കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളുമായി യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം. 4-6 ബില്യന്‍ ഡോളര്‍ (ഏകദേശം 35,000-52,800 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് (ടി.ജി.എച്ച്) ശ്രമിക്കുന്നതെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ വി.ഐ ഓഹരികള്‍ അഞ്ച് ശതമാനം വരെ കുതിച്ചു.
സ്‌പെക്ട്രം അനുവദിച്ചതിന് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കുടിശിക അടക്കമുള്ള വി.ഐയുടെ ബാധ്യതയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയാല്‍ മാത്രമേ ഏറ്റെടുക്കല്‍ സാധ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. മുഴുവന്‍ കുടിശികയും എഴുതിത്തള്ളണമെന്നല്ല ആവശ്യം. മറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആശ്വാസമാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വി.ഐക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ അടുത്ത് തന്നെ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. എ.ജി.ആര്‍ കുടിശികയില്‍ ചില ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിക്ഷേപക്കരാര്‍ നടന്നാല്‍ വി.ഐയുടെ പ്രൊമോട്ടര്‍ സ്ഥാനം ടി.ജി.എച്ച് ഏറ്റെടുക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പും യു.കെയിലെ വോഡഫോണുമാണ് നിലവിലെ പ്രൊമോട്ടര്‍മാര്‍. ഇരുകമ്പനികള്‍ക്കും യഥാക്രമം 9.50 ശതമാനവും 16.07 ശതമാനവും ഓഹരി വിഹിതമാണുള്ളത്. ഇത് ടി.ജി.എച്ചിന് നല്‍കി കമ്പനിയിലെ സ്ഥാനം ഒഴിയാന്‍ ഇവര്‍ക്ക് സാധിക്കും. 49 ശതമാനം ഓഹരി വിഹിതമുള്ള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ നിക്ഷേപക സ്ഥാനത്ത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ജി.ആര്‍ കുടിശിക തിരിച്ചടക്കുന്നതിന് പകരമാണ് വി.ഐയില്‍ കേന്ദ്രസര്‍ക്കാരിന് ഓഹരി പങ്കാളിത്തം നല്‍കിയത്. മറ്റൊരു കമ്പനി നിക്ഷേപം നടത്തുന്നതോടെ സര്‍ക്കാരിനും കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഒരു കാലത്ത് ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായിരുന്ന വോഡഫോണും ഐഡിയയും 2018 ഓഗസ്റ്റിലാണ് ലയിച്ച് വോഡഫോണ്‍ ഐഡിയ ലിമിറ്റഡാകുന്നത്. എന്നാല്‍ സാമ്പത്തിക ബാധ്യതകളും വരിക്കാര്‍ കൊഴിഞ്ഞു പോയതും കമ്പനിയെ പ്രതിസന്ധിയിലാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ കോടികളുടെ കുടിശിക തിരിച്ചടക്കേണ്ടതും കമ്പനിയുടെ ഭാവി സാധ്യതകളില്‍ മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ പുതിയൊരു നിക്ഷേപകനെത്തുന്നത് കച്ചിത്തുരുമ്പാകും. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കമ്പനി തന്നെ നിക്ഷേപകനായി മുന്നോട്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലികോം ബിസിനസ് നടത്തി പരിചയമുള്ള കമ്പനിയാണ് ടി.ജി.എച്ച്. ഒന്നര വര്‍ഷമായി ഇക്കാര്യത്തില്‍ വി.ഐയുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ വി.ഐ തീരുമാനിച്ചതോടെ ടി.ജി.എച്ച് പിന്നാക്കം പോയി. കഴിഞ്ഞ മാസങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
വി.ഐ ഓഹരികളും ഇന്ന് കുതിപ്പിലാണ്. 5.26 ശതമാനം കുതിച്ച് ഓഹരിയൊന്നിന് 9.19 രൂപ വരെ എത്തി. നിലവില്‍ 1.60 ശതമാനം നേട്ടത്തില്‍ ഓഹരിയൊന്നിന് 8.86 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine