2026 മാര്‍ച്ച് മുതല്‍ പശ്ചിമേഷ്യയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായപ്പോള്‍, യുഎഇയുടെ സാമ്പത്തിക മാതൃകയുടെ ഒരു പ്രധാന സവിശേഷത വീണ്ടും തെളിഞ്ഞു- Resilience Design. അതായത് ഏത് ദുര്‍ഘടാവസ്ഥകളിലും പിടിച്ചുനിന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വികസന പാതയിലൂടെ മുന്നേറാനുള്ള ഉള്‍ക്കരുത്ത്. ഭൗമരാഷ്ട്രീയ സംഘര്‍ഷാവസ്ഥ കൊണ്ട് ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ ചില രംഗങ്ങളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപകരെയും സംരംഭകരെയും പുതിയ താമസക്കാരെയും ആകര്‍ഷിക്കുന്നതില്‍ യുഎഇ പിന്നോട്ടുപോയില്ല.
പ്രതിദിനം ഏകദേശം 65,000 പേരെ സ്വാഗതം ചെയ്യുന്ന രാജ്യമായതിനാല്‍, ജനങ്ങളുടെ വരവ് കുറഞ്ഞാല്‍ അത് ഹോസ്പിറ്റാലിറ്റി, ടൂറിസം, റീറ്റെയ്ല്‍, ഫുഡ് & ബെവ്‌റേജസ് തുടങ്ങിയ സേവന മേഖലകളെ നേരിട്ട് ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കാന്‍ അനുയോജ്യമായ നയങ്ങളും പ്രവര്‍ത്തനങ്ങളുമാണ്. യുഎഇയില്‍ അതുണ്ടെന്നതാണ് പ്രത്യേകത.
2026 ഏപ്രിലില്‍ പ്രഖ്യാപിച്ച പുതിയ ഗോള്‍ഡ് മെട്രോ ലൈന്‍ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ വെച്ചുള്ളതാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇത്തരത്തിലുള്ള നിക്ഷേപം ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും. ജനങ്ങളുടെ വരവ്-പോക്ക് കൂടും. അതോടൊപ്പം ദുബായ് സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയും വേഗത്തില്‍ മുന്നേറുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 50 ശതമാനം മേഖലകളില്‍ Agentic AI സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ 23-ഓളം Agentic AI ഉപയോഗ സാധ്യതകളെക്കുറിച്ച്ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇന്നൊവേഷന്‍, പ്രൊഡക്റ്റിവിറ്റി, ഫ്യൂച്ചര്‍ റെഡിനസ് എന്നിവക്ക് യുഎഇ നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചന കൂടിയാണിത്. പ്രതിസന്ധിഘട്ടങ്ങളിലും വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ യുഎഇക്ക് കഴിയുന്നതിന്റെ പിന്നില്‍ ദശാബ്ദങ്ങളായുള്ള തന്ത്രപരമായ ആസൂത്രണം, അടിസ്ഥാന സൗകര്യ നിക്ഷേപം, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ദീര്‍ഘവീക്ഷണമുള്ള നേതൃത്വം എന്നിവയെല്ലാമുണ്ട്. ആഗോളതലത്തിലെ ഏറ്റവും മികച്ച പ്രതിഭകളെയും സംരംഭകരെയും നിക്ഷേപകരെയും സന്ദര്‍ശകരെയുമെല്ലാം ആകര്‍ഷിക്കുന്നത് കരുത്തുറ്റ സംവിധാനവും വ്യക്തമായ ദീര്‍ഘകാല കാഴ്ചപ്പാടുമാണ്.
സംഘര്‍ഷകാലത്തും അവശ്യസേവനങ്ങള്‍ക്ക് തടസമൊന്നുമുണ്ടായില്ല. ടെലികോം, വൈദ്യുതി-ജല സേവനങ്ങള്‍, ഭക്ഷ്യ വിതരണശൃംഖലകള്‍, ഗതാഗതം,ബാങ്കിങ്, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകള്‍ എന്നിവ തടസമില്ലാതെപ്രവര്‍ത്തിച്ചു. നിര്‍മാണം, മാനുഫാക്ചറിങ്, ലോജിസ്റ്റിക്‌സ് മേഖലകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതികള്‍ ക്രമീകരിച്ചപ്പോള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചു.
ഇത്തരം നേട്ടങ്ങള്‍ക്ക് പിന്നില്‍ വര്‍ഷങ്ങളായി നടത്തിയ അടിസ്ഥാന സൗകര്യ വികസനവും നിയന്ത്രണ സംവിധാനങ്ങളിലെ 'റെഡിനസും' സര്‍ക്കാര്‍-സ്വകാര്യ മേഖലകളുടെ ഏകോപനവുമാണ്. വ്യാപാര സമൂഹത്തിന്റെയും നിക്ഷേപകരുടെയും ആത്മവിശ്വാസം നിലനിര്‍ത്താനും യുഎഇ നേതൃത്വം വേഗത്തില്‍ ഇടപെട്ടു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിച്ചു. ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ ഘട്ടത്തില്‍ ആവശ്യമായി വേണ്ട പിന്തുണയും വിശ്വാസവും ഭരണകൂടം ഉറപ്പാക്കി.
ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ ആശയവിനിമയം ബിസിനസുകള്‍ക്കും രാജ്യാന്തര നിക്ഷേപകര്‍ക്കും നല്‍കിയത് അങ്ങേയറ്റത്തെ ഉറപ്പാണ്.
ഇതിനൊപ്പം നിരവധി പ്രായോഗിക നടപടികളും ഭരണകൂടം സ്വീകരിച്ചു.
അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ (ADREC) താല്‍ക്കാലിക വാടകമരവിപ്പിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിലൂടെ പാര്‍പ്പിട, വാണിജ്യ, വ്യവസായ കെട്ടിടങ്ങളിലെ വാടക കരാറുകള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത നിരക്കില്‍ പുതുക്കാന്‍ സാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചെലവ് നിയന്ത്രിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇത് സഹായകമായി.
നിര്‍മാണ മേഖലയെ സംരക്ഷിക്കുന്നതിനായി ദുബായ് സര്‍ക്കാര്‍ വിവിധ നടപടികളും നടപ്പാക്കി. ആവശ്യമായ സാഹചര്യങ്ങളില്‍ കരാറുകാര്‍ക്ക് Force Majeure വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ പ്രോത്സാഹനം നല്‍കി. കൂടാതെ പദ്ധതികളുടെ ചെലവ് വിലയിരുത്തലുകള്‍ 2026 ഫെബ്രുവരി 28ലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നടത്താനുംഅനുമതി നല്‍കി.
അസാധാരണമായ ചെലവ് വര്‍ധനയുടെ ആഘാതം കുറക്കാനും പദ്ധതികളുടെ ലാഭക്ഷമത ഉറപ്പാക്കാനും ഇത് സഹായിച്ചു.പൊതുസമൂഹത്തെ മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളായിരുന്നു യുഎഇ ഭരണകൂടത്തിന്റേത്. സര്‍ക്കാര്‍ ഏജന്‍സികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, ബിസിനസുകള്‍ക്ക് പിന്തുണ നല്‍കുന്ന കൂട്ടായ്മകള്‍ തുടങ്ങിയ എല്ലാവരും തന്നെ സംരംഭകരെയും കുടുംബ ബിസിനസുകളെയും എസ്എംഇകളെയും പിന്തുണക്കാനായി കൈകോര്‍ത്തു. ഓഡിറ്റും ഉപദേശക സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളുടെ കാഴ്ചപ്പാടില്‍ ശ്രദ്ധേയമായ ഒരുകാര്യം യുഎഇ ആസ്ഥാനമായ സ്ഥാപനങ്ങളുടെ ഭാവിയിലെ എന്തു സാഹചര്യത്തേയും നേരിടാനുള്ള സുസജ്ജ സ്വഭാവമായിരുന്നു.
ബിസിനസുകള്‍ അതിവേഗം അടിയന്തര പ്രവര്‍ത്തന പദ്ധതികള്‍ സജീവമാക്കി, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി, വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിച്ചു, പങ്കാളികളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തി. ഈ സുസജ്ജത ഇന്ന് അവരുടെ മത്സരക്ഷമത ഉറപ്പാക്കുന്നതില്‍ മുഖ്യഘടകമായി മാറിയിട്ടുണ്ട്.
പ്രതിസന്ധിഘട്ടങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും റിസ്‌ക് മാനേജ്‌മെന്റ് ശക്തിപ്പെടുത്താനും പുതിയ വളര്‍ച്ച അവസരങ്ങള്‍ കണ്ടെത്താനുമുള്ള അവസരങ്ങളാണ്. ഇടതടവില്ലാത്ത വരുമാന സ്രോതസ്, അച്ചടക്കത്തോടെയുള്ള മൂലധന മാനേജ്‌മെന്റ്, ആരോഗ്യപരമായ തലത്തിലുള്ള പണലഭ്യത, ബിസിനസ് മോഡലുകളിലെ വൈവിധ്യം എന്നിവയിലൂടെയെല്ലാം വിജയകരമായ സംരംഭങ്ങള്‍ ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ടാവും.
പശ്ചിമേഷ്യയിലെ സംഘര്‍ഷ കാലഘട്ടം നല്‍കുന്ന പ്രധാന സന്ദേശം അതിവേഗം പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനവും ഏതൊരു സാഹചര്യങ്ങളുമായും അസാധാരണമായ വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്ന സ്വകാര്യ മേഖലയുമാണ് യുഎഇയുടെ ശക്തി എന്നതാണ്. ഇരുകൂട്ടരുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങളാണ് സമ്പദ്വ്യവസ്ഥയുടെയും വിപണി വിശ്വാസത്തിന്റെയും തുടര്‍ച്ച ഉറപ്പാക്കിയത്.
പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുള്ള കഴിവ് പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സൃഷ്ടിക്കുന്നതല്ല. അതിനുമുമ്പ് വര്‍ഷങ്ങളോളം സ്ഥാപനങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും സുസജ്ജതയിലേക്കും നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് അത് രൂപപ്പെടുന്നത്.
(UHY Jamseന്റെ സിഇയും മാനേജിങ് പാര്‍ട്ണറുമാണ് ലേഖകന്‍)
Read DhanamOnline in English
Subscribe to Dhanam Magazine