ആളുകള്‍ നടപ്പ് കുറച്ചതാണോ? അതോ, ചെരുപ്പ് ഉപയോഗിക്കാന്‍ മടിക്കുന്നതോ? ഇന്ത്യയിലെ പ്രമുഖ ചെരുപ്പ് നിര്‍മാണ കമ്പനികളുടെ ഓഹരി വിപണിയിലെ ഗ്രാഫ് നോക്കിയാല്‍ ഈ സംശയം സ്വാഭാവികം. കഴിഞ്ഞ നിരവധി മാസങ്ങളുടെയോ വര്‍ഷങ്ങളുടെ തന്നെയോ കാര്യമെടുത്താല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മിക്കവാറും എല്ലാ കമ്പനികളുടെയും സൂചിക ഉയരങ്ങളില്‍ നിന്ന് താഴേക്ക്. ജി.എസ്.ടി ഇളവുകളുടെ സുഖാനുഭൂതിയും കാണ്‍മാനില്ല.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും നമുക്ക് പരിചിതരുമായ പ്രമുഖരായ ആറു ചെരുപ്പു നിര്‍മാതാക്കളുടെ കാര്യമെടുക്കാം: മെട്രോ ബ്രാന്‍ഡ്‌സ്, ബാറ്റ ഇന്ത്യ, റിലാക്‌സോ ഫുട്‌വെയര്‍, കാമ്പസ് ആക്ടീവ്, ലിബര്‍ട്ടി ഷൂസ്, മിര്‍സ ഇന്റര്‍നാഷണല്‍.
31,000 കോടിയിലേറെ വിപണി മൂലധനമുള്ള കമ്പനിയാണ് മെട്രോ ബ്രാന്റ്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,346 രൂപയില്‍ നിന്ന് 2025 ഒക്‌ടോബര്‍ 29 ആയപ്പോള്‍ 1,139ല്‍ എത്തി നില്‍ക്കുകയാണ് കമ്പനി. ബാറ്റ ഇന്ത്യയുടെ വിപണി മൂലധനം 14,000 കോടിയോളം വരും. ഒരു വര്‍ഷത്തിനിടയില്‍ 1,479 എന്ന ഉയര്‍ച്ച വിട്ട് 1,079 രൂപയിലേക്ക് വീണിരിക്കുകയാണ് ബാറ്റ. റിലാക്‌സോയുടെ കാര്യം അതിനേക്കാള്‍ കഷ്ടം.792ല്‍ നിന്ന് 439ലേക്ക്. കാമ്പസ് ആക്ടീവ് 337ല്‍ നിന്ന് 279ല്‍. ലിബര്‍ട്ടി 568ല്‍ നിന്ന് 321ല്‍. മിര്‍സ ഇന്റര്‍നാഷണല്‍ 45ല്‍ നിന്ന് 37ല്‍. മെട്രോബ്രാന്റിന്റെ ഓഹരി സൂചിക മലകയറിയിറങ്ങുന്ന പ്രതീതിയാണ് നല്‍കുന്നതെങ്കില്‍ ബാറ്റയുടെ ഓഹരി വില താഴ്ന്നുകൊണ്ടേയിരിക്കുന്നതാണ് ചിത്രം.
ബാറ്റയുടെ പുതിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ സെപ്തംബര്‍ വരെയുള്ള ത്രൈമാസവുമായി നോക്കിയാല്‍ 73 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു. 14 കോടിയില്‍ താഴെ മാത്രം. വരുമാനം നാലു ശതമാനം ഇടിഞ്ഞ് 801 കോടിയിലെത്തി. ഒരു വര്‍ഷത്തിനിടയില്‍ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ച നഷ്ടം 19 ശതമാനത്തോളം. മൂന്നു വര്‍ഷത്തെ കണക്കെടുത്താല്‍ അത് 38 ശതമാനമാണ്.
റിലാക്‌സോയുടെ അടിത്തറ (Fundamentals) കൂടുതല്‍ ദുര്‍ബലമായെന്നാണ് കണക്കുകള്‍. അഞ്ചു വര്‍ഷത്തിനിടയില്‍ വില്‍പനയിലെ തളര്‍ച്ച മൂന്നു ശതമാനമാണ്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) 9-10 ശതമാനമായി. മറ്റു ചെരിപ്പു നിര്‍മാണ കമ്പനികളുടെ ചിത്രവും മോശം.
