Economy

വാക്‌സിന്‍ എത്തുവോളം വീട്ടില്‍ ഇരുന്നാല്‍ വേതനം എങ്ങനെ കിട്ടും? - രാജീവ് ബജാജ്

Dhanam News Desk

കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെ ചോദ്യം ചെയ്ത് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. തമിഴ്നാട്,ആസാം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടിയതിന്റെ പേരില്‍ ഗുണപരമായ എന്തു മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്?. യഥാര്‍ത്ഥ കണക്കുകളിലൂടെയാണ് ഫലം വ്യക്തമാക്കേണ്ടത്  - അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വരുന്നതുവരെ എല്ലാവരും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെയാകട്ടെ. പക്ഷേ, ഒന്നും  രണ്ടും വര്‍ഷം വരെ എല്ലാവരും വീട്ടില്‍ ഇരിക്കുകയാണെങ്കില്‍, വേതനം നല്‍കുന്നത് തുടരാന്‍ കഴിയുന്ന ഒരു കമ്പനിയും ഇല്ലെന്ന കാര്യവും മനസിലാക്കണം. ജോലിയില്ലെങ്കില്‍ ശമ്പളവും ഇല്ലെന്ന നയം നടപ്പാക്കേണ്ടിവരും - ബജാജ് പറഞ്ഞു.ലോക്ഡൗണ്‍ ഉണ്ടായിരുന്നപ്പോള്‍ രോഗം കുറവായിരുന്നെന്നും നിയന്ത്രണങ്ങള്‍ മാറ്റിയതോടെ രോഗ ബാധ കൂടിയെന്നുമുള്ള അവകാശ വാദം വസ്തുനിഷ്ഠമല്ല.ശരിയായ കണക്കുകള്‍ ആദ്യം പുറത്തു വന്നിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ ക്രൂരമായ നീക്കമായിപ്പോയെന്നും കൊവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തിനിടെ രാജീവ് ബജാജ് നേരത്തെ  തുറന്നുപറഞ്ഞിരുന്നു. ഇത്തരം അടച്ചു പൂട്ടല്‍ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കുകതയെന്നതാകണം സര്‍ക്കാര്‍ നയം.ഇത്തിരി വൈകിയാണെങ്കിലും ജനങ്ങള്‍ അതിനെ അംഗീകരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കൊവിഡില്‍ അടിപതറി വീണെങ്കില്‍ ലോകത്തെവിടെയും കൊവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം. സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോള്‍ മാത്രമാണ് കൊവിഡ് ആഗോളപ്രശ്‌നമായി മാറിയത്. ആഫ്രിക്കയില്‍ എല്ലാ വര്‍ഷവും എട്ടായിരത്തോളം കുട്ടികള്‍ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല - രാജീവ് ബജാജ് ചൂണ്ടിക്കാട്ടി. 

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളെ മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യന്‍ രാജ്യമെന്ന നിലയില്‍ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് നല്ല ശീലമല്ലെന്നും രാഹുല്‍ ബജാജ് പറഞ്ഞിരുന്നു. 

ഔറംഗബാദിനടുത്തുള്ള ബജാജ് ഓട്ടോയുടെ വാലുജ് പ്ലാന്റില്‍ 140 ജീവനക്കാര്‍ കോവിഡ് -19 പോസിറ്റീവ് ആയിരുന്നു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആവശ്യമായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും കമ്പനി നടപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുമായി വ്യക്തമായി ആശയവിനിമയം നടത്തിയെന്നും ബജാജ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT