Image : Narendra Modi twitter and Govt of Turkey 
Economy

ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് 'ജി20' സാമ്പത്തിക ഇടനാഴിക്ക് പാരയുമായി തുര്‍ക്കി

കശ്മീര്‍ വിഷയത്തിലടക്കം ഇന്ത്യാ വിരുദ്ധ നിലപാടുള്ളയാളാണ് എര്‍ദുഗാന്‍

Dhanam News Desk

ഇന്ത്യയുടെ സംഘാടക മികവിന് പുറമേ ഇന്ത്യ മുന്നോട്ടുവച്ച നിരവധി ആശയങ്ങളാലും ശ്രദ്ധേയമായിരുന്നു ന്യൂഡല്‍ഹിയില്‍ സമാപിച്ച ഇത്തവണത്തെ ജി20 രാഷ്ട്രങ്ങളുടെ സമ്മേളനം. ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളുടെ നേതാക്കള്‍ നേരിട്ട് പങ്കെടുത്ത സമ്മേളനം ആവിഷ്‌കരിച്ച ആശയമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന ചരക്കുനീക്ക പാത.

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന കടല്‍-റെയില്‍ ഇടനാഴിയാണിത്. ചരക്ക്, സേവനം എന്നിവ കുറഞ്ഞ ചെലവില്‍ കൈമാറ്റം ചെയ്യുക, മേഖലയിലെ രാജ്യങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി ഉറപ്പാക്കുക, രാജ്യങ്ങള്‍ തമ്മിലെ കണക്ടിവിറ്റി ശക്തമാക്കുക തുടങ്ങിയവയാണ് മുഖ്യ ലക്ഷ്യം.

ജി20 കൂട്ടായ്മ ഒറ്റക്കെട്ടായി പച്ചക്കൊടി വീശിയ പദ്ധതിക്ക് പക്ഷേ, പാരയുമായി എത്തിയിരിക്കുകയാണ് തുര്‍ക്കിയുടെ (Turkeye) പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദുഗാന്‍. യു.എന്നിലടക്കം കശ്മീര്‍ വിഷയങ്ങളിലും മറ്റും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് എര്‍ദുഗാന്‍.

ഇന്ത്യയില്‍ നിന്ന് യു.എ.ഇ., സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയ്ക്ക് പുറമേ ഗ്രീസ് ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലൂടെയും കടന്ന് ജര്‍മ്മനിയിലെ ബെര്‍ലിന്‍ വരെ നീളുന്നതാണ് ജി20യില്‍ ചര്‍ച്ചയായ നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടനാഴി. കപ്പല്‍, റെയില്‍ മാര്‍ഗങ്ങളിലൂടെയുള്ള പദ്ധതി ഈ മേഖലയിലെ രാജ്യങ്ങളുടെ വാണിജ്യ, വ്യാപാരങ്ങള്‍ക്ക് വലിയ കുതിപ്പേകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതി വന്‍ നേട്ടമാകുമെന്ന് യു.എ.ഇ., ഇസ്രായേല്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും അമേരിക്കയും യൂറോപ്യന്‍ യൂണിയനും അഭിപ്രായപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലൂടെ (PoK) ഉള്‍പ്പെടെ കടന്നുപോകുംവിധം ചൈന ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് (BRI) പദ്ധതിക്ക് ബദലായാണ് സാമ്പത്തിക ഇടനാഴി ജി20 കൂട്ടായ്മ മുന്നോട്ടുവച്ചത്. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുടെ സ്വാധീനം കുറയുമെന്നാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചൂണ്ടിക്കാട്ടുന്നത്.

ബദലുമായി തുര്‍ക്കി

നിലവില്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ ട്രാന്‍സിറ്റ് ഹബ്ബാണ് തുര്‍ക്കി. സാമ്പത്തിക ഇടനാഴി വരുന്നതോടെ തുര്‍ക്കിയുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന വിലയിരുത്തലാണ് ബദല്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ടര്‍ക്കിഷ് പ്രസിഡന്റ് എര്‍ദുഗാനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയില്‍ ടര്‍ക്കിയില്ലെന്നതും എര്‍ദുഗാനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയെ ഒഴിവാക്കി യൂറോപ്പിലേക്കൊരു സാമ്പത്തിക ഇടനാഴി സാദ്ധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എര്‍ദുഗാന്‍ ബദല്‍ പദ്ധതിക്ക് കളമൊരുക്കുന്നത്.

ഇറാക്ക് ഡെവലപ്‌മെന്റ് റോഡ്

ഇറാക്ക്, യു.എ.ഇ എന്നിവയെ ബന്ധിപ്പിച്ചുള്ള ഇറാക്ക് ഡെവലപ്‌മെന്റ് റോഡ് (Iraq Development Road) പദ്ധതിയാണ് തുര്‍ക്കി ബദലായി നടപ്പാക്കാനൊരുങ്ങുന്നതെന്ന് ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളുമായും ഖത്തറുമായും തുര്‍ക്കി ചര്‍ച്ചയ്ക്കും തുടക്കമിട്ടിട്ടുണ്ട്. 1,700 കോടി ഡോളര്‍ (1.4 ലക്ഷം കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്നതാണ് ബദല്‍ പദ്ധതി. ഏതാനും മാസങ്ങള്‍ക്കകം പദ്ധതിയുടെ അന്തിമരൂപമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2028ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് തുര്‍ക്കിയുടെ ശ്രമം. നേരത്തേ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ അംഗീകരിക്കുന്ന നിലപാടും തുര്‍ക്കി സ്വീകരിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT