Economy

ഗുജറാത്തിലേക്ക് ഒഴുകുന്നത് 8.6 ലക്ഷം കോടി; അംബാനി, അദാനി, മാരുതി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ എങ്ങനെ മാറ്റും?

സമയബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍, ഗുജറാത്ത് വെറും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല, ഉത്പാദനവും ഊര്‍ജവും കയറ്റുമതിയും ചേര്‍ന്ന ഇന്ത്യയുടെ ദീര്‍ഘകാല വ്യവസായ ശക്തികേന്ദ്രമാകും

Dhanam News Desk

ഒരു സംഖ്യ കൊണ്ട് തുടങ്ങാം. 8.6 ലക്ഷം കോടി രൂപ. ഇത് വെറും വാഗ്ദാനത്തിന്റെ കണക്ക് മാത്രമാകാന്‍ ഇടയില്ല. ഇന്ത്യയിലെ അതിശക്തരായ മൂന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങളായ റിലയന്‍സും അദാനി ഗ്രൂപ്പും മാരുതി സുസൂക്കിയും ഗുജറാത്തില്‍ നടത്തിയ നിക്ഷേപ പ്രഖ്യാപനമാണിത്. ഈ നിക്ഷേപങ്ങള്‍ ഒരു മേഖലയിലേക്കല്ല. അത് തൊഴില്‍ രംഗത്തും വ്യവസായ ശൃംഖല, കയറ്റുമതി, ഊര്‍ജം, ഡാറ്റ ഇന്‍ഫ്ര മേഖലകളിലും വലിയൊരു ദീര്‍ഘകാല മാറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാണ്. ഇപ്പോള്‍ തന്നെ ബിസിനസ് പൈതൃകവും അതിനൊത്ത വളര്‍ച്ചയും അവകാശപ്പെടാവുന്ന ഗുജറാത്തിന് പുതിയൊരു കുതിപ്പു നല്‍കാന്‍ ഈ ചുവടുവെയ്പുകള്‍ സഹായിക്കും.

റിലയന്‍സ്

ജാംനഗറില്‍ വലിയ നിര്‍മിത ബുദ്ധി ഡാറ്റ സെന്റര്‍ ഉള്‍പ്പെടെ, ക്ലീന്‍ എനര്‍ജിയിലും ഡിജിറ്റല്‍ ഇന്‍ഫ്രയിലുമുള്ള വിപുലമായ പദ്ധതികളാണ് റിലയന്‍സ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ഡേറ്റാ സെന്റര്‍ കൊണ്ടുവരുന്നത് IT ജോലികള്‍ മാത്രമല്ല. പവര്‍, ഫൈബര്‍, കൂളിംഗ്, വാട്ടര്‍ മാനേജ്‌മെന്റ്, സെക്യൂരിറ്റി തുടങ്ങി നിരവധി ഉപമേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കും.

അദാനി ഗ്രൂപ്പ്

കച്ചില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് ലക്ഷ്യമിട്ട് നീങ്ങുകയാണ് അദാനി ഗ്രൂപ്പ്. 2030ഓടെ 37 GW ശേഷി - ഇത്രയും വലിയ ഊര്‍ജ അടിസ്ഥാന സൗകര്യം എന്നത് ഭാവിയിലെ ഫാക്ടറികള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും വലിയ ആകര്‍ഷണം.

മാരുതി സുസൂകി

5,000 കോടി രൂപ മുതല്‍മുടക്കില്‍ ഭൂമി ഏറ്റെടുത്ത് വര്‍ഷം 10 ലക്ഷം വാഹനങ്ങളുടെ അധിക ഉത്പാദന ശേഷി ലക്ഷ്യമിടുന്ന പദ്ധതിയാണ് മാരുതി സുസൂകി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വാഹനങ്ങള്‍ മാത്രമല്ല, ഓട്ടോ പാര്‍ട്സ് നിര്‍മാതാക്കള്‍, ലോജിസ്റ്റിക്സ്, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ്, ടയര്‍ കമ്പനികള്‍ എല്ലാം ചേര്‍ന്നൊരു വിതരണ ശൃംഖല രൂപപ്പെടുത്തും.

ഗുജറാത്തിന് ഇതിനകം തന്നെ വലിയ വ്യവസായ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 26%ത്തിലേറെ പങ്ക് ഗുജറാത്തിന്റേതാണ്. കൂടാതെ രാജ്യത്തെ ചരക്ക് കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളില്‍ ഏകദേശം 40% ഗുജറാത്തിലാണ്. പുതിയ വാഹന ഉത്പാദനം വന്നാല്‍ കയറ്റുമതിയിലേക്കുള്ള വഴി തുറന്നുകിടക്കുന്നു.

പുതിയ നിക്ഷേപങ്ങളുടെ മറ്റൊരു പ്രത്യേകത, എല്ലാം അഹമ്മദാബാദ്‌, സൂറത്ത് പരിസരങ്ങളില്‍ ഒതുങ്ങുന്നില്ല എന്നതാണ്. ജാംനഗര്‍, കച്ച്, മുന്ദ്ര പോലുള്ള മേഖലകളാണ് കേന്ദ്രബിന്ദു. ഇത് അവിടങ്ങളിലെ ഹൗസിംഗ്, ചെറുകിട വ്യാപാരം, ട്രാന്‍സ്‌പോര്‍ട്ട്, സ്‌കില്‍ ട്രെയിനിംഗ്, എം.എസ്.എം.ഇ കരാറുകള്‍ എന്നിവയ്ക്ക് പുതിയ ജീവന്‍ നല്‍കും.

സര്‍ക്കാരിന് എന്ത് നേട്ടം?

ഗുജറാത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലിപ്പം ഇപ്പോള്‍ 30 ലക്ഷം കോടി രൂപക്കു മുകളിലാണ്. വലിയ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തിന്

ജി.എസ്.ടി വരുമാനം, വൈദ്യുതി ഉപയോഗം, ഭൂമി-രജിസ്ട്രേഷന്‍, ഔദ്യോഗിക തൊഴില്‍ എന്നിവയില്‍ ദീര്‍ഘകാല നേട്ടം ലഭിക്കും.

ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

  • മാരുതിയുടെ പുതിയ ഉത്പാദന ലൈന്‍ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങും?

  • കച്ചിലെ റിന്യൂവബിള്‍ പവര്‍ ഗ്രിഡും ട്രാന്‍സ്മിഷനും സമയത്ത് പൂര്‍ത്തിയാകുമോ?

  • തുറമുഖങ്ങളെയും ഫാക്ടറികളെയും ബന്ധിപ്പിക്കുന്ന റോഡ്‌റെയില്‍ ഇന്‍ഫ്ര വേഗം മെച്ചപ്പെടുമോ?

ഈ മൂന്നു കാര്യങ്ങളിലും സമയബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍, ഗുജറാത്ത് വെറും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല, ഉത്പാദനവും ഊര്‍ജവും കയറ്റുമതിയും ചേര്‍ന്ന ഇന്ത്യയുടെ ദീര്‍ഘകാല വ്യവസായ ശക്തികേന്ദ്രമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT