നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ കരുതല്‍ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ ഡേറ്റ. സെപ്റ്റംബര്‍ അവസാനവാരം 200 കിലോഗ്രാം സ്വര്‍ണമാണ് ആര്‍.ബി.ഐ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്. സെപ്റ്റംബര്‍ 26 വരെയുള്ള ആകെ കരുതല്‍ ശേഖരത്തിന്റെ മൂല്യം 95 ബില്യണ്‍ ഡോളര്‍ (8.34 ലക്ഷം കോടി രൂപ) ആണ്.
കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം 600 കിലോഗ്രാം സ്വര്‍ണം ആര്‍.ബി.ഐ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 541.30 കിലോഗ്രാം സ്വര്‍ണമാണ് കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത് എന്നിരിക്കെയാണിത്.
ഡോളര്‍ അധിഷ്ഠിത നിക്ഷേപത്തില്‍ നിന്ന് ആര്‍.ബി.ഐ സ്വര്‍ണത്തിലേക്ക് കൂടുതല്‍ താത്പര്യം കാണിക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. സ്വര്‍ണ ശേഖരം കാര്യമായി ഉയരുമ്പോള്‍ യു.എസ് ട്രഷറി സെക്യൂരിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ് കാര്യമായി കുറയുന്നതായി റിസര്‍വ് ബാങ്കിന്റെയും യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ഡേറ്റകള്‍ വ്യക്തമാക്കുന്നു.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നോക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ ട്രഷറി സെക്യൂരിറ്റീസ് നിക്ഷേപം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 219 ബില്യണ്‍ ഡോളറിലാണ്.
അതേസമയം, സെപ്റ്റംബര്‍ 26 വരെയുള്ള കണക്കുപ്രകാരം റിസര്‍വ് ബാങ്കിന്റെ വിദേശ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് 13.6 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തിനു മുന്‍പുള്ളതിനേക്കാള്‍ 9.3 ശതമാനം ഉയര്‍ച്ചയാണിത്. ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം വിദേശ നാണയ കരുതല്‍ ശേഖരം 698 ബില്യണ്‍ ആണ്.
ജൂണില്‍ റിസര്‍വ് ബാങ്കിന്റെ യു.എസ് ട്രഷറി സെക്യൂരിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് 227.4 ബില്യണ്‍ ഡോളറായിരുന്നത് ജൂലൈയില്‍ 219.7 ബില്യണ്‍ ഡോളറായി ചുരുങ്ങി. മുന്‍വര്‍ഷം ഇതേ മാസത്തില്‍ ഇത് 238.8 ബില്യണ്‍ ഡോളറായിരുന്നു.
ലോകത്തെ കേന്ദ്ര ബാങ്കുകളുടെ മൊത്തം യു.എസ് ട്രഷറി നിക്ഷേപം 9.1 ലക്ഷം കോടി ഡോളറാണ്. 1.1 ലക്ഷം കോടി ഡോളറുമായി ജപ്പാനാണ് മുന്നില്‍. 899 ബില്യണ്‍ ഡോളറുമായി യു.കെയും 730.7 ബില്യണ്‍ ഡോളറുമായി ചൈനയുമാണ് മൂന്നും നാലുംസ്ഥാനങ്ങളില്‍. കേമാന്‍ ഐലന്‍ഡ്‌സിന് (439 ഡോളര്‍) പിന്നില്‍ ആറാം സ്ഥാനത്താണ് 219 ബില്യണ്‍ ഡോളറുള്ള ഇന്ത്യ.
വിദേശ ശേഖരം വൈവിധ്യവൽക്കരിക്കാനുള്ള നയം ഇന്ത്യ പിന്തുടരുന്നതാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. വിലയിലെ ഉയര്‍ച്ച നോക്കുമ്പോള്‍ മികച്ച ചോയ്‌സാണ് സ്വര്‍ണം. എന്നാല്‍ അതിനേക്കാള്‍ സുരക്ഷിതത്വമാണ് കേന്ദ്ര ബാങ്കിനെ സ്വര്‍ണത്തിലേക്ക് ശ്രദ്ധ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. യു.എസിലെ താരിഫ് പ്രശ്‌നങ്ങളും മറ്റും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും അനിശ്ചിതത്വത്തിന് ഇടയാക്കുന്നുണ്ട്. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ പലിശ നിരക്ക് നയത്തിലും ആശങ്കയുണ്ട്. ഇതാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും ഉയര്‍ന്ന വിലയിലും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഇക്കാരണം കൊണ്ട് തന്നെ. ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരത്തില്‍ 15 ടണ്ണിന്റെ വര്‍ധനയാണ് ഓഗസ്റ്റില്‍ വരുത്തിയിരിക്കുന്നതെന്ന് ഐ.എം.എഫിന്റെയും കേന്ദ്ര ബാങ്കുകളുടെയും ഡാറ്റ വിശകലനം ചെയ്ത് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine