Economy

ഗിഗ് തൊഴിലാളികൾക്കും കർഷകർക്കും എൻ.പി.എസ് പെൻഷൻ ആനുകൂല്യം; ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

അസംഘടിത മേഖലയിലെ കോടിക്കണക്കിന് ആളുകൾക്ക് വാർദ്ധക്യകാല സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സുപ്രധാന നീക്കം

Dhanam News Desk

സാമൂഹിക സുരക്ഷാ രംഗത്ത് നിർണയകമായ പ്രഖ്യാപനവുമായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA). ദേശീയ പെൻഷൻ പദ്ധതിയുടെ (NPS) കവറേജ് ഇനി പരമ്പരാഗത മേഖലയ്ക്ക് പുറത്തുള്ള വലിയൊരു വിഭാഗം ജനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ലാണ് എൻ.പി.എസ് പരിധി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം പിഎഫ്ആർഡിഎ ചെയർപേഴ്‌സൺ എസ്. രാമൻ നടത്തിയത്.

സുപ്രധാന ചുവടുവെപ്പ്

ഗിഗ് തൊഴിലാളികൾ (Gig Workers), കർഷകർ, സ്വയം സഹായ സംഘങ്ങളിലെ (SHGs) അംഗങ്ങൾ എന്നിവരെ എൻ.പി.എസിന്റെ പരിധിയിൽ കൊണ്ടുവരാനാണ് പി.എഫ്.ആർ.ഡി.എ. ലക്ഷ്യമിടുന്നത്. രാജ്യത്തെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് ആളുകൾക്ക് വാർദ്ധക്യകാല സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

കൂടാതെ, എൻ.പി.എസ് നിക്ഷേപകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനായി നിലവിലെ കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റീസ് എന്നിവയ്ക്ക് പുറമെ ചരക്ക് വിപണിയിലെ നിക്ഷേപം (Commodity Investments) പരിഗണിക്കുന്ന കാര്യവും പി.എഫ്.ആർ.ഡി.എ യുടെ സജീവ പരിഗണനയിലാണ്.

സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിൽ എൻ.പി.എസ് പ്രധാന പങ്കാണ് വഹിക്കുന്നത്. സമൂഹത്തിലെ അസംഘടിത മേഖലകളിലേക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ചുവടുവെപ്പായും നടപടിയെ കാണാവുന്നതാണ്.

ഇന്ത്യ അതിവേഗം മുന്നോട്ട്

2047 ഓടെ ഇന്ത്യയെ ഒരു വികസിതവും അഭിവൃദ്ധി പ്രാപിച്ചതുമായ രാഷ്ട്രമായി മാറുന്നതിൽ നിന്ന് ഭൂമിയിലെ ഒരു ശക്തിക്കും തടയാനാവില്ലെന്ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ യുവാക്കളിലും സംരംഭകരിലുമുള്ള അചഞ്ചലമായ വിശ്വാസമാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ യാത്ര അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത 25 വർഷം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്ന മുംബൈയുടെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ വികസനത്തെയും പിയൂഷ് ഗോയൽ പ്രശംസിച്ചു. നഗരത്തിന്റെ സമഗ്രമായ വികസനം പൂർത്തിയാകുന്നതോടെ, മുംബൈയിലെ ഏതൊരു പൗരനും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. വികസനം മുംബൈയെ കൂടുതൽ വേഗമുള്ളതും കാര്യക്ഷമതയുമുള്ള ആഗോള നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

NPS to cover gig workers and farmers; India aims for developed nation status by 2047, says Piyush Goyal.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT