്ഥാപനത്തിന്റെ മുഖം പരസ്യങ്ങളാണെങ്കില്‍, ഓഡിറ്റ് അതിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഓഡിറ്റ് CRCSന്റെ പാനലില്‍ ഉള്‍പ്പെട്ട Chartered Accountants മുഖേന നടത്തപ്പെടുന്നത് ഈ സംവിധാനത്തിന് കൂടുതല്‍ പ്രൊഫഷണല്‍ വിശ്വാസ്യതയും ഉത്തരവാദിത്തവും നല്‍കുന്ന പ്രധാന ഘടകമാണ്.

സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ആസ്തി-ബാധ്യതകള്‍ തുടങ്ങിയവ നിയമപരമായ ചട്ടക്കൂടിനനുസരിച്ച് പരിശോധിക്കപ്പെടുന്നതിനാല്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്ഥാപനത്തിന്റെ സാമ്പത്തിക നില മനസിലാക്കുന്നതിന് പ്രധാനപ്പെട്ട രേഖകളാണ്.

നിയമങ്ങള്‍ ചട്ടക്കൂട് നല്‍കുന്നു. ഓഡിറ്റ് സാമ്പത്തിക പരിശോധനയ്ക്ക് സഹായിക്കുന്നു. CRCS statutory മേല്‍നോട്ടം നിര്‍വഹിക്കുന്നു. പരാതികള്‍ പരിഹരിക്കുന്നതിനായി ഛായൗറാെമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിലവിലുണ്ട്. അതേസമയം അനിയന്ത്രിത നിക്ഷേപ പദ്ധതികള്‍ക്കെതിരെ Banning of Unregulated Deposit Schemes Act, 2019 (BUDS Act) പോലുള്ള കേന്ദ്രനിയമങ്ങളും രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ നിയമപരമായ സംരക്ഷണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ട് നിക്ഷേപകന്റെ സ്വന്തം ജാഗ്രതയ്ക്ക് പ്രസക്തിയില്ലാതാകുന്നില്ല. നിയമവും പരിശോധനയും ജാഗ്രതയും ഒരുമിച്ചാണ് സാമ്പത്തിക സുരക്ഷയ്ക്ക് ശക്തമായ അടിത്തറ നല്‍കുന്നത്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വളര്‍ച്ചയെ വെറും സാമ്പത്തിക കണക്കുകളിലൂടെ മാത്രം കാണാനാകില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഒരേ സ്ഥാപനത്തിന്റെ ഭാഗമാകുമ്പോള്‍ ഭാഷയും സംസ്‌കാരവും പ്രദേശവും വ്യത്യസ്തമായ മനുഷ്യര്‍ സാമ്പത്തിക സഹകരണത്തിന്റെ ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കുന്നു.

മിക്ക മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ഈ വൈവിധ്യം ഒരു വലിയ ശക്തിയാണ്. ജാതി, മതം, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാമ്പത്തിക വേദി എന്ന നിലയില്‍ സഹകരണത്തിന് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ''ഞാന്‍'' എന്നതില്‍ നിന്ന് ''നമ്മള്‍'' എന്നതിലേക്കുള്ള യാത്രയാണ് സഹകരണം. അതുകൊണ്ടുതന്നെ അതിന്റെ വളര്‍ച്ച സാമ്പത്തിക വളര്‍ച്ച മാത്രമല്ല; സാമൂഹിക ഐക്യത്തിന്റെ കൂടി വളര്‍ച്ചയാണ്.

വളര്‍ച്ചയ്‌ക്കൊപ്പം വിശ്വാസവും വളരുമ്പോള്‍ മാത്രമേ ഈ മേഖലക്ക് മികച്ച ഭാവി ഉറപ്പിക്കാനാവൂ. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭാവി ബ്രാഞ്ചുകളുടെ എണ്ണത്തിലോ ആസ്തിയുടെ വലുപ്പത്തിലോ മാത്രം അളക്കാന്‍ കഴിയില്ല. എത്ര കുടുംബങ്ങള്‍ക്ക് സാമ്പത്തിക അച്ചടക്കം നല്‍കാന്‍ കഴിഞ്ഞു? എത്ര അംഗങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ കഴിഞ്ഞു? എത്ര സാധാരണ മനുഷ്യര്‍ക്ക് സാമ്പത്തിക ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞു? എത്രത്തോളം വിശ്വാസം സംരക്ഷിക്കാന്‍ കഴിഞ്ഞു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് യഥാര്‍ത്ഥ വിജയത്തിന്റെ മാനദണ്ഡങ്ങള്‍.

നിക്ഷേപം നടത്തുമ്പോള്‍ ഉയര്‍ന്ന വരുമാനം മാത്രം നോക്കരുത്. സ്ഥാപനത്തിന്റെ ചരിത്രം നോക്കുക. ബ്രാഞ്ചുകളുടെ എണ്ണം മാത്രം നോക്കരുത്. പ്രവര്‍ത്തന നിലവാരം നോക്കുക. പരസ്യങ്ങള്‍ മാത്രം നോക്കാതെ ആസ്തികളുടെ വലുപ്പവും സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുക. പുതിയ സ്ഥാപനങ്ങളെ തള്ളിക്കളയരുത്. പക്ഷേ അവയുടെ നടത്തിപ്പും പ്രവര്‍ത്തനശേഷിയും ശ്രദ്ധാപൂര്‍വം വിലയിരുത്തുക.

നിയമങ്ങള്‍ സംരക്ഷണം നല്‍കുന്നു. ഇഞഇട മേല്‍നോട്ടം നല്‍കുന്നു. ഓഡിറ്റ് സാമ്പത്തിക പരിശോധനയ്ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ ഇതെല്ലാം ചേര്‍ന്നാലും നിക്ഷേപകന്റെ സ്വന്തം ജാഗ്രതയ്ക്ക് പകരമാകില്ല. കാരണം ഒടുവില്‍ ഒരു നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉയര്‍ന്ന വരുമാനം മാത്രമല്ല. നിങ്ങളുടെ പണം എത്രയാണെന്നതുപോലെ തന്നെ, അത് ആരെയാണ് വിശ്വസിച്ച് ഏല്‍പ്പിക്കുന്നത് എന്നതും പ്രധാനമാണ്.

സഹകരണത്തിന്റെ ശക്തി വിശ്വാസത്തിലാണ്. ആ വിശ്വാസം സംരക്ഷിക്കുന്നത് സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല; നിക്ഷേപകരുടെയും അംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. ജാഗ്രതയുള്ള നിക്ഷേപകര്‍, സുതാര്യമായ സ്ഥാപനങ്ങള്‍, ഉത്തരവാദിത്തമുള്ള ഭരണസംവിധാനങ്ങള്‍, ശക്തമായ നിയമചട്ടക്കൂട്, കാര്യക്ഷമമായ ഓഡിറ്റ് ഇവയെല്ലാം ഒരുമിച്ചുനില്‍ക്കുമ്പോഴാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ മേഖല ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തില്‍ കൂടുതല്‍ ശക്തമായൊരു തൂണായി മാറുക.

അതിരുകള്‍ കടന്ന് സഹകരണം വളരട്ടെ. വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമ വളരട്ടെ. വളര്‍ച്ചയ്ക്ക് ചിറകുകള്‍ ലഭിക്കട്ടെ. ആ വളര്‍ച്ചയ്ക്ക് വിശ്വാസത്തിന്റെ വേരുകള്‍ ഉറപ്പാകട്ടെ. മള്‍ട്ടി സ്റ്റേറ്റ് സഹകരണത്തിന്റെ ഭാവി കൂടുതല്‍ വിശാലമാകട്ടെ കൂടുതല്‍ സുതാര്യമാകട്ടെ കൂടുതല്‍ വിശ്വസനീയമാകട്ടെ.

(ബിഎല്‍എം സൊസൈറ്റി ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് വിപി സൈതലവി കോട്ടക്കല്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT