upi transactions  Image : UPI (NPCI) and Canva
Economy

ഇങ്ങനെയൊരു മാസം ഇതാദ്യം! ഒക്ടോബറില്‍ കത്തിക്കയറി യു.പി.ഐ; നടന്നത് ₹27 ലക്ഷം കോടിയുടെ ഇടപാടുകള്‍

രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജി.എസ്.ടി ഇളവും വന്നതോടെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

ഒക്ടോബറില്‍ നടന്നത് റെക്കോഡ് യു.പി.ഐ ഇടാപാടുകളെന്ന് കണക്ക്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജി.എസ്.ടി ഇളവും വന്നതോടെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബറിനേക്കാള്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണത്തില്‍ 5 ശതമാനവും മൂല്യത്തില്‍ 10 ശതമാനവും വര്‍ധനയുണ്ടായി. സെപ്റ്റംബറില്‍ 1,963 കോടി ഇടപാടുകളിലൂടെ 24.9 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇക്കൊല്ലം ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ള റെക്കോഡ്. മേയില്‍ നടന്ന 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകളുടെ റെക്കോഡും ഇതോടെ തിരുത്തപ്പെട്ടു. യു.പി.ഐ നിലവില്‍ വന്ന ഏപ്രില്‍ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 66.8 കോടി ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നത്. 87,993 കോടി രൂപയുടെ യു.പി.ഐ ഇടപാടുകള്‍ രാജ്യത്ത് നടന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യു.പി.ഐ മാത്രമല്ല

അതിവേഗ ബാങ്ക് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഐ.എം.പി.എസിലും (Immediate Payment service) കാര്യമായ വര്‍ധനയുണ്ട്. സെപ്റ്റംബറിനേക്കാള്‍ മൂന്ന് ശതമാനം വര്‍ധിച്ച് 40.4 കോടി ഐ.എം.പി.എസ് ഇടപാടുകളാണ് ഒക്ടോബറില്‍ നടന്നത്. എന്നാല്‍ ഇതിന് ഇക്കൊല്ലം ഓഗസ്റ്റില്‍ ഇത്തരം ഇടപാടുകളുടെ എണ്ണം 47.4 കോടിയായിരുന്നു. ഒക്ടോബറിലെ ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തൊട്ടുമുന്‍ മാസത്തേക്കാള്‍ എട്ട് ശതമാനം വര്‍ധിച്ച് 36.1 കോടി ഇടപാടുകളാണ് ഫാസ്റ്റാഗില്‍ നടന്നത്. ഏതാണ്ട് 6,686 കോടി രൂപയാണ് ഇതിന്റെ മൂല്യം. പ്രതിദിനം 216 കോടി രൂപയുടെ ഇടപാടുകളാണ് ഫാസ്റ്റാഗില്‍ നടന്നതെന്നും കണക്കുകള്‍ പറയുന്നു.

ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലെ (AePS) കണക്കുകളിലും കാര്യമായ വര്‍ധനയുണ്ട്. സെപ്റ്റംബറില്‍ 10.6 കോടിയായിരുന്ന എ.ഇ.പി.എസ് ഇടപാടുകള്‍ ഒക്ടോബറില്‍ 6 ശതമാനം വര്‍ധിച്ച് 11.2 കോടിയിലെത്തി. ഏതാണ്ട് 30,509 കോടി രൂപ കൈമാറ്റം ചെയ്തതായും കണക്കുകള്‍ പറയുന്നു. പ്രതിദിനം 984 കോടി രൂപയുടെ ഇടപാടുകളാണ് ഈ രൂപത്തില്‍ നടന്നത്.

UPI transaction value reached a record ₹27 trillion in October 2025, driven by festival spending and digital payments growth.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT