Image: canva 
Economy

ഓഗസ്റ്റില്‍ റെക്കോഡിട്ട് യു.പി.ഐ, പ്രതിദിന ശരാശരി 80,000 കോടി രൂപയുടേത്! രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവം

ഏറ്റവും കൂടുതല്‍ യു.പി.ഐ ഇടപാടുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. മൊത്തം ഇടപാടിന്റെ 9.8 ശതമാനവും ഇവിടെയാണ്. കര്‍ണാടക (5.5), ഉത്തര്‍പ്രദേശ് (5.3) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍

Dhanam News Desk

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. ആകെ നടന്ന ഇടപാടുകളുടെ എണ്ണം 20 ബില്യണ്‍ കടന്നു. ജൂലൈയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.8 ശതമാനം വര്‍ധന. ജൂലൈയിലെ ആകെ ഇടപാടുകള്‍ 19.47 ബില്യണ്‍ ആയിരുന്നു.

ഇത്രയും ഇടപാടുകളുടെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസം യു.പി.ഐ ഇടപാട് 700 മില്യണ്‍ കടക്കുന്നതിനും കഴിഞ്ഞ മാസം സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു ഇത്.

യു.പി.ഐ വഴിയുള്ള ഇടപാടുകളില്‍ കൃത്യമായ വളര്‍ച്ച നേടാന്‍ സാധിക്കുന്നത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി പകരും. ജൂണില്‍ യു.പി.ഐ ഇടപാടുകള്‍ 18.40 ബില്യണ്‍ ആയിരുന്നു. ഇടപാടുകളിലൂടെയുള്ള മൂല്യം 24.04 ലക്ഷം കോടി രൂപയും.

മുന്നില്‍ മഹാരാഷ്ട്ര

ഏറ്റവും കൂടുതല്‍ യു.പി.ഐ ഇടപാടുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. മൊത്തം ഇടപാടിന്റെ 9.8 ശതമാനവും ഇവിടെയാണ്. കര്‍ണാടക (5.5), ഉത്തര്‍പ്രദേശ് (5.3) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പ്രായം കൂടിയ ആളുകളും യു.പി.ഐ ഇടപാടുകളിലേക്ക് വരുന്നുവെന്നത് ശുഭകരമായ സൂചനയാണെന്ന് അധികൃതര്‍ പറയുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിച്ചതോടെ കറന്‍സി കൈമാറ്റം കുറഞ്ഞിട്ടുണ്ട്. പ്രതിമാസം 24,554 ബില്യണ്‍ രൂപയുടെ യു.പി.ഐ ഇടപാടുകള്‍ നടക്കുമ്പോള്‍ കറന്‍സി ഇടപാടുകള്‍ 193 ബില്യണ്‍ രൂപയുടേതാണ്.

UPI hits record ₹80,177 crore daily average in August, marking India's digital payment boom

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT