അമേരിക്കന്‍ ഓഹരി വിപണി ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലകളിലാണ്. എന്നാല്‍ ഈ ഉയര്‍ച്ചക്കു പിന്നില്‍ ആശങ്കാജനകമായ ചില സൂചനകളുണ്ട്. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മൂന്ന് പ്രധാന മുന്നറിയിപ്പുകളാണ് - നിക്ഷേപകരുടെ മനോഭാവം, ഉപഭോക്തൃ ആത്മവിശ്വാസം, ഓഹരി മൂല്യ നിര്‍ണയം.
സാധാരണയായി വിപണി ഉയരുമ്പോള്‍ നിക്ഷേപകരുടെ ആത്മവിശ്വാസവും ഉയരും. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. വിപണി ഉയരുമ്പോഴും നിക്ഷേപകര്‍ ബെയറിഷ് (bearish) മനോഭാവത്തിലാണ്. ഇത് ഒരു സൂചനയാണ്. ചരിത്രപരമായി നോക്കിയാല്‍, ഇത്തരം സാഹചര്യങ്ങള്‍ക്കു പിന്നാലെ വിപണിയില്‍ ഇടിവ് വന്നിട്ടുള്ളത് കാണാം. ലളിതമായി പറഞ്ഞാല്‍ വിപണി ഉയരുന്നു, പക്ഷേ ആളുകള്‍ വിശ്വസിക്കുന്നില്ല.
അമേരിക്കയിലെ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക (consumer confidence) ഇപ്പോള്‍ വളരെ താഴ്ന്ന നിലയിലാണ്. ഇത് ജോലി, വരുമാനം, ചെലവ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ കാണിക്കുന്നതാണ്. ആത്മവിശ്വാസം കുറയുമ്പോള്‍ ആളുകള്‍ ചെലവ് കുറയ്ക്കും. എന്തുകൊണ്ട് ഇക്കാര്യം പ്രധാനമാണ്? അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 70% ഉപഭോഗം (consumption) അടിസ്ഥാനമാക്കിയതാണ്. ചെലവ് കുറഞ്ഞാല്‍ കമ്പനികളുടെ വരുമാനം കുറയും. പിന്നീട് ഓഹരി വിലകളും ബാധിക്കും.
വിപണി 'ഹാപ്പി', ഉപഭോക്താക്കള്‍ക്ക് 'ടെന്‍ഷന്‍' എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഓഹരി വിലകള്‍ കൂടുതലായി 'ഓവര്‍വാല്യുവേഷന്‍' മേഖലയിലെത്തി. അമേരിക്കന്‍ ഓഹരികളുടെ വില ഇപ്പോള്‍ മുന്‍കാല ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്നു. ഭാവിയിലെ ലാഭം മുന്‍കൂട്ടി കണക്കാക്കി ഉയര്‍ന്ന വിലയിലാണ് പല ഓഹരികളും. ചെറിയ നിരാശ സംഭവിച്ചാല്‍ പോലും വലിയ ഇടിവിന് സാധ്യതയുണ്ട്.
ഈ സൂചനകള്‍ ഓരോന്നും ഒറ്റക്കാണ് വരുന്നതെങ്കില്‍ ടെന്‍ഷന്റെ പ്രശ്‌നമില്ല. എന്നാല്‍ ഇപ്പോള്‍ 1. നിക്ഷേപകര്‍ ആശങ്കയില്‍ 2. ഉപഭോക്താക്കള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയില്‍ 3. ഓഹരികള്‍ വില കൂടിയ നിലയില്‍. ഇത്തരമൊരു നില സാധാരണയായി വിപണിയിലെ തിരുത്തലിന്റെ പ്രാരംഭ ഘട്ടമായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ തന്നെയാണ് കഥ തിരിയുന്നത്. ആഗോള തലത്തില്‍ നിന്ന് പണം ഇന്ത്യയിലേക്ക് ഒഴുകാം. അമേരിക്കയില്‍ ഇടിവ് വന്നാല്‍ വിദേശ നിക്ഷേപകര്‍ (FIIs) പണം പിന്‍വലിക്കും. വളര്‍ച്ചയുള്ള വിപണികളിലേക്ക് അവര്‍ മാറും. ഇത് ഇന്ത്യക്ക് ഗുണകരമാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, സ്ഥിരതയുള്ള നയങ്ങള്‍, വലിയ ഉപഭോഗ വിപണി എന്നിവ ഇന്ത്യക്ക് അനുകൂല ഘടകങ്ങള്‍.
ഗ്ലോബല്‍ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് എത്തിയാല്‍ ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ക്ക് അത് ഗുണകരമാവും. അടിസ്ഥാന സൗകര്യ മേഖലയിലും വളര്‍ച്ച വേഗത്തിലാവും. നിര്‍മാണ രംഗത്തും അവസരം ഒരുങ്ങും. എന്നാല്‍ യു.എസിനെ ആശ്രയിച്ചു നില്‍ക്കുന്ന ഐ.ടി മേഖലയില്‍ സമ്മിശ്രമായ പ്രതികരണമാണ് പ്രതീക്ഷിക്കേണ്ടത്.
2008ലെപ്പോലെ യു.എസ് വിപണി ഉടനടി ഇടിയാന്‍ പോകുന്നുവെന്നല്ല ഇതില്‍നിന്നെല്ലാം മനസിലാക്കേണ്ടത്. പക്ഷേ ഒരു വലിയ മുന്നറിയിപ്പ് ആണ്. നിര്‍മിത ബുദ്ധിയുടെ ശേഷിയെക്കുറിച്ച അമിത പ്രതീക്ഷകളുടെ ആരവത്തിനിടയില്‍ ഓവര്‍ഹീറ്റ് ആയിരിക്കുന്ന അമേരിക്കന്‍ ഓഹരി വിപണിയില്‍ നല്ലൊരു ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. ഒരു തിരുത്തല്‍ നടക്കാന്‍ ഏതെങ്കിലും പ്രതിസന്ധി രൂപപ്പെടണമെന്നില്ല. പ്രതികൂലമായൊരു വാര്‍ത്ത പോലും വിപണിയെ 15 ശതമാനം വരെ ഇടിവിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വരുമാനം സംബന്ധിച്ച നിരാശകള്‍, ഉയര്‍ന്ന എണ്ണ വില, കൂടിയ പലിശ നിരക്ക്, നിര്‍മിത ബുദ്ധിയുടെ ആവേശ ചോര്‍ച്ച എന്നിവയൊക്കെ അതിനു കാരണമാകാം. അമേരിക്കന്‍ ഇടിവ് ഉടനടി ഇന്ത്യക്ക് ഗുണകരമാകണമെന്നില്ല. വില്‍പന സമ്മര്‍ദം നേരിടേണ്ടിയും വരാം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് പോസിറ്റീവാണ്.
Read DhanamOnline in English
Subscribe to Dhanam Magazine