Narendra Modi/Image Courtesy: FB 
Economy

പരിഷ്‌കരണ യാത്രയില്‍ നാഴികക്കല്ലായ വര്‍ഷം; ആഗോള ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയെന്ന് മോദി

ലിങ്ക്ഡ്ഇന്‍ ലേഖനത്തിലൂടെയാണ് പ്രധാനമന്ത്രി വിലയിരുത്തല്‍ പങ്കുവെച്ചത്

Dhanam News Desk

2025 ഇന്ത്യയുടെ പരിഷ്‌കരണ യാത്രയില്‍ നാഴികക്കല്ലായി മാറിയ വര്‍ഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപരിഷ്‌കരണങ്ങളും യുവജനശക്തിയും ചേര്‍ന്ന് ഇന്ത്യയെ ആഗോള ശ്രദ്ധയുടെ കേന്ദ്രമായി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

ലിങ്ക്ഡ്ഇന്‍ ലേഖനത്തിലൂടെയാണ് പ്രധാനമന്ത്രി വിലയിരുത്തല്‍ പങ്കുവെച്ചത്. ഭരണസംവിധാനങ്ങളെ നവീകരിക്കുകയും, നിയമങ്ങള്‍ ലളിതമാക്കുകയും, വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുന്ന പുതുതലമുറ പരിഷ്‌കരണങ്ങളാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഇന്ത്യയെ ഇന്ന് പ്രതീക്ഷയോടെയും വിശ്വാസത്തോടെയും കാണുന്നു.

നികുതി പരിഷ്‌കരണങ്ങള്‍ അടക്കമുള്ള പ്രധാന മാറ്റങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 5 ശതമാനവും 18 ശതമാനവും മാത്രമുള്ള ജിഎസ്ടി ഘടന, കൂടാതെ ആദായനികുതി നിയമം 2025 എന്നിവ കൊണ്ടുവന്നതോടെ 12 ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് നികുതിമുക്തി ലഭിച്ചത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപം ആകര്‍ഷിക്കുന്നതിന് നടപ്പാക്കിയ ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം, ചെറുകിട കമ്പനികളുടെ നിര്‍വചനത്തില്‍ ഇളവുകള്‍, പഴയ നിയമങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികളും അദ്ദേഹം പരാമര്‍ശിച്ചു. തൊഴില്‍ നിയമങ്ങളില്‍ 29 നിയമങ്ങളെ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ തൊഴിലാളി സംരക്ഷണവും ബിസിനസ് കാര്യക്ഷമതയും ഒരുപോലെ ഉറപ്പാക്കിയതായി മോദി പറഞ്ഞു. വനിതാ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യാപാര രംഗത്ത്, യുകെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പുവച്ചതും, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കിയതും ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കരണങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും സഹകരണത്തിനും ഡാറ്റ അധിഷ്ഠിത തീരുമാനങ്ങള്‍ക്കും വഴികാട്ടിയാണ്. ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ലോകം തുടര്‍ന്നും വിശ്വാസം പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT