ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കാന്‍ നികുതി 50 ശതമാനം, പിഴച്ചുങ്കം പ്രാബല്യത്തില്‍, ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ
ഇന്ത്യയുടെ ഉല്‍പാദന, കയറ്റുമതി മേഖലകള്‍ മിക്കവാറും സ്തംഭനാവസ്ഥയില്‍. തിരുപ്പൂരിലും സൂറത്തിലും നോയിഡയിലും മറ്റ് പലേടങ്ങളിലും വസ്ത്ര, ആഭരണ മേഖലകളിലുള്ള ബിസിനസുകാര്‍ ഉല്‍പാദന പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി കയറ്റുമതിക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷനും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയിലേക്കുള്ള ഉല്‍പന്ന ഒഴുക്കാണ് പൊടുന്നനെ തടയണ കെട്ടിയതു പോലെ തടസപ്പെടുന്നത്. 70 ശതമാനത്തോളം അമേരിക്കന്‍ കയറ്റുമതിയും നിലച്ചു പോകുന്ന സ്ഥിതി. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു പകരം നികുതിയിളവ് പ്രയോജനപ്പെടുത്തി വിയറ്റ്‌നാം, ബംഗ്ലദേശ്, കംബോഡിയ, ഫിലിപ്പൈന്‍സ്, ചൈന എന്നിങ്ങനെ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ തള്ളിക്കയറും.
തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമായ തുകല്‍, കൊഞ്ച്, സെറാമിക്‌സ്, രാസവസ്തുക്കള്‍, കരകൗശല-കാര്‍പറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് മത്‌സരത്തോട് പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയിലേക്ക് വരുന്നത്. ഇന്ത്യയുടെ റെഡിമെയ്ഡ് വ്യവസായത്തിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേതിന്റെ നേര്‍പകുതിയായി ചുരുങ്ങുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ക്രിസില്‍ റേറ്റിംഗ്‌സ്.
സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമായ സന്ദര്‍ഭമാണിതെന്ന് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു. വായ്പാ പലിശയില്‍ ഇളവ് അനുവദിക്കുക, കയറ്റുമതിക്ക് വായ്പാ സഹായം നല്‍കുക, ആവശ്യമായ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക തുടങ്ങിയ നടപടികളിലൂടെ സര്‍ക്കാര്‍ കൈത്താങ്ങ് നല്‍കണം. ഒരു വര്‍ഷത്തേക്കെങ്കിലും മുതലും പലിശയും തിരിച്ചടക്കുന്നതില്‍ മൊറട്ടോറിയം നടപ്പാക്കണം. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. ഉല്‍പാദനബന്ധ ആനുകൂല്യ പദ്ധതി വിപുലപ്പെടുത്തി കൂടുതല്‍ സംരംഭങ്ങളെ സഹായിക്കണം. ഇതിനൊപ്പാം നയതന്ത്ര വഴിയില്‍ അമേരിക്കയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്നും സംഘടന അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine