Representational Image from Canva 
Economy

ആറുമാസത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 87,026 പേര്‍

ഇന്ത്യക്കാര്‍ക്ക് കുടിയേറാന്‍ താത്പര്യം അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്

Dhanam News Desk

2023 ജൂണ്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 87,026 പേര്‍. 2011 മുതല്‍ ഇതുവരെ 17.50 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരം 2022 ല്‍ മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നു വച്ചു.

2021 ല്‍ 1,63,370 പേര്‍, 2020 ല്‍ 85,256 പേര്‍, 2019ല്‍ 1,44,017, 2018 ല്‍ 1,34,561 പേര്‍ എന്നിങ്ങനെ പോകുന്നു പൗരത്വമുപേക്ഷിച്ചവരുടെ കണക്ക്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യന്‍ പൗരന്മാര്‍ കൂടുതലായി മാറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും വിദേശ പൗരത്വം സ്വന്തമാക്കിയത് വ്യക്തിപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്താണെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്ക തന്നെ മുന്നില്‍

ഇന്ത്യന്‍ പൗരന്മാരില്‍ കൂടുതലും കുടിയേറുന്നത് അമേരിക്കയിലേക്കാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. 2021 ല്‍ മാത്രം 78,284 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറിയത്.  ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 23,533 പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചത്. കാനഡയിലേക്ക് 21,597 പേരും യു.കെയിലേക്ക് 14,637 പേരും കുടിയേറി.

ഇറ്റലി (5,986), ന്യൂസിലന്‍ഡ്(2,643), സിംഗപ്പൂര്‍ (2,516), ജര്‍മനി (2,381), നെതര്‍ലന്‍ഡ്‌സ് (2,187), സ്വീഡന്‍ (1,841), സ്‌പെയിന്‍ (1,595) എന്നീ രാജ്യങ്ങളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT