Economy

രണ്ടാം പാക്കേജ് വൈകില്ല; പ്രധാനമന്ത്രിയുമായി ധനമന്ത്രി ചര്‍ച്ച നടത്തി

Dhanam News Desk

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  നേരത്തേ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ പാക്കേജിനു ശേഷമുള്ള രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സാമ്പത്തിക മേഖലയില്‍ ഉയരുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

എം.എസ്.എം.ഇ വ്യവസായത്തിന് 15,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിക്കാന്‍ ധാരണയായതായി സൂചനയുണ്ട്. വിനോദസഞ്ചാരം, ടെക്‌സ്‌റ്റൈല്‍സ്, വ്യോമയാന മേഖലകള്‍ക്ക് ആശ്വാസമേകുന്ന നിര്‍ദ്ദേശങ്ങളും പുതിയ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായി സംസാരിച്ചതായാണു റിപ്പോര്‍ട്ട്. അതിഥി തൊഴിലാളികള്‍ക്കായുള്ള ആശ്വാസ നടപടികളും ചര്‍ച്ചാ വിഷയമായി. കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ ലഭ്യമാക്കാനാണ് ആലോചന. മുദ്ര വായ്പകള്‍ വിപുലമാക്കുന്ന കാര്യവും സാമൂഹിക ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കുന്നതും ചര്‍ച്ചാ വിഷയമായി.സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. അതേസമയം,  'മഹാവിസ്‌ഫോടന' നയ പ്രഖ്യാപനമുണ്ടാകില്ലെന്നും പകരം കാതലായ ചില ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കാമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കോവിഡ് ബോണ്ടുകള്‍ ഇറക്കുന്നതു സംബന്ധിച്ചും ധനക്കമ്മിയുടെ പരിധിയുമായി ബന്ധപ്പെട്ടും സര്‍ക്കാരിനു മുന്നിലുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടെന്നും അവര്‍ അറിയിച്ചു.

ദരിദ്രര്‍ക്ക് ഭക്ഷ്യസുരക്ഷ നല്‍കാനും കോവിഡ് -19 പ്രത്യാഘാതത്തെ നേരിടാന്‍ അവരുടെ കയ്യില്‍ പണം നല്‍കാനും ഊന്നല്‍ നല്‍കിക്കൊണ്ട് കഴിഞ്ഞ മാസം പ്രഖ്യാപിച്ച 1,70,000 കോടി രൂപയുടെ പദ്ധതികളേക്കാള്‍ വലുതായിരിക്കും അടുത്ത സാമ്പത്തിക പാക്കേജ് എന്ന് ഉന്നത വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, 9-10 ലക്ഷം കോടി രൂപയുടെ പാക്കേജ് അനാവരണം ചെയ്യണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം.

'കമ്പനികള്‍ അതീവ പ്രതിസന്ധിയുടെ മാനസികാവസ്ഥയില്‍ അകപ്പെടുന്നില്ലെന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങുന്നില്ലെന്നും ഉറപ്പാക്കുന്നതിന്' സര്‍ക്കാര്‍ ഉടന്‍ ഒരു സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കേണ്ടത് പ്രധാനമാണെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടറും ഫിക്കി പ്രസിഡന്റുമായ സംഗിത റെഡ്ഡി പറഞ്ഞു. ദേശീയ ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയ്ക്ക് പ്രതിദിനം 40,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് കണക്ക്. 21 ദിവസത്തിനിടെ 7-8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സംഗിത റെഡ്ഡി ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT