Mukesh Ambani & Reliance Industries canva
Economy

വെനസ്വേലൻ പ്രതിസന്ധി: റിലയൻസ് ഓഹരികളിൽ വൻ ഇടിവ്; ഇത് വാങ്ങാൻ പറ്റിയ സമയമാണോ?

യുഎസ്-വെനസ്വേല സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അനിശ്ചിതത്വം റിലയൻസ് ഓഹരികളെ ബാധിച്ചു. എന്നാൽ ഈ തകർച്ച നിക്ഷേപകർക്ക് ഒരു അവസരമാണോ? വിദഗ്ധർ പറയുന്നു

Dhanam News Desk

യുഎസ്-വെനസ്വേല സംഘര്‍ഷം ആഗോള വിപണിയില്‍ ആശങ്ക പടര്‍ത്തുന്നതിനിടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ഓഹരികളില്‍ വന്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരികള്‍ 4 ശതമാനത്തോളം ഇടിഞ്ഞ് 1,518.30 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി വിപണിയില്‍ ശക്തമായ വില്‍പന സമ്മര്‍ദ്ദമാണ് റിലയന്‍സ് നേരിടുന്നത്.

എന്തുകൊണ്ട് റിലയന്‍സ് ഇടിയുന്നു?

രണ്ട് പ്രധാന കാരണങ്ങളാണ് വിപണി വിദഗ്ധര്‍ ഈ ഇടിവിന് പിന്നില്‍ ചൂണ്ടിക്കാണിക്കുന്നത്:

വെനസ്വേലയിലെ സംഘര്‍ഷവും റഷ്യന്‍ ഓയില്‍ വിവാദവും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയില്‍ യുഎസ് നടത്തിയ സൈനിക ഇടപെടലും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റും ക്രൂഡ് ഓയില്‍ വിപണിയെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇത് റിലയന്‍സ് പോലുള്ള വമ്പന്‍ റിഫൈനറികളുടെ ലാഭവിഹിതത്തെ (Margins) ബാധിക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്. അതുമാത്രമല്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനയും ഓഹരിക്ക് തിരിച്ചടിയായി.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ കര്‍ശന താക്കീത് നല്‍കിയതിനു പിന്നാലെ റിലയന്‍സിനായി റഷ്യയില്‍ നിന്ന് മൂന്ന് എണ്ണക്കപ്പലുകള്‍ ജാംനഗറിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ പരന്നതും ഓഹരിയെ ബാധിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ റിലയന്‍സ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

ഇതൊരു 'ബൈയിംഗ്' അവസരമാണോ?

റിലയന്‍സിന്റെ എണ്ണ മേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും കമ്പനിയുടെ ഇതര ബിസിനസുകളായ റിലയന്‍സ് ജിയോയും റിലയന്‍സ് റീട്ടെയിലും മികച്ച വളര്‍ച്ചയിലാണ്. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം ഈ വിഭാഗങ്ങളെ ബാധിക്കില്ല. അതുകൊണ്ടു തന്നെ ഓഹരി വിലയിലുണ്ടായ ഈ ഇടിവ് ഹ്രസ്വകാല്‌തേക്ക് മാത്രമാണെന്നും. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങി ഈ അവസരമാനം പ്രയോജനപ്പെടുത്താവുന്നതാണെന്നുമാണ് ഭൂരിഭാഗം അനലിസ്റ്റുകളും വിലയിരുത്തുന്നത്.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ അത് സങ്കീര്‍ണമായ ശുദ്ധീകരണ പ്രക്രിയകള്‍ നടത്തുന്ന റിലയന്‍സിന് ഗുണകരമാകാനും സാധ്യതയുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ തരം മാറ്റുന്നതിലൂടെ ലാഭം നിലനിര്‍ത്താന്‍ റിലയന്‍സിന് സാധിക്കുമെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സീനിയര്‍ അനലിസ്റ്റ് സീമ ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു.

റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര ഓഹരിക്ക് 'ബൈ' റേറ്റിംഗാണ് നല്‍കുന്നത്. ഉടന്‍ തന്നെ 1,625 രൂപ എന്ന ലക്ഷ്യവിലയിലേക്ക് ഓഹരി തിരിച്ചെത്തുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

തിരുത്തല്‍ സ്വാഭാവികം

2025-ല്‍ മാത്രം 29 ശതമാനത്തിലധികം നേട്ടം നല്‍കിയ ഓഹരിയാണ് റിലയന്‍സ്. ജനുവരി 5-ന് 1,611.20 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമുള്ള ഈ ഇടിവിനെ ഒരു സാധാരണ 'പ്രോഫിറ്റ് ബുക്കിംഗ്' ആയും വിപണി കാണുന്നുണ്ട്.

കമ്പനിയുടെ അടിസ്ഥാന ബിസിനസ് കരുത്തുറ്റതായതിനാല്‍ ഈ ഇടിവ് പോര്‍ട്ട്ഫോളിയോ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായേക്കാം എന്നതാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി ചര്‍ച്ച ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT