ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ വീണ്ടും ഒരു പോസിറ്റീവ് ടേണ്‍. ആഗോള രാഷ്ട്രീയവും സാമ്പത്തികവും അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ഇന്ത്യയെ യുഎസ് വിശേഷിപ്പിച്ചത് ''യുഎസിന് ഏറ്റവും അനിവാര്യമായ രാജ്യം'' എന്നാണ്. അമേരിക്കക്ക് എതിരായ വിമര്‍ശനങ്ങള്‍ ലോകത്ത് കൂടുതല്‍ ശക്തിപ്പെടുന്ന ഘട്ടത്തില്‍ ഇന്ത്യയെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ അമേരിക്ക ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളാണ് പുറത്തു വരുന്നത്.
ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയില്‍ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യ-യുഎസ് ബന്ധം വെറും നയതന്ത്ര ബന്ധമല്ലെന്നും, യഥാര്‍ത്ഥ സൗഹൃദം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം 'റിയല്‍ ഫ്രണ്ട്ഷിപ്പ്' ആണെന്നും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശേഷി ഇരുരാജ്യങ്ങള്‍ക്കും ഉണ്ടെന്നും ഗോര്‍ വ്യക്തമാക്കി.
ഇത് വിപണികളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ തിരിച്ചുവരവും നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രകടമായി. ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും എന്ന സൂചനയും യുഎസ് വൃത്തങ്ങള്‍ നല്‍കുന്നു. ഇത് നടപ്പായാല്‍, ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയ അധ്യായമാകും.
കഴിഞ്ഞ കുറേ നാളുകളായി താരിഫ് വിഷയങ്ങളും വ്യാപാര തര്‍ക്കങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തില്‍ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണ്. ഇന്ത്യയും യുഎസും വ്യാപാര കരാറിന്റെ കാര്യത്തില്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് അംബാസഡര്‍ സ്ഥിരീകരിച്ചു.
പ്രധാന പ്രശ്‌ന മേഖലകള്‍:
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവകള്‍
കൃഷി ഉല്‍പ്പന്നങ്ങളിലെ വിപണി പ്രവേശനം
ദീര്‍ഘകാല വ്യാപാര ഘടന (Trade Framework)
ഇവ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങളല്ലെങ്കിലും, സംഭാഷണം നില്‍ക്കാതെ മുന്നോട്ട് പോകുന്നു എന്നതാണ് പ്രധാന മാറ്റം.
ഇന്ത്യ-യുഎസ് വ്യാപാര ഉദ്യോഗസ്ഥര്‍ തമ്മില്‍ ചൊവ്വാഴ്ച അടുത്ത ഔദ്യോഗിക ചര്‍ച്ച നടക്കും. തല്‍ക്ഷണ കരാര്‍ പ്രതീക്ഷിക്കേണ്ട. ഒറ്റ ചര്‍ച്ചയില്‍ എല്ലാം തീരില്ല. പക്ഷേ, നിലപാടുകള്‍ അടുത്തുവരും. ചില മേഖലകളില്‍ ഭാഗിക ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വ്യാപാരത്തിനപ്പുറം പ്രതിരോധം, ടെക്‌നോളജി, ആരോഗ്യ മേഖല, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
താരിഫ് ഭീഷണികളും വ്യാപാര സമ്മര്‍ദങ്ങളും നിറഞ്ഞിരുന്ന ഇന്ത്യ-യുഎസ് ബന്ധം, ഇപ്പോള്‍ സംഭാഷണത്തിലേക്കും സഹകരണത്തിലേക്കും ദീര്‍ഘകാല പങ്കാളിത്തത്തിലേക്കും മാറുന്നതിന്റെ സൂചനകളാണ് വരുന്നത്. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചാല്‍, വ്യാപാര കരാര്‍ പുരോഗമിച്ചാല്‍, അത് ഇന്ത്യയുടെ ആഗോള സാമ്പത്തിക സ്ഥിതിക്ക് കരുത്തു പകരുന്നതാകും.
Read DhanamOnline in English
Subscribe to Dhanam Magazine