ഡിമാന്റ് കുറഞ്ഞിട്ടുണ്ട് എന്നാണ് ബാറ്റ പറയുന്നത് -പ്രത്യേകിച്ച് നഗരങ്ങളില്‍. ജി.എസ്.ടി ഇളവുകള്‍ മൂലം വ്യാപാരികള്‍ സ്‌റ്റോക്ക് എടുക്കല്‍ നീട്ടിയതും സമീപ നാളുകളിലെ പ്രശ്‌നം. അതിനും ഉപരി, ചെരിപ്പിട്ട് കൂടുതല്‍ നടക്കുന്നതിലും കുറവു വന്നോ? Foot Traffic ദുര്‍ബലമായിരിക്കുന്നുവെന്ന് കമ്പനികള്‍ വിലയിരുത്തുന്നു. തുകല്‍, റബര്‍, സിന്തറ്റിക് സാമഗ്രികള്‍ തുടങ്ങി അസംസ്‌കൃത വസ്തുക്കളുടെ വില കൂടി. പ്രവര്‍ത്തന ചെലവ് ഉയര്‍ന്നു. ലാഭ മാര്‍ജിന്‍ താഴ്ന്നു.
കയറ്റുമതിയില്‍ വലിയ വെല്ലുവിളികളാണ്. ആഗോള വിപണിയില്‍ മത്‌സരിച്ചു പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നു. 2024-25ലെ തുകല്‍-ചെരുപ്പ് കയറ്റുമതി 25 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ തന്നെയാണിത്. ആഗോള വിപണിയില്‍ ഇന്ത്യന്‍ ചെരുപ്പുകള്‍ക്ക് ഇടം താരതമ്യേന കുറവാണ്. വിയറ്റ്‌നാമില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെ ശക്തമായ മത്‌സരം നേരിടുകയും ചെയ്യുന്നു. ട്രംപിന്റെ പുതിയ ലോകക്രമം വന്നതോടെ ഓര്‍ഡറുകള്‍ കുറയുന്ന സ്ഥിതി.
എന്നു കരുതി ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്ക് ഇനി ശോഭനമായ ഭാവി ഇല്ലെന്ന് എഴുതി തള്ളാമോ? ആളുകള്‍ പല്ലു തേയ്ക്കുന്ന കാലത്തോളം ബ്രഷ് വില്‍പന ഉഷാറായി നടക്കുമെന്നു പറയുന്നതു പോലെ, മനുഷ്യര്‍ നടക്കുവോളം ചെരുപ്പുകള്‍ പല വൈവിധ്യങ്ങളില്‍ പുറത്തിറങ്ങും. ഒന്നിലധികം ചെരുപ്പുകള്‍ ഒരാള്‍ ഉപയോഗിക്കുന്ന കാലത്തിലേക്ക് ലോകം മാറി. ഇ-കൊമേഴ്‌സ് വ്യാപാരം ശക്തിപ്പെട്ടു. മധ്യവര്‍ഗക്കാരുടെ എണ്ണം കൂടുന്നതും ചെരുപ്പു കമ്പനികളുടെ വിപണിക്ക് വിശാലത നല്‍കുന്നു.
ആഗോള തലത്തിലെന്ന പോലെ ഇന്ത്യന്‍ വിപണിയിലും കടുത്ത മത്‌സരമാണ് മുന്നില്‍. ക്വാളിറ്റി, സുഖം എന്നിവക്കാണ് ആളുകള്‍ മാര്‍ക്കിടുന്നത്. ഇവിടേക്കും ഇറക്കുമതി ചെരുപ്പുകള്‍ വരുന്നുണ്ട്. അതിനെല്ലാമൊത്ത് ഇന്ത്യന്‍ കമ്പനികള്‍ ഉപയോക്താക്കളുടെ കംഫര്‍ട്ട് നോക്കാന്‍ ബാധ്യസ്ഥം. ആഗോള തലത്തിലാകട്ടെ, വ്യാപാര നയങ്ങള്‍, വിപണന ക്രമീകരണങ്ങള്‍, മാര്‍ജിന്‍ എന്നിവയെല്ലാം ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു മുന്നില്‍ വില്ലനായി ഉണ്ട്.
ആഭ്യന്തര വിപണിയില്‍ സ്മാര്‍ട്ടാകാന്‍ പണി പലതും പയറ്റുകയാണ് കമ്പനികള്‍. കൂടുതല്‍ മാര്‍ജിന്‍ കിട്ടുന്ന പ്രീമീയം ഉല്‍പന്നങ്ങള്‍, മെച്ചപ്പെട്ട ബാന്‍ഡുകള്‍, വിപണന വിപുലീകരണം തുടങ്ങി ചെലവു ചുരുക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine