Economy

മുതലാളി കൂടുതല്‍ മുതലാളിയായി! ആഗോള സമ്പന്നരുടെ 2025 വളര്‍ച്ച ഇങ്ങനെ

ഇവരുടെ മൊത്തം സമ്പത്ത് 12 ലക്ഷം കോടി ഡോളര്‍. ഇത് രൂപയില്‍ കണക്കാക്കിയാല്‍ 1,100 ലക്ഷം കോടിയോളം രൂപ

Dhanam News Desk

ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് സൂചിക അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ 500 അതിസമ്പന്നര്‍ ചേര്‍ന്ന് ഈ വര്‍ഷം കൂടുതലായി സമ്പാദിച്ചു കൂട്ടിയത് 2.2 ലക്ഷം കോടി ഡോളര്‍! ഇതോടെ ഇവരുടെ മൊത്തം സമ്പത്ത് 12 ലക്ഷം കോടി ഡോളര്‍. ഇത് രൂപയില്‍ കണക്കാക്കിയാല്‍ 1,100 ലക്ഷം കോടിയോളം രൂപ.

ഈ വന്‍ കുതിപ്പിന് പിന്നില്‍ പ്രധാനമായും ആഗോള ഓഹരി വിപണികളിലെ ഉണര്‍വാണ്. പ്രത്യേകിച്ച് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളിലെ ആവേശം യുഎസ് ഉള്‍പ്പെടെയുള്ള വിപണികളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി.

ഇടിവ് താല്‍ക്കാലികമായി

2024 അവസാനം ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം വിപണികളിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏപ്രിലില്‍ തീരുവ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ വിപണി കനത്ത ഇടിവ് നേരിട്ടു. ഒരുദിവസം കൊണ്ടു തന്നെ ബില്യണയര്‍മാരുടെ സമ്പത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അന്നുണ്ടായത്. പക്ഷേ ആ ഇടിവ് താല്‍ക്കാലികമായി മാത്രം തുടരുകയും പിന്നീട് വിപണി ശക്തമായി തിരിച്ചുകയറുകയും ചെയ്തു.

ഈ വര്‍ഷത്തെ നേട്ടത്തില്‍ വന്‍കിട ടെക് കമ്പനികള്‍ക്കാണ് നിര്‍ണായക പങ്ക്. മൊത്തം 2.2 ട്രില്യണ്‍ ഡോളര്‍ നേട്ടത്തിന്റെ ഏകദേശം 25 ശതമാനം വെറും എട്ട് ബില്യണയര്‍മാരില്‍ നിന്നാണ് വന്നത്. അവരില്‍ ലാറി എല്ലിസണ്‍, ഇലോണ്‍ മസ്‌ക്, ലാറി പേജ്, ജെഫ് ബസോസ് തുടങ്ങിയവര്‍ മുന്‍നിരയില്‍.

കൂടുതല്‍ ശ്രദ്ധ നേടിയത് ലാറി എല്ലിസണ്‍

2025ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണ്‍. ഒറാക്കിള്‍ ഓഹരികള്‍ എഐ രംഗത്തെ വളര്‍ച്ചയെ തുടര്‍ന്ന് കുതിച്ചതോടെ, എല്ലിസണ്‍ ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തിയായി മാറി.

വിപണി കണക്കുകളിലേക്ക് നോക്കിയാല്‍, യുഎസ് S&P 500 സൂചിക ഈ വര്‍ഷം 17 ശതമാനം ഉയര്‍ന്നു. യുകെയിലെ FTSE 100 22 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍, ഹോങ്കോംഗ് ഹാംഗ് സെങ് സൂചിക 29 ശതമാനം വരെ കുതിച്ചു. ഓഹരികള്‍ക്കൊപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ക്കും 2025 മികച്ച വര്‍ഷമായി. റെയര്‍ എര്‍ത്ത്സ് പോലുള്ള കൊമോഡിറ്റികള്‍ ഉയര്‍ന്നതോടെ ഖനന മേഖലയിലെ സമ്പന്നര്‍ക്കും വലിയ നേട്ടമുണ്ടായി.

അതേസമയം, ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നേട്ടവും നഷ്ടവും ഒരുപോലെ കണ്ട വര്‍ഷമായിരുന്നു 2025. ട്രംപ് വിജയത്തിന് പിന്നാലെ ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും, ഒക്ടോബര്‍ മുതല്‍ തുടങ്ങിയ കനത്ത വില്‍പന പല ക്രിപ്‌റ്റോ കോടീശ്വരന്മാരുടെയും സമ്പത്ത് കുറച്ചു.

നഷ്ടമുണ്ടാക്കിയ കോടീശ്വരന്മാരുടെ പട്ടിക

റിപ്പോര്‍ട്ട് പ്രകാരം നഷ്ടമുണ്ടാക്കിയ കോടീശ്വരന്മാരുടെ പട്ടികയിലാണ് മാനുവല്‍ വില്ലര്‍, വെഞ്ച്വര്‍ ഗ്ലോബല്‍ സഹസ്ഥാപകരായ ബോബ് പെന്‍ഡര്‍, മൈക്ക് സാബേല്‍, മൈക്കിള്‍ സെയ്‌ലര്‍ തുടങ്ങിയവര്‍.

മൊത്തത്തില്‍ നോക്കിയാല്‍, 2025 ആഗോള വിപണികള്‍ സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കിയ വര്‍ഷമായി മാറി. അതോടൊപ്പം തന്നെ, സമ്പത്ത് വളരെ കുറച്ച് പേരുടെ കൈകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന പ്രവണത ശക്തമാകുന്നതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT