അനധികൃത താമസക്കാരെ കുടിയിറക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം പിന്തുടര്‍ന്ന് യു.കെയും. രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തി അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.
യു.എസിലേതിന് സമാനമായി കയ്യില്‍ ചങ്ങലകള്‍ അണിയിച്ച് വിമാനത്തില്‍ നാടുകടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഹോം ഓഫീസ് പുറത്തുവിട്ടിരുന്നു. നാടുകടത്തിയവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന സര്‍ക്കാറിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നിയമ പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കില്ല. ഇംഗ്ലീഷ് ചാനല്‍ കടന്ന് യു.കെയിലേക്ക് എത്തുന്നവര്‍ക്കോ ട്രക്കില്‍ ഒളിച്ചിരുന്ന് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കോ പൗരത്വത്തിന് അര്‍ഹതയുണ്ടാകില്ലെന്ന് ദി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. യാത്രാ വിമാനത്തില്‍ രാജ്യത്ത് എത്തുന്നവരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല.
നിയമവിരുദ്ധ കുടിയേറ്റത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും മറ്റ് ഉപകരണങ്ങളും കൈവശം വയ്ക്കുന്നതിന് 10 വര്‍ഷം വരെ തടവ് വിധിക്കുന്ന പുതിയ അതിര്‍ത്തി സുരക്ഷാ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. അതിനു മുന്നോടിയായാണ് പുതിയ നീക്കം.
റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സമെന്റ് സംഘങ്ങള്‍ റെയ്ഡ് നടത്തുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികള്‍, വിദേശ കുറ്റവാളികള്‍, അഭയാര്‍ത്ഥികള്‍ എന്നിവരടക്കം 19,000 പേരെ നാടുകടത്തിയതായാണ് ആഭ്യന്തര വകുപ്പിന്റെ വെളിപ്പെടുത്തല്‍. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine