കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ (RBI) റെക്കോര്‍ഡ് ലാഭവിഹിതം. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് (FY27) 2.87 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് സര്‍പ്ലസ് ട്രാന്‍സ്ഫര്‍ (ലാഭവിഹിതം) ആയി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇന്ന് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 2.69 ലക്ഷം കോടി രൂപയായിരുന്നു. റെക്കോഡ് തുകയാണ് റിസര്‍വ് ബാങ്ക് കൈമാറുന്നതെങ്കിലും സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിവിഡന്റും ആര്‍ബിഐയില്‍ നിന്നുള്ള ലാഭവിഹിതവും ഉള്‍പ്പെടെ ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ വിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നത്.
ഓരോ സാമ്പത്തിക വര്‍ഷവും ചെലവുകള്‍ കഴിച്ചുള്ള നീക്കിയിരുപ്പ് ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറാറുണ്ട്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ആര്‍ബിഐയില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു.
ആര്‍ബിഐയില്‍ നിന്നുള്ള ഈ വന്‍ തുകയ്ക്ക് പോലും കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് റോയിട്ടേഴ്‌സ് സര്‍വേ വെളിപ്പെടുത്തുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജ്ജ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയ്ക്ക് ഈ തുക ഒരു വലിയ സാമ്പത്തിക പ്രതിരോധം (Fiscal Buffer) തീര്‍ക്കും. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. രാജ്യത്തെ 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് (Bond Yield) ഈ വര്‍ഷം 50 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.10 ശതമാനത്തില്‍ എത്തി.
രൂപയുടെ മൂല്യത്തില്‍ ഏകദേശം 7 ശതമാനത്തോളം ഇടിവുണ്ടായി. വിദേശ കമ്മി കുറയ്ക്കുന്നതിനായി ഇതിനകം തന്നെ ചില കര്‍ശന നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നിട്ടുണ്ട്.
ഡോളര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം, വിദേശ കടപ്പത്രങ്ങളിന്മേലുള്ള പലിശ, സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള പലിശ അടക്കമുള്ളവയില്‍ നിന്നാണ് റിസര്‍വ് ബാങ്കിന് വരുമാനം ലഭിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിദേശനാണ്യ വിപണിയിലെ ഇടപെടലുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനമാണ് വന്‍ ലാഭവിഹിതത്തിന് വഴിയൊരുക്കിയത്.
പ്രത്യേകിച്ച്, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ 10 ശതമാനത്തോളം ഇടിവും സ്വര്‍ണവിലയിലുണ്ടായ 60 ശതമാനം കുതിച്ചുചാട്ടവും ആര്‍ബിഐയുടെ അക്കൗണ്ടിംഗ് ലാഭം ഗണ്യമായി വര്‍ധിപ്പിച്ചു. കൂടാതെ, ബാങ്കിംഗ് വ്യവസ്ഥയിലേക്ക് ലിക്വിഡിറ്റി (പണലഭ്യത) ഉറപ്പാക്കാന്‍ ആര്‍ബിഐ ഏകദേശം 9 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയിരുന്നു.
രാജ്യാന്തര തലത്തില്‍ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ന്ന് നിന്നത് ആര്‍.ബി.ഐയുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ബാലന്‍സ് ഷീറ്റിന്റെ വളര്‍ച്ച വരുമാനം കൂട്ടിയെങ്കിലും, കേന്ദ്രത്തിന് നല്‍കുന്ന തുക നിശ്ചയിക്കുന്നത് ആര്‍ബിഐയുടെ ആഭ്യന്തര കരുതല്‍ ശേഖരത്തെ (Internal Reserves) അടിസ്ഥാനമാക്കിയാണ്. പരിഷ്‌കരിച്ച ഇക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ECF) അനുസരിച്ച് ആര്‍ബിഐയുടെ കണ്ടിന്‍ജന്റ് റിസ്‌ക് ബഫര്‍ (CRB) മൊത്തം ബാലന്‍സ് ഷീറ്റിന്റെ 4.5 ശതമാനത്തിനും 7.5 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ ഈ റിസ്‌ക് ബഫര്‍ അതിന്റെ പരമാവധി പരിധിയായ 7.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ ബഫര്‍ പരിധി മുന്‍കാലങ്ങളിലെപ്പോലെ കുറയ്ക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് തയ്യാറായിരുന്നെങ്കില്‍ സര്‍ക്കാരിന് ഇതിലും ഉയര്‍ന്ന തുക ലാഭവിഹിതമായി ലഭിക്കുമായിരുന്നു എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ലാഭവിഹിതം കിട്ടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ ആശ്വാസമാകും. ഇറാന്‍-യുഎസ് യുദ്ധം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ചെലവുകള്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാപാര കമ്മി കൂടുകയും വിദേശനാണ്യ ശേഖരം കുത്തനെ കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 96 എന്ന റെക്കോഡും കടന്നു. റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 20.61 ശതമാനം വളര്‍ച്ചയോടെ 2026 മാര്‍ച്ച് 31-ഓടെ 91.97 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തിലിത് 76.25 ലക്ഷം കോടി രൂപയായിരുന്നു.
RBI announced a record ₹2.87 lakh crore surplus transfer to the Centre, offering fiscal relief amid rising oil prices and deficit concerns.
Read DhanamOnline in English
Subscribe to Dhanam Magazine