AI Image Chat GPT
Economy

ഇ.എം.ഐ കുറയില്ല, വിപണിക്കും രൂപക്കും നേരിയ ആശ്വാസമാകാം; റിസര്‍വ് ബാങ്ക് നാളെ പലിശ നിരക്ക് മാറ്റിയില്ലെങ്കില്‍ ഫലം ഇങ്ങനെ

ഭവനവായ്പ, വാഹന വായ്പ എന്നിവയുടെ പ്രതിമാസ തിരിച്ചടവു തുകയില്‍ (EMI) ഉടനടി ഒരു കുറവ് പ്രതീക്ഷിക്കേണ്ട

Dhanam News Desk

വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന അര്‍ധ വാര്‍ഷിക ധനനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് വിലയിരുത്തല്‍. നിരക്ക് 5.50%-ല്‍ തന്നെ തുടരുമെന്നാണ് ആദ്യ സൂചനകള്‍. പണപ്പെരുപ്പ പ്രവചനത്തില്‍ നേരിയ കുറവും സാമ്പത്തിക വളര്‍ച്ചാ കാഴ്ചയില്‍ ചെറിയ ഉയര്‍ച്ചയും വരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പലിശ കുറയാന്‍ ഇടയില്ല

ഉപഭോക്തൃ വില സൂചിക (CPI) കുറയുന്നങ്കിലും RBI ലക്ഷ്യമിടുന്ന 4% നിരക്കിനേക്കാള്‍ ഇപ്പോഴും മുകളിലാണ്. ഭക്ഷ്യവിലകള്‍, ഇന്ധന വിലകളിലെ അനിശ്ചിതത്വം, ആഗോള വിതരണ ശൃംഖല തടസ്സങ്ങള്‍ എന്നിവയാണ് സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇതിനാല്‍ പലിശ കുറയ്ക്കുന്നത് ഇപ്പോള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെയും വിപണിയുടെയും അഭിപ്രായം.

രൂപയുടെ വീഴ്ചക്കിടയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 90 കടന്ന സാഹചര്യങ്ങള്‍ക്കിടയിലാണ് നയപ്രഖ്യാപനം. ഈ സമയം പലിശ നിരക്ക് കുറക്കുക കൂടി ചെയ്താല്‍ രൂപയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാകാം. കൂടാതെ വിദേശ നിക്ഷേപകര്‍ (FPI) തുടര്‍ച്ചയായി ഓഹരി വിപണിയില്‍ വിറ്റൊഴിവാകുന്ന സാഹചര്യത്തില്‍ RBI നിരക്കുകള്‍ മാറ്റാതെ നിലനിര്‍ത്തുകയാണ് സുരക്ഷിതമെന്നും വിലയിരുത്തല്‍.

നാണ്യപ്പെരുപ്പം ഇനിയും കുറയുമോ?

നാണ്യപ്പെരുപ്പം കുറയുന്ന പ്രവണതയാണ് ഇപ്പോള്‍. ഭക്ഷ്യഉല്‍പാദനത്തിലും കൃഷിയിലും സ്ഥിരത കണ്ടുവരുന്നു. അന്താരാഷ്ട്ര സാധന വിലകളും കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നില്ല. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പ പ്രവചനം താഴ്ന്ന നിരക്കിലേക്കാവും. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി ഉള്‍പ്പെടെ ആഗോള ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ശക്തമായ നിലയിലാണ് ഇപ്പോള്‍ കാണുന്നത്. സേവന മേഖലയിലെ വളര്‍ച്ചയും ആഭ്യന്തര ഉപഭോഗത്തിലെ ശക്തിയും കയറ്റുമതിയിലെ വീണ്ടെടുപ്പും ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങള്‍. അതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ജി.ഡി.പി പ്രവചനം അല്‍പം ഉയര്‍ന്ന തോതിലേക്ക് ആയേക്കും.

സന്ദേശം എന്താണ്?

റിസര്‍വ് ബാങ്ക് പലിശ നിരക്ക് അതേപടി നിലനിര്‍ത്തിയാല്‍ സാധാരണ ജനങ്ങള്‍ക്കും വിപണിക്കും നല്‍കുന്ന ഫലം ഇവയായിരിക്കും. ഭവനവായ്പ, വാഹന വായ്പ എന്നിവയുടെ പ്രതിമാസ തിരിച്ചടവു തുകയില്‍ (EMI) ഉടനടി ഒരു കുറവ് പ്രതീക്ഷിക്കേണ്ട. നയത്തിലെ സ്ഥിരത വിപണിയില്‍ ആശ്വാസം നല്‍കാം. നിരക്കില്‍ മാറ്റമില്ലാത്തത് രൂപയ്ക്ക് ചെറിയ പിന്തുണ നല്‍കും. സ്വര്‍ണ വിലയുടെ അമിത ചാഞ്ചാട്ടം കുറയാനും ഇടയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT