Economy

രാജ്യം മൂന്നാം തരംഗവും നേരിടേണ്ടിവരും, രക്ഷനേടാന്‍ മുന്നിലുള്ളത് മൂന്ന് കാര്യങ്ങള്‍

കോവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതലായി ബാധിക്കുകയെന്ന് ആരോഗ്യ വിദഗ്ധര്‍

Dhanam News Desk

രാജ്യം രണ്ടാം കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നതിനിടെ ആശങ്കാജനകമായ മുന്നറിയിപ്പുമായി വിദഗ്ധര്‍. രാജ്യം മൂന്നാം കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ രണ്ടാം കോവിഡ് അതിതീവ്രമായാല്‍ മൂന്നാം കോവിഡ് തംരംഗത്തെ നേരിടേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ പ്രായമായവരെയാണ് കൂടുതലായും ബാധിച്ചതെങ്കില്‍ രണ്ടാംഘട്ടത്തില്‍ യുവജനങ്ങളിലും രോഗം ഗുരുതരമായി. അതിനാല്‍ മൂന്നാം കോവിഡ് തരംഗം കുട്ടികളെയായിരിക്കും കൂടുതലായി ബാധിക്കുക. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തുന്ന വാരാന്ത്യ ലോക്ക്ഡൗണുകളിലും കര്‍ഫ്യുവിലും അര്‍ത്ഥമില്ല, ലോക്ക്ഡൗണ്‍ ചെറിയ സമയത്തേക്ക് മാത്രമാണ് ഫലപ്രദമെന്നും അദ്ദേഹം പറയുന്നു.

എന്നിരുന്നാലും കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ പ്രധാനമായും മൂന്ന് വഴികളാണ് ഗുലേറിയ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ നടപ്പാക്കിയാല്‍ വരാനിരിക്കുന്ന വലിയ ദുരന്തത്തില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താനാവുമെന്നാണ് അദ്ദേഹം പറയുന്നത്.

ഒന്നാമതായി രാജ്യത്തെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കണം. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുകയും നിലവിലുള്ള വാ്ക്‌സിനുകളുടെ വിതരണം അതിവേഗത്തിലാക്കുകയും ചെയ്താല്‍ മൂന്നാം കോവിഡ് തരംഗത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കും.

'മറ്റൊരു തരംഗം കൂടി നാം നേരിടേണ്ടിവന്നേക്കാം, പക്ഷേ അപ്പോഴേക്കും ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്നതിനാല്‍, തരംഗദൈര്‍ഘ്യം നിലവിലെ തരംഗത്തെപ്പോലെ വലുതായിരിക്കില്ല, മാത്രമല്ല ഇത് കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കും,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ടതിനേക്കാള്‍ കൂടുതല്‍ പടരുന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ മ്യൂട്ടന്റ് വേരിയന്റുകളെന്നും ഗുലേറിയ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT