Canva
Economy

'അയല്‍പക്കക്കാര്‍ക്ക്' രൂപയില്‍ വായ്പ കൊടുക്കാന്‍ ഇന്ത്യ, അന്താരാഷ്ട്ര കറന്‍സിയാകാനുള്ള പുതിയ ചുവട്, അനുമതി തേടി റിസര്‍വ് ബാങ്ക്

ആദ്യം പരിഗണിക്കുന്നത് ഈ നാല് രാജ്യങ്ങള്‍

Dhanam News Desk

ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയൊരു ചുവടുവയ്പിനൊരുങ്ങി റിസര്‍വ് ബാങ്ക്. അയല്‍രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കാന്‍ ആഭ്യന്തര ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടുത്തെ ഉപയോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കാനാണ് റിസര്‍വ് ബാങ്ക് കേന്ദ്രത്തിന്റെ അനുമതി തേടിയത്.

വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിന് നീക്കം നടക്കുന്നത് ഇതാദ്യമാണ്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്‌സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ശിപാര്‍ശ കഴിഞ്ഞമാസം റിസര്‍വ് ബാങ്ക് കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയതായാണ് അറിയുന്നത്.

ആദ്യം ഈ രാജ്യങ്ങളില്‍

തുടക്കമെന്ന നിലയില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നോണ്‍ റെസിഡന്റ്‌സിന് രൂപയില്‍ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ശിപാര്‍ശ. ഇതു വിജയകരമായാല്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ഇത് വഴി സാധിക്കും.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024-25ല്‍ ദക്ഷിണേഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 90 ശതമാനവും ഈ നാല് രാജ്യങ്ങളിലേക്കായിരുന്നു. ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.

വ്യാപാര ആവശ്യങ്ങള്‍ക്കായി മാത്രമാകും ആര്‍ബിഐ വിദേശ വായ്പകള്‍ രൂപയില്‍ അനുവദിക്കുക. വിദേശത്ത് രൂപയില്‍ വായ്പ ലഭ്യമാക്കുന്നത് വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വിദേശ കറന്‍സികളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും.

രൂപയെ ആഗോളമാക്കാന്‍

നിലവില്‍, മറ്റ് രാജ്യങ്ങളില്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്കുകള്‍ക്ക് വിദേശ കറന്‍സിയില്‍ മാത്രമേ വായ്പ നല്‍കാന്‍ കഴിയൂ, മാത്രമല്ല, ഈ വായ്പകള്‍ കൂടുതലും ഇന്ത്യന്‍ കമ്പനികള്‍ക്കാണ് നല്‍കുന്നത്.

ആഗോള വ്യാപാരത്തിലും നിക്ഷേപത്തിലും പ്രാദേശിക കറന്‍സിയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് റുപ്പി അക്കൗണ്ടുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അടുത്തിടെ അനുമതി നല്‍കിയിരുന്നു.

രൂപയിലുള്ള നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനായി, വിദേശ ബാങ്കുകള്‍ക്ക് വോസ്‌ട്രോ അക്കൗണ്ടുകള്‍ വഴി സോവറിന്‍ ബോണ്ടുകള്‍ വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്യുന്നതിന് റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ അനുമതി തേടിയതായി ഈ മാസം ആദ്യം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT