Canva
Economy

വ്യത്യസ്തനാം വെള്ളിയെ ആരും തിരിച്ചറിഞ്ഞില്ല, 2-3 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തെ കടത്തിവെട്ടും, പ്രവചനവുമായി ടാറ്റ മ്യൂച്വല്‍ ഫണ്ട്

നിക്ഷേപകര്‍ സ്വര്‍ണത്തിനൊപ്പം വെള്ളിയും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ടാറ്റ മ്യൂച്വല്‍ ഫണ്ടിന്റെ ഉപദേശം

Dhanam News Desk

സ്വര്‍ണത്തിനൊപ്പം വെള്ളിയും നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തണമെന്ന ഉപദേശവുമായി ടാറ്റ മ്യൂച്വല്‍ ഫണ്ട്. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ പലിശ കുറയുന്നത്, അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം, വ്യവസായിക രംഗത്തെ ഡിമാന്‍ഡ് കൂടിയത് തുടങ്ങിയ കാരണങ്ങള്‍ വെള്ളിവിലയില്‍ വലിയ മാറ്റമുണ്ടാക്കും. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വെള്ളിവില ഇനിയും വര്‍ധിക്കാനുള്ള അനുകൂല സാഹചര്യമുണ്ടെന്നും ഇവര്‍ പറയുന്നു.

യു.എസ് ഫെഡ് നിരക്ക് ഇനിയും കുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് സ്വര്‍ണത്തിനും വെള്ളിക്കും ഒരുപോലെ ഗുണകരമാണ്. ഇതിനോടകം വലിയ ഉയരങ്ങള്‍ കീഴടക്കിയ സ്വര്‍ണവില ചെറിയ കാലത്തേക്കെങ്കിലും കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സ്വര്‍ണം ഇപ്പോഴും മികച്ച ഒരു ഓപ്ഷനാണെന്നും ടാറ്റ മ്യൂച്വല്‍ ഫണ്ട് പറയുന്നു. എന്നാല്‍ വ്യവസായിക-നിക്ഷേപ സാധ്യതകള്‍ ധാരാളമുള്ള വെള്ളിയുടെ കാര്യം അങ്ങനെയല്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെള്ളിവില ഔണ്‍സിന് 38 ഡോളര്‍ അല്ലെങ്കില്‍ 25 ശതമാനമാണ് വര്‍ധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലാളുകള്‍ പരിഗണിക്കുന്നതും വിതരണത്തിലെ കുറവും വെള്ളിവിലയെ ഇനിയും മുകളിലേക്ക് ഉയര്‍ത്തും.

വ്യവസായിക ആവശ്യവും വര്‍ധിച്ചു

സോളാര്‍, പുനരുപയോഗ ഊര്‍ജ മേഖലകളിലെ ഡിമാന്റാണ് വെള്ളിവില ഉയര്‍ത്തുന്ന പ്രധാന കാരണം. സോളാര്‍ പാനല്‍ നിര്‍മാണത്തിന് വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് 30 ശതമാനം വര്‍ധിച്ചതും കൂട്ടിവായിക്കേണ്ടതാണ്. വെള്ളി ലഭ്യതയില്‍ വന്ന കുറവും വില കൂടുന്നതിന്റെ മറ്റൊരു കാരണമാണ്. ആഗോള വെള്ളി ലഭ്യതയുടെ 28 ശതമാനം മാത്രമാണ് നേരിട്ട് ഉത്പാദിപ്പിക്കുന്നത്. മറ്റ് ലോഹങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് ബാക്കി 72 ശതമാനം ഉത്പാദനവും നടക്കുന്നത്. ഇതാണ് വെള്ളിയുടെ ലഭ്യത കുറച്ചത്. ചൈനയില്‍ വെള്ളിയുടെ ഉപയോഗം കൂടിയതും വില വര്‍ധനവിന് കാരണമായി. 2011-2013 കാലഘട്ടത്തില്‍ വെള്ളിവിലയില്‍ റാലി ഉണ്ടായതിന് സമാനമായ പാറ്റേണാണ് ഇപ്പോഴുള്ളതെന്നും ടാറ്റ മ്യൂച്ച്വല്‍ ഫണ്ട് പറയുന്നു.

പലിശ നിരക്ക് കുറഞ്ഞാലെന്താ

സര്‍ക്കാര്‍ കടപത്രങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് കുറയുന്നത് വെള്ളിവില വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ഇവര്‍ പറയുന്നു. ഇക്കൊല്ലം അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യമോ യു.എസ് പലിശ നിരക്ക് കുറക്കാന്‍ തീരുമാനിച്ചാല്‍ വെള്ളിവിലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. യു.എസ് താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വെള്ളിയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇത് വെള്ളി വില വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

സ്വര്‍ണ/ വെള്ളി അനുപാതം (ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങാന്‍ എത്ര ഔണ്‍സ് വെള്ളി വിനിയോഗിക്കേണ്ടി വരുമെന്നതിന്റെ അംശബന്ധം) 90ന് മുകളിലാണെന്നതും പരിഗണിക്കേണ്ടതാണ്. സാധാരണ ഈ അനുപാതം 70-80 പരിധിയിലാണ് നിലനില്‍ക്കാറ്. ഈ ഘടകവും വെള്ളി വില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നതിന്റെ സൂചനയാണ്. നിലവിലെ സാഹചര്യത്തില്‍ 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളിവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും ടാറ്റ മ്യൂച്വല്‍ ഫണ്ട് പറയുന്നു. പോര്‍ട്ട്‌ഫോളിയോയില്‍ വെള്ളി നിക്ഷേപത്തിനും സ്ഥാനം കൊടുക്കണമെന്നും ഇവര്‍ ഉപദേശിക്കുന്നു.

(സ്വര്‍ണം, വെള്ളി എന്നിവയിലെ നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Silver is “still undervalued” and could outperform gold over the next 2–3 years, according to Tata Mutual Fund. Here’s what’s driving the white metal’s upside.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT