Economy

പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി! 20 രൂപയ്ക്ക് 'ജോയ്‌ലാന്‍ഡ്' കേരളത്തിനരികെ എന്‍ട്രി; മലയാളി കമ്പനികള്‍ക്ക് വെല്ലുവിളിയാകുമോ?

റെഡി-ടു-ഡ്രിങ്ക് ഡയറി ബീവറേജ് വിപണിയിലേക്ക് റിലയന്‍സ് വരുന്നത് കേരളത്തിലെ ഡയറി വിപണിയിലും പുതിയ മത്സരത്തിന് കാരണമാകും

Dhanam News Desk

രാജ്യത്ത് ഭക്ഷോത്പന്ന മേഖലയിലേക്ക് ശ്രദ്ധയൂന്നിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള നീക്കവുമായി രംഗത്ത്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡാണ് 'ജോയ്ലാന്‍ഡ്' എന്ന പേരില്‍ ഫ്‌ളേവേഡ് മില്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാക്കറ്റിന്‌ന് 20 രൂപയ്ക്ക് എത്തുന്ന ഉത്പന്നം തമിഴ്‌നാട്ടിലാകും ആദ്യം വിപണിയിലിറക്കുക. അധികം താമസിക്കാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

സ്‌ട്രോബെറി, വാനില, പിസ്ത എന്നീ രുചികളിലാണ് ജോയ്ലാന്‍ഡ് വിപണിയിലെത്തുന്നത്. ഗുണനിലവാരമുള്ള ഡയറി ചേരുവകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. കുറഞ്ഞ വിലയില്‍ കാംബ കോള വിപണിയിലിറക്കി പെപ്‌സി, കൊക്കക്കോള പോലുള്ള വമ്പന്മാരെ നേരിട്ട ശൈലി തന്നെയാണ് ഡയറി മേഖലയിലും റിലയന്‍സ് പയറ്റുന്നത്.

മല്‍സരം അമൂല്‍ മുതല്‍ മില്‍മയ്ക്ക് വരെ

അമൂല്‍, ഐടിസി, മില്‍മ, മദര്‍ ഡെയറി, നന്ദിനി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഇതിനകം സാന്നിധ്യമുള്ള വിഭാഗത്തിലേക്കാണ് റിലയന്‍സിന്റെ പ്രവേശനം. കുറഞ്ഞ വിലയും റിലയന്‍സിന്റെ വിപുലമായ വിതരണ ശൃംഖലയും ജോയ്ലാന്‍ഡിന് മത്സരത്തില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

റെഡി-ടു-ഡ്രിങ്ക് ഡയറി വിഭാഗത്തിലേക്കുള്ള പ്രവേശനം റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുന്നതിലെ പ്രധാന നീക്കമാണെന്നാണ് കമ്പനി പറയുന്നത്.

ഇന്ത്യയിലെ ഫ്‌ളേവേഡ് മില്‍ക്ക് വിപണി 2025ലെ 7,600 കോടിയില്‍ നിന്ന് 2026ല്‍ ഏകദേശം 10 ശതമാനം വളര്‍ന്ന് 8,360 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. 2021ല്‍ വിപണിയുടെ മൂല്യം 4,420 കോടിയായിരുന്നു.

കേരളത്തിലെ ഡയറി ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയാകുമോ?

റെഡി-ടു-ഡ്രിങ്ക് ഡയറി ബീവറേജ് വിപണിയിലേക്ക് റിലയന്‍സ് വരുന്നത് കേരളത്തിലെ ഡയറി വിപണിയിലും പുതിയ മത്സരത്തിന് കാരണമാകും. ഫ്‌ളേവേഡ് മില്‍ക്ക് വിപണിയില്‍ ദേശീയ, പ്രാദേശിക ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരം ഇതിനകം ശക്തമാണ്. കുറഞ്ഞ വിലയും വിപുലമായ വിതരണശൃംഖലയുമുള്ള റിലയന്‍സ് കേരളത്തിലെത്തിയാല്‍ ഈ വിഭാഗത്തിലെ മത്സരം കൂടുതല്‍ കടുക്കാനാണ് സാധ്യത. റിലയന്‍സിന്റെ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സാന്നിധ്യം മില്‍മ ഉള്‍പ്പെടെയുള്ള കേരള കമ്പനികള്‍ക്ക് വെല്ലുവിളിയാകും.

ജോയ്ലാന്‍ഡിന്റെ വരവ് മില്‍മയുടെ പ്രധാന വരുമാന മാര്‍ഗമായ പാല്‍ ബിസിനസിന് ഉടന്‍ വലിയ ഭീഷണിയായേക്കില്ല. എന്നാല്‍ റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍, ഫ്ളേവേഡ് മില്‍ക്ക് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ചിത്രം വ്യത്യസ്തമാണ്. വിലക്കുറവും റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പരമ്പരാഗത റീട്ടെയില്‍ ചാനലുകള്‍, ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയ മേഖലകളിലെ സ്വാധീനം റിലയന്‍സിന് വിപണി പിടിക്കാന്‍ അവസരമൊരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT