Economy

ഇറാൻ ഉപരോധം: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്  

Dhanam News Desk

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുസംബന്ധിച്ച് ഇന്ത്യയ്ക്ക് താൽക്കാല ആശ്വാസം. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ എതിർക്കില്ലെന്ന് യുഎസ് അറിയിച്ചു.

നവംബർ അഞ്ചുമുതല്‍ ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ലോകരാജ്യങ്ങൾ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് യുഎസ് ഇതേവരെ സ്വീകരിച്ചിരുന്നത്.

എന്നാൽ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ താല്‍ക്കാലികമാണെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. വരും മാസങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാന്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കും.

എണ്ണയെ ആശ്രയിച്ച് നിൽക്കുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ തളർത്താനും അതുവഴി ആ രാജ്യത്തിൻറെ ആണവ പ്രവർത്തങ്ങൾക്ക് തടയിടാനുമാണ് ട്രംപ് ശ്രമിക്കുന്നത്.

2015ല്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇറാനുമായി യുഎസ് അടക്കമുള്ള ഏഴ് രാജ്യങ്ങള്‍ ഒപ്പുവച്ച ആണവ കരാറിനെ തുടര്‍ന്നാണ് ഇറാന് മേലുള്ള ഉപരോധം യുഎസ് നീക്കിയത്. എന്നാൽ ഇത് പുനസ്ഥാപിക്കാനാണ് ട്രംപിന്റെ നീക്കം.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ യുഎസിന്‍റെ ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്.

കറൻസി വിലയിടിവും വർധിച്ച ഇറക്കുമതിച്ചെലവും ഉയർന്ന കറന്റ് എക്കൗണ്ട് കമ്മിയും മൂലം സമ്മർദ്ദത്തിലായ ഇന്ത്യയ്ക്ക് ഇറാനുമായുള്ള എണ്ണ വ്യാപാരം ആശ്വാസകരമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT