canva
Economy

കര്‍ഷകര്‍ക്ക് മാത്രമല്ല ടയര്‍ കമ്പനികള്‍ക്കും 'കൈപൊള്ളി'; ചെലവ് പിടിവിട്ടു, ലാഭത്തില്‍ ഇടിവ്

സാമ്പത്തികമാന്ദ്യ പ്രതീതി നിലനില്‍ക്കുന്നത് വില്പന കുറച്ചു, ഒപ്പം അസംസ്‌കൃത വസ്തുക്കളുടെ വിലയും ടയര്‍ കമ്പനികളെ ബാധിച്ചു

Lijo MG

ഡിസംബര്‍ പാദത്തില്‍ ടയര്‍ കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും ഇടിവ്. മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവന്ന സിയറ്റ് ടയേഴ്‌സിനും ജെ.കെ ടയേഴ്‌സിനും ഈ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ടയര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ജെ.കെ ടയേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന് ഡിസംബര്‍ പാദത്തില്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒന്‍പതു ത്രൈമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭമാണ് കമ്പനിക്ക് നേടാനായത്. ലാഭം തൊട്ടുമുന്‍പാദത്തെ 140 കോടിയില്‍ നിന്ന് 53 കോടിയിലേക്കാണ് ചുരുങ്ങിയത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ 227 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 76.65 ശതമാനം ഇടിവാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭത്തില്‍ 62.14 ശതമാനത്തിന്റെ കുറവുണ്ട്.

വരുമാനത്തില്‍ പക്ഷേ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ പാദത്തില്‍ 3,674 കോടി രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 3,688 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തില്‍ 14 കോടി രൂപയുടെ വ്യത്യാസം മാത്രമാണുണ്ടായത്. എന്നാല്‍ ലാഭത്തില്‍ 174 കോടി രൂപയുടെ കുറവാണ് ജെ.കെ ടയേഴ്‌സിന് നേരിടേണ്ടി വന്നത്. റബര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ധനയാണ് കമ്പനിയുടെ ലാഭത്തില്‍ തിരിച്ചടിയായത്. ഒരു വര്‍ഷത്തിനിടെ 200 കോടിയിലധികം രൂപയാണ് ചെലവില്‍ വര്‍ധിച്ചത്.

സിയറ്റിനും തിരിച്ചടി

മറ്റൊരു മുന്‍നിര കമ്പനിയായ സിയറ്റിനും ഈ പാദത്തില്‍ കൈപൊള്ളി. തൊട്ടുമുന്‍പാദത്തെ 121 കോടി രൂപയില്‍ നിന്ന് സിയറ്റിന്റെ ലാഭം 97 കോടി രൂപയായി ചുരുങ്ങി. 19.83 ശതമാനം കുറവ്. തൊട്ടു മുന്‍വര്‍ഷം ഡിസംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭത്തില്‍ 46.41 ശതമാനമാണ് കുറവ്. 181 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഡിസംബറിലെ ലാഭം. ചെലവുകള്‍ അനിയന്ത്രിതമായി ഉയര്‍ന്നതാണ് സിയറ്റിനും തിരിച്ചടിയായത്.

എം.ആര്‍.എഫ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയവരുടെ പാദഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഈ കമ്പനികള്‍ക്കും ലാഭത്തില്‍ ഇടിവുണ്ടാകുമെന്നാണ് സൂചന. റബര്‍ വിലയിലുണ്ടായ കുതിപ്പാണ് ടയര്‍ കമ്പനികളെ ബാധിച്ചത്. രാജ്യാന്തര വിലയും ഉയര്‍ന്നു നിന്നതോടെ ഇറക്കുമതി കൂടുതല്‍ ചെലവേറിയതായി മാറുകയും ചെയ്തു. സാമ്പത്തികമാന്ദ്യ പ്രതീതി നിലനില്‍ക്കുന്നതിനാല്‍ വില്പനയും കുറഞ്ഞിട്ടുണ്ട്. ടയര്‍ കമ്പനികളുടെ ഓഹരിവിലയും ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT