Image : Canva 
Economy

ഇന്ത്യന്‍ ചെമ്മീന്‍ ഉത്പാദനം 15-20% കുറഞ്ഞേക്കും: റിപ്പോര്‍ട്ട്

ഫാമുകളില്‍ ചെമ്മീന്‍ സംഭരണത്തിൽ കുറവ്

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ചെമ്മീന്‍ ഉത്പാദനം 15-20% കുറയുമെന്ന് റിപ്പോര്‍ട്ട്. ആഗോള വിലയിലുണ്ടായ കുത്തനെയുളള ഇടിവും മന്ദഗതിയിലുള്ള കയറ്റുമതിയും മത്സ്യകൃഷി കര്‍ഷകരെ പ്രതികൂലമായി ബാധിച്ചതോടെയാണ് ചെമ്മീന്‍ ഉത്പാദനം കുറയുമെന്ന സാഹചര്യമെത്തിയത്.

കഴിഞ്ഞ മാസം പാര്‍ലമെന്റിന്റെ ഇരുസഭകളും കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റി (ഭേദഗതി) ബില്‍ 2023 പാസാക്കിയതോടെ ഇന്ത്യന്‍ സമുദ്രോത്പന്ന മേഖല ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് ഉല്‍പ്പാദനത്തിൽ  ഇടിവുണ്ടായതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പറയുന്നു.

കയറ്റുമതിയില്‍ കുറവ്

അക്വാകള്‍ച്ചര്‍ ചെമ്മീന്‍ ഉല്‍പ്പാദനത്തില്‍ ഇക്വഡോറിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2022ല്‍ 9 ലക്ഷം ടണ്‍ ചെമ്മീനാണ് ഉല്‍പ്പാദിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തു നിന്നുള്ള 67,000 കോടി രൂപ മൂല്യമുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 70 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. വലിയ ചെമ്മീനുകളുടെ ആഗോള വില 25 മുതല്‍ 30% വരെ കുറഞ്ഞപ്പോള്‍ ചെറിയ ചെമ്മീനുകള്‍ക്ക് 15 മുതല്‍ 20% വരെ കുറവുണ്ടായതായി ചെമ്മീന്‍ കര്‍ഷക ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി വി. ബാലസുബ്രഹ്‌മണ്യം പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സമുദ്രോത്പന്ന കയറ്റുമതി 17,000 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13% കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ സജീവമാണ്.

ചെമ്മീന്‍ സംഭരണം കുറഞ്ഞു

ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിലയിടിവ് ലാഭത്തെ ബാധിച്ചതിനാല്‍ മത്സ്യകൃഷി കര്‍ഷകര്‍ ഫാമുകളില്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കുറഞ്ഞു വന്നിരുന്നു. ഇതോടെ ഫാമുകളില്‍ ചെമ്മീന്‍ സംഭരണം മൊത്തത്തില്‍ കുറഞ്ഞു. 2023ല്‍ ചെമ്മീന്‍ ഉത്പാദനം ഏഴ് മുതല്‍ എട്ട് ലക്ഷം ടണ്‍ വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